മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളത്തിലെ ഉത്തരാധുനിക കവി പി.എൻ ഗോപീകൃഷ്ണൻ ഇന്ന് 4 പി എം ന് (5/12/20) സംവദിക്കുന്നു

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളത്തിലെ ഉത്തരാധുനിക കവി പി.എൻ ഗോപീകൃഷ്ണൻ ഇന്ന് 4 പി എം ന് (5/12/20) സംവദിക്കുന്നു
December 05 05:18 2020 Print This Article

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ ഇന്ന് ഡിസംബർ 5 ശനിയാഴ്ച 4 പി എം ന് മലയാളത്തിലെ ഉത്തരാധുനിക കവികളിലൊരാളായ ശ്രീ പി.എൻ ഗോപീകൃഷ്ണൻ ‘മലയാളവും മലയാളിയും’ എന്ന വിഷയത്തിൽ സംവദിക്കുന്നു. സത്യത്തെ മൂടുപടമില്ലാതെ അവതരിപ്പിക്കുന്ന അദ്ദേഹം എഴുത്തിൻ്റെ വേദനയെയും കഷ്ടപ്പാടിനെയും സത്യസന്ധമായി അവതരിപ്പിക്കാൻ ധൈര്യം കാട്ടുന്നു. ഒരു കവിതയെ പതിനഞ്ചോളം പ്രാവശ്യം ശുദ്ധീകരിച്ചാണ് താൻ വെളിച്ചം കാണിക്കുന്നതെന്ന് പറയുന്ന കവി കവിതയുടെ പിന്നിലുള്ള അദ്ധ്വാനത്തെ തുറന്നു കാട്ടുന്നു. ഔദ്യോഗിക ജീവിതത്തിൽ സാമ്പത്തിക രംഗത്ത് കേരളത്തിൻ്റെ അഭിമാനമായ കെ എസ് എഫ് ഇ യുടെ മാനേജരായി അക്കങ്ങളുമായി മല്ലടിക്കുമ്പോൾ തന്നെ സാഹിത്യത്തിന് സമയം കണ്ടെത്തി മൂന്ന് പതിറ്റാണ്ടിലേറെ സാഹിത്യ രംഗത്ത് ശോഭിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രീ. പി. എൻ ഗോപീകൃഷ്ണൻ 5 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. അതിൽ ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്ന കവിതാ സമാഹാരത്തിന് 2014 ലെ കേരള സാഹിത്യ അക്കാദമി അവാർഡിനൊപ്പം അയനം എ അയ്യപ്പൻ അവാർഡ് ,കെ ദാമോദരൻ പുരസ്കാരം എന്നിവ ലഭിച്ചു. ‘പായൽ’ എന്ന കവിതക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡോ പി കെ രാജൻ പുരസ്കാരവും ‘എൻ്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീ അവസാനത്തെ സ്ത്രീയോട് പറയുന്നത്’ എന്ന കവിതാ സമാഹാരത്തിന് മുല്ലനേഴി പുരസ്കാരവും കൂടാതെ സമഗ്ര സംഭാവനക്ക് കുഞ്ഞുണ്ണി സ്മൃതി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

‘ ദൈവത്തെ മാറ്റിയെഴുതുമ്പോൾ’ എന്ന ലേഖന സമാഹാരവും ‘അക്കയും സിസ്റ്ററും – ലാറ്റിനമേരിക്കൻ ഇന്ത്യൻ കവിതയിലെ സ്ത്രീ സമാന്തരങ്ങൾ’ എന്ന സാഹിത്യ പഠനവും ശ്രീ പി എൻ ഗോപീകൃഷ്ണൻ്റെ സംഭാവനയാണ്. ‘നാഥുറാം ഗോഡ്സേയും ഹിന്ദുത്വത്തിൻ്റെ സത്യാന്തര പരീക്ഷകളും’ അദ്ദേഹത്തിൻ്റെ കൃതിയാണ്. മുന്നൂറു രാമായണങ്ങൾ, അതേ കടൽ തുടങ്ങിയ വിവർത്തനങ്ങൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്തതോടൊപ്പം ഒളിപ്പോര് , പാതിരാക്കാലം. സൈലൻസർ, ജ്യാലാമുഖി എന്നീ തിരക്കഥകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. ഇതിൽ പാതിരാക്കാലം കൊൽക്കത്ത, പൂന, ബാംഗ്ളൂർ, ജയ്പ്പൂർ ഫിലിം ഫെസ്റ്റിവലുകളിലും സൈലൻസർ IFFK യിലും പ്രദർശിപ്പിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ശനിയാഴ്ച ഗോൾഡ് 101.3 FM ൻ്റെ ന്യൂസ് എഡിറ്ററായ ശ്രീ താൻസി ഹാഷിറിൻ്റെ ‘പ്രവാസികളുടെ ഭാഷാ പരിജ്ഞാനവും മാധ്യമങ്ങളുടെ ഭാഷാ പ്രയോഗങ്ങളും’ എന്ന വിഷയത്തിൽ നടന്ന സംവാദം ആയിരക്കണക്കിന് ആളുകളാണ് ശ്രവിച്ചത് . അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (5/12/2020) ശനിയാഴ്ച വൈകിട്ട് യുകെ സമയം 4 PM, ഇൻഡ്യൻ സമയം 9.30 PM ലുമാണ് പി എൻ ഗോപീകൃഷ്ണൻ്റെ ‘മലയാളവും മലയാളിയും’ എന്ന പ്രഭാഷണം നടക്കുന്നത് . തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും പ്രവർത്തക സമിതി ആഹ്വാനം ചെയ്യുന്നു.
https://www.facebook.com/MAMIUKCHAPTER/live/-

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles