മലയാളം യുകെ ന്യൂസ് ടീം.
ലെസ്റ്ററിൻറെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടുന്ന ദിനത്തിനായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു. ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ മലയാളം യുകെ ഓൺലൈൻ ന്യൂസ് ഒരുക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആഘോഷമായി മാറുന്നു. ഈ ആഘോഷത്തിന് പത്തരമാറ്റ് പകിട്ടേകി കൊണ്ട് നൂറ്റമ്പതു കോടി ക്ലബ്ബിലേയ്ക്ക് മലയാള സിനിമയെ നയിച്ച പ്രമുഖ സംവിധായകൻ വൈശാഖ് കുടുംബസമേതം അവാര്‍ഡ് നൈറ്റ് വേദിയിലെത്തി ചേരുന്നു. മെയ് 13 ശനിയാഴ്ച ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് യുകെ മലയാളികളെ സാക്ഷിയാക്കി മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ വൈശാഖ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും. 2005 ൽ പുറത്തിറങ്ങിയ കൊച്ചി രാജാവ് മുതൽ പോക്കിരി രാജ, സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ് തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും ചരിത്രമായി മാറിയ പുലി മുരുകന്‍ വരെയുള്ള മഹത്തായ കലാ സൃഷ്ടികളിലൂടെ മലയാള സിനിമാ ലോകത്തിൻറെ അഭിമാന താരമായ വൈശാഖിൻറെ സാന്നിദ്ധ്യം ആഘോഷത്തിൻറെ മാറ്റുകൂട്ടും.
കുടുംബ സമേതമാണ് വൈശാഖ് അവാർഡ് നൈറ്റിൽ പങ്കെടുക്കുക. വൈശാഖിനൊപ്പം പത്നി നീന വൈശാഖ്, മക്കളായ ഇസബെല്‍, ദേവ് എന്നിവരും അവാര്‍ഡ് നൈറ്റ് വേദിയില്‍ താരപ്പൊലിമയേകും. യുകെ മലയാളി സമൂഹത്തിലെ ആദരണീയ വ്യക്തിത്വങ്ങളെയും മികവുറ്റ അസോസിയേഷനുകളെയും കാരുണ്യ സ്പര്‍ശം നല്‍കുന്ന സംഘടനകളേയും അംഗീകരിക്കുന്ന അവാർഡ് നൈറ്റിൻറെ മുഖ്യാതിഥി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ്. ഒപ്പം വിശിഷ്ടാതിഥിയായി ഇടുക്കിയില്‍ നിന്നുള്ള ജനകീയനായ എം.പി. ജോയിസ് ജോര്‍ജ്ജും പങ്കെടുക്കും.
മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒൻപതു വരെയും ലെസ്റ്ററിലെ റാവൻസ് ബ്രിഡ്ജ് ഡ്രൈവിലുള്ള മെഹർ കമ്യൂണിറ്റി സെന്ററിലാണ് അവാർഡ് നൈറ്റ് നടക്കുന്നത്. ഇരുന്നൂറിലേറെ പ്രതിഭകൾ 40 ലേറെ വർണ വിസ്മയമൊരുക്കുന്ന പ്രകടനങ്ങളുമായി എത്തുന്ന കലാസന്ധ്യയുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്. ദൂര സ്ഥലങ്ങളില്‍ നിന്നുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും കോച്ചുകൾ ബുക്കു ചെയ്താണ് പങ്കെടുക്കുന്നവർക്ക് സൗകര്യമൊരുക്കുന്നത്. 2000 ലേറെ പേർക്ക് സൗകര്യപ്രദമായി ഇരുന്ന് പരിപാടികള്‍ വീക്ഷിക്കുന്നതിനുള്ള സൗകര്യം മെഹർ സെന്ററിലുണ്ട്. 350 ലേറെ കാറുകൾക്കുള്ള പാർക്കിംഗ് സൗകര്യവുമുണ്ട്.
മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെയും ഇൻറർനാഷണൽ നഴ്സസ് ഡേ ആഘോഷത്തിലേയ്ക്കുമുള്ള പ്രവേശനവും കാര്‍ പാര്‍ക്കിംഗും തീര്‍ത്തും സൗജന്യമാണ്. മിതമായ നിരക്കിൽ ലെസ്റ്റർ കേരള കമ്യൂണിറ്റി വൈവിധ്യമായ കേരളീയ, ഇംഗ്ലീഷ് വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. അഭൂതപൂർവ്വമായ സഹകരണമാണ് മലയാളി സമൂഹത്തിൽ നിന്ന് അവാർഡ് നൈറ്റിൻറെ വിജയത്തിനായി ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് യുകെയിലെ ഏറ്റവും ജനപ്രിയ ചാനലായി മാറിയ മാഗ്നാവിഷനും യുകെയിലെ ആദ്യ മലയാളം റേഡിയോ ആയ ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിൻറെ മീഡിയ പാർട്ണർമാരാണ്.
സമയക്ലിപ്തത പാലിച്ചുകൊണ്ട് പ്രോഗ്രാമുകൾ സ്റ്റേജിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പ്രോഗ്രാം കമ്മറ്റി. സ്റ്റേജ് ഷോകൾ അനിയന്ത്രിതമായി നീണ്ടു പോവുന്ന പതിവിനു അന്ത്യം കുറിക്കാൻ തീരുമാനിച്ച് കൊണ്ട് കൃത്യ സമയത്ത് തന്നെ പ്രോഗ്രാമുകള്‍ ആരംഭിച്ച് പ്രഖ്യാപിത സമയത്തിനുള്ളില്‍ തന്നെ തീര്‍ക്കാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി.
യുകെയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആഘോഷങ്ങളിൽ പങ്കെടുക്കും. യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, സാംസ്കാരിക സംഘടനകളായ ചേതന, സമീക്ഷ തുടങ്ങിയ നിരവധി സംഘടനകളുടെ ഭാരവാഹികള്‍ അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേരും. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ വിവിധ പരിപാടികൾ ചടങ്ങിനോട് അനുബന്ധിച്ച് നടക്കും. മികച്ച അസോസിയേഷനുകൾക്കും ചാരിറ്റിയുൾപ്പെടെ വിവിധ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവച്ച പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും എക്സൽ അവാർഡുകൾ സമ്മാനിക്കും. നഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കും. ലേഖന മത്സരത്തിൽ ലിങ്കൺ ഷയറിൽ നിന്നുള്ള ഷെറിൻ ജോസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിൻ രണ്ടാമതും ബർമ്മിങ്ങാമിൽ നിന്നുള്ള ബിജു ജോസഫ് മൂന്നാമതും എത്തി.
റാമ്പിന്റെ രാജകുമാരിമാർ ക്യാറ്റ് വാക്കിൻറെ അകമ്പടിയോടെ സ്റ്റേജിൽ എത്തുന്ന മിസ് മലയാളം യുകെ മത്സരം ആയിരിക്കും അവാര്‍ഡ് നൈറ്റ് വേദിയിലെ മറ്റൊരു ആകര്‍ഷണം. സൗന്ദര്യവും ബുദ്ധിശക്തിയും ഒത്ത് ചേര്‍ന്ന എട്ട് മിടുക്കികള്‍ അണിനിരക്കുന്ന മിസ്സ് മലയാളം യുകെ മത്സരം മൂന്ന് റൗണ്ടുകള്‍ ആയാണ് നടക്കുക. മത്സരത്തിനുള്ള ആദ്യ ഗ്രൂമിംങ്ങ് സെഷൻ ലെസ്റ്ററിൽ ശനിയാഴ്ച നടന്നു. ഗ്ലോസ്റ്ററിൽ നിന്നുള്ള ജൂലിയറ്റ് മരിയ സെബാസ്റ്റ്യൻ, വാറ്റ് ഫോർഡിൽ നിന്നും സഹോദരിമാരായ മെറിറ്റ ജോസ്, ബെല്ലാ ജോസ്, നനീറ്റെണിൽ നിന്നും സ്നേഹാ സെൻസ്, ഡെർബിയിൽ നിന്ന് ഇരട്ടകളായ സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി, ലെസ്റ്ററിൽ നിന്നും ഹെലൻ മരിയ ജെയിംസ്, അൻജോ ജോർജ് എന്നിവരുമാണ് മിസ് മലയാളം യുകെ 2017ൽ പങ്കെടുക്കുന്നത്. നീന വൈശാഖ് ആയിരിക്കും മിസ്സ് മലയാളം യുകെ മത്സരത്തിലെ വിജയികളെ കിരീടം അണിയിക്കുന്നത്.
പ്രോഗ്രാം ആങ്കറിംഗിലെ പ്രതിഭകളായ മോനി ഷിജോ, റോബി മേക്കര എന്നിവരാണ് മിസ് മലയാളം യുകെ മത്സരത്തിൽ സ്റ്റേജിൽ ആവേശം വിതറാൻ നേതൃത്വം നല്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡന്റ് സോണി ജോർജാണ് മിസ് മലയാളം യുകെയുടെ കോർഡിനേറ്റർ. അത്യാധുനിക ലൈറ്റിംഗ് സൗണ്ട് സംവിധാനങ്ങളോടെയാണ് സ്റ്റേജ് പെർഫോർമൻസുകൾ നടക്കുന്നത്.
യുകെയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ബീ വണ്‍, ഒന്നാം നിര സോളിസിറ്റര്‍ സ്ഥാപനമായ കെന്നഡി സോളിസിറ്റര്‍സ്, പ്രമുഖ വസ്ത്രാലയമായ കാവ്യ സില്‍ക്സ് തുടങ്ങിയവരാണ് മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രധാന സ്പോണ്‍സര്‍മാര്‍.
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
Leave a Reply