ന്യൂഡല്‍ഹി: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെതിരെ പരാതി പ്രളയം. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മുകുള്‍ വാസ്നിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയത്.
ഇതേതുടര്‍ന്ന് രാഹുല്‍ ഗാന്ധി മുകുള്‍ വാസ്നിക്കിനോട് സംഭവത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി ആഞ്ഞടിക്കുന്ന പ്രതിഷേധത്തില്‍ സംസ്ഥാന നേതാക്കള്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രശ്നത്തില്‍ പരിഹാരം ആയില്ലെങ്കില്‍ മാത്രം ഇടപെടാമെന്നുമാണ് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുള്ളത് എന്നാണ് സൂചന.

നേരത്തെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു കേരളത്തിന്റെ ചുമതലയുള്ള വാസ്നിക്കിനെതിരെ പരാതി ഉയര്‍ന്നത്. സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിഞ്ഞിട്ടും യഥാര്‍ത്ഥ വസ്തുത അദേഹം രാഹുല്‍ ഗാന്ധിയെ അറിയിച്ചില്ലായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായമെന്താണെന്ന് ക്യത്യമായി മുകുള്‍ വാസ്നിക് രാഹുല്‍ ഗാന്ധിയെ അറിയിക്കണമെന്നും അല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും നേതാക്കള്‍ പറയുന്നു.