ലൈംഗിക പീഡാനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു ക്യാമ്പയിനില്‍ തനിക്ക് വിശ്വാസമില്ലെന്ന് നടി ഷക്കീല. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്തടിക്കണമായിരുന്നു. എനിക്കും ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതെല്ലാം വെല്ലുവിളിയായി കരുതി ജീവിച്ചുകാണിക്കുകയാണ് ഞാന്‍ ചെയ്തത്- ഷക്കീല പറഞ്ഞു.

തന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സ് തുറന്നത്. മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും എന്നെ ഓര്‍മ്മയില്ല. എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. എന്നാല്‍ ആഗ്രഹിച്ച വേഷങ്ങള്‍ കിട്ടിയില്ല. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് വന്നപ്പോള്‍ എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. നാല് വര്‍ഷത്തോളം ഞാന്‍ ജോലിയില്ലാതെ ഇരുന്നു- ഷക്കീല പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയാണ്. കൊച്ചുകുട്ടികളോട് ലൈംഗികമായി പെരുമാറുന്നവരോട് ക്ഷമിക്കാന്‍ കഴിയില്ല. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉറങ്ങാന്‍ സാധിക്കാറില്ലെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.

കമല്‍ഹാസന്റെ കടുത്ത ആരാധികയാണ് ഞാന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഷക്കീല പറഞ്ഞു.