വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബിജെപി എംഎല്‍എ. തരിക്കേരെ എം.എല്‍.എ ഡി.എസ് സുരേഷാണ് അപകടമുണ്ടായി റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് നിന്നത്. കോവിഡ് ചികിത്സ രംഗത്ത് സജീവമായ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേശ് കുമാറാണ് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് ഡോ. രമേശ് കുമാറിനെ അജ്ഞാത വാഹനം ഇടിക്കുന്നത്. സംഭവം നടന്ന് അല്‍പസമയത്തിനകം എം.എല്‍.എയും വാഹനവും അപകടസ്ഥലത്തെത്തിയിരുന്നു. വാഹനം അല്‍പദൂരം മാറ്റി നിര്‍ത്തി എം.എല്‍.എയുടെ ഗണ്‍മാന്‍ പുറത്തിറങ്ങി അപകട സ്ഥലത്ത് വന്ന് നോക്കിയ ശേഷം ആംബുലന്‍സിനെ വിളിക്കുകയായിരുന്നു. എം.എല്‍.എ ഡി.എസ് സുരേഷ് വാഹനത്തിന് പുറത്തിറങ്ങാന്‍ പോലും തയാറായില്ല.

20 മിനിട്ട് കഴിഞ്ഞാണ് ആംബുലന്‍സ് അപകടസ്ഥലത്തെത്തുന്നത്. അത് വരെ വാഹനത്തിലിരുന്ന എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഡോക്ടറെ ആശുപത്രിയിലെത്തിക്കാനെ സംഭവസ്ഥലം സന്ദര്‍ശിക്കാനോ തയറായില്ല. ചികിത്സകിട്ടാന്‍ വൈകിയതോടെ ഡോക്ടര്‍ റോഡില്‍ കിടന്ന് മരിക്കുകയായിരുന്നു.

രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയറാകാതെ എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പത്ത് മിനിട്ട് നേരെത്തെയെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.