ഏബ്രഹാം കുര്യൻ

പ്രവാസി മലയാളികളുടെ കുട്ടികളുടെ മലയാള ഭാഷാ പഠന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാനായി, കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ പഠന കേന്ദ്രങ്ങളിലുമുള്ള കുട്ടികൾക്ക്, സർട്ടിഫിക്കറ്റ് കോഴ്സായ ‘കണിക്കൊന്ന’യുടെ മൂല്യനിർണ്ണയമായ പഠനോത്സവം 2021 ഏപ്രിൽ 10 ന് നടത്തുന്നു. എല്ലാ മേഖലകളിലെയും പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ അതാത് മേഖലകളിലെ കോർഡിനേറ്റർമാർക്ക് 2021 ഫെബ്രുവരി 10 നകം നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .

കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുകയാണെങ്കിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും പഠനോത്സവം സംഘടിപ്പിക്കുന്നത്. വിശദാംശങ്ങൾ മേഖല കോർഡിനേറ്റർമാർ അതാത് മേഖലകളിൽ പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിലെ പ്രധാന അധ്യാപകരെ അറിയിക്കുന്നതാണ്.

മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ , വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ് , പ്രവർത്തക സമിതി കൺവീനർ ഇന്ദുലാൽ സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഠനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപം കൊടുക്കുന്ന പ്രത്യേക സമിതിയാണ് പഠനോത്സവത്തിന്റെ ചുമതല നിർവ്വഹിക്കുന്നത്.

മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ യുടെ മൂല്യനിർണയമാണ് പഠനോത്സവം ആയി 2021 ഏപ്രിൽ 10ന് യുകെയിലെ പഠന കേന്ദ്രങ്ങളിൽ നടത്തുന്നത് . ഡിപ്ലോമ കോഴ്സ്സായ ‘സൂര്യകാന്തി’, ഹയർ ഡിപ്ലോമ കോഴ്സായ ‘ആമ്പൽ’, സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ ‘നീലകുറിഞ്ഞി’ എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .

പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ മലയാളം മിഷൻ പ്രവർത്തിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി മലയാളം മിഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ വ്യാപിച്ചിരിക്കുന്നു . ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. മലയാളം മിഷന്റെ ചെയർമാൻ ബഹു മുഖ്യമന്ത്രിയും ഡെപ്യൂട്ടി ചെയർമാൻ ബഹു സാംസ്കാരിക വകുപ്പ് മന്ത്രിയുമാണ്. പ്രൊഫ സുജ സൂസൻ ജോർജാണ് ഡയറക്ടർ. ശ്രീ എം സേതുമാധവൻ രജിസ്ട്രാർ ആയും ഡോ എം റ്റി ശശി പ്രധാന അദ്ധ്യാപക പരിശീലകൻ ആയും സേവനം അനുഷ്ഠിക്കുന്നു.

യു കെ യിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ 2017 സെപ്തംബർ 22 ന് ലണ്ടനിൽ വെച്ചു ബഹു സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ ഭൂപ്രകൃതി അനുസരിച്ച് തിരിച്ച ആറു മേഖലകളിലായി, 43 സ്കൂളുകളും, 109 അദ്ധ്യാപകരും, 625 പഠിതാക്കളും റജിസ്റ്റർ ചെയ്തിട്ടുണ്ട് . കൂടാതെ ഓൺലൈനിൽ നൂറോളം മലയാളം മിഷൻ യു കെ ചാപ്റ്റർ അധ്യാപകർക്ക്, മലയാളം മിഷന്റെ പ്രധാന അധ്യാപക പരിശീലകനായ ഡോ എം ടി ശശിയുടേയും മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധൻ്റെയും നേതൃത്വത്തിൽ ഓൺലൈൻ പ്രാഥമിക പരിശീലനവും നൽകുകയുണ്ടായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീ സി. എ ജോസഫ് പ്രസിഡന്റും ശ്രീ ഏബ്രഹാം കുര്യൻ സെക്രട്ടറിയുമായുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭരണ സമിതിയുടെ മേൽനോട്ടത്തിൽ മിഡ് ലാൻഡ് സ് മേഖലാ കോർഡിനേറ്റർ ശ്രീ ആഷിക് മുഹമ്മദ് നാസർ, നോർത്ത് മേഖലാ കോർഡിനേറ്റർ ശ്രീ ജനേഷ് സി എൻ, സൗത്ത് ഈസ്റ്റ് മേഖലാ കോർഡിനേറ്റർ ശ്രീ ബേസിൽ ജോൺ എന്നിവരുടെ മുഖ്യ ചുമതലയിൽ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് ഭാഷാ പ്രചാരണത്തിനായുള്ള ശതദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവ് വിജയകരമായി പുരോഗമിക്കുന്നു. അതോടൊപ്പം മലയാളം മിഷൻ യു കെ ചാപ്റ്ററിൻ്റെ ചിരകാല അഭിലാഷമായ പഠനോത്സവം ഏപ്രിൽ 10ന് യാഥാർത്ഥ്യം ആകുവാനും പോകുന്നു.
മലയാളം മിഷൻ യു കെ ചാപ്റ്ററിലെ പരമാവധി പഠിതാക്കളെ ആദ്യഘട്ടത്തിൽ ‘കണിക്കൊന്ന’ മൂല്യ നിർണ്ണയമായ പഠനോത്സവത്തിൽ പങ്കെടുപ്പിക്കണമെന്നാണ് പ്രവർത്തക സമിതി ആഗ്രഹിക്കുന്നത് .

രണ്ടു തരത്തിൽ പഠിതാക്കൾക്ക് കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുക്കാം. കുറഞ്ഞത് രണ്ടു വർഷത്തെയെങ്കിലും പഠന കേന്ദ്രങ്ങളിലെ കൃത്യമായ പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയവർക്കും, ലാറ്ററൽ എൻട്രിയിലൂടെ, മേഖലാ കോർഡിനേറ്ററുടേയും ചാപ്റ്റർ സെക്രട്ടറിയുടെയും, പഠിതാവ് പഠന നിലവാരം കൈവരിച്ചിട്ടുണ്ട് എന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ, നേരിട്ടും പഠനോത്സവത്തിൽ പങ്കെടുക്കാം. ഭാഷാപരമായ നിലവാരം, പഠന നേട്ടങ്ങൾ എന്നിവ ആർജിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമെ മേഖലാ കോർഡിനേറ്ററും ചാപ്റ്റർ സെക്രട്ടറിയും ലാറ്ററലായി പ്രവേശനോത്സവത്തിന് മലയാളം മിഷനിലേക്ക് ശുപാർശ ചെയ്യുകയുള്ളു. സ്റ്റഡി സെന്ററിലെ കൃത്യമായ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി നിലവാരത്തിൽ എത്തി എന്നു കരുതുന്ന കുട്ടികളുടെ ലിസ്റ്റ് മലയാളം മിഷനിലെ രജിസ്ട്രേഷൻ നമ്പർ, മുഴുവൻ പേര് (ഇംഗ്ലിഷിലും മലയാളത്തിലും) സ്റ്റഡി സെന്ററിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ മാർക്ക് (പരമാവധി 40% ) എന്നിവ സഹിതം മേഖലാ കോർഡിനേറ്റർമാരെ അറിയിക്കുകയും മേഖലാ കോർഡിനേറ്റർമാർ ചാപ്റ്റർ സെക്രട്ടറിയെയും, ചാപ്റ്റർ സെക്രട്ടറി മലയാളം മിഷനെയും അറിയിക്കുന്നതുയിരിക്കും. ബാക്കി 60% മൂന്നു മണിക്കൂർ കൊണ്ട് ഓൺലൈനിലൂടെ നടത്തുന്ന ആറ് പഠനോത്സവ പ്രവർത്തനങ്ങളിലൂടെ നൽകുന്നതാണ് .

ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്നും, യുകെ ചാപ്റ്ററിലെ എല്ലാ പഠന കേന്ദ്രങ്ങളിലെയും കുട്ടികൾ പങ്കെടുത്തു ‘കണിക്കൊന്ന’ പഠനോത്സവം വിജയിപ്പിക്കണമെന്നും, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതിക്ക് വേണ്ടി പ്രസിഡണ്ട് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്, പ്രവർത്തക സമിതി കൺവീനർ ഇന്ദുലാൽ സോമൻ എന്നിവർ അഭ്യർത്ഥിച്ചു.

‘കണിക്കൊന്ന’പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ 2021 ഫെബ്രുവരി 10 ന് മുൻപായി നടത്തേണ്ടതാണ് . രജിസ്ട്രേഷൻ നടത്തുന്നതിനുവേണ്ടി താഴെ പറയുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ് .

1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോഡിനേറ്റർ- 07869400005 )
6. എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോഓർഡിനേറ്റർ-07702686022)

പൊതുവായ അന്വേഷണങ്ങൾക്ക് യുകെ ചാപ്റ്റർ സെക്രട്ടറി ഏബ്രഹാം കുര്യനെ (07882 791150) മൊബൈൽ നമ്പറിലും താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

[email protected]

മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രവർത്തക സമിതിയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പ്രവർത്തക സമിതിയുടെ ശുപാർശയിൽ, 3 വനിതകളെ കൂടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നിയമിച്ചു. കെന്റിലെ ചിസ്സൽഹസ്റ്റിൽ പ്രവർത്തിക്കുന്ന സെൻറ് മാർക്ക് മിഷൻ സ്കൂളിലെ പ്രധാന അധ്യാപിക വിനീത എം ചുങ്കത്ത് , സമീഷ എക്സിറ്റർ പഠന കേന്ദ്രത്തിലെ അധ്യാപിക രാജി ഷാജി, ലണ്ടൻ ഡെറി ഹരിശ്രീ പഠന കേന്ദ്രത്തിലെ അധ്യാപിക ദീപ സുലോചന എന്നിവരെയാണ് പ്രവർത്തക സമിതിയിൽ നിയമിച്ചത് . ഇവർ ഉൾപെടെ ഇപ്പോൾ 19 അംഗ പ്രവർത്തക സമിതി ആണ് യുകെ ചാപ്റ്ററിന് ഉള്ളത് . പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തക സമിതി അംഗങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നതായി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും അറിയിച്ചു.