മലയാളം യുകെ ന്യൂസ് ടീം
ലെസ്റ്റർ കേരളാ കമ്മൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിനോടനുബന്ധിച്ച് യുകെയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. “യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ?” എന്ന വിഷയത്തിലാണ് ലേഖന മത്സരം. അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻെറ ഭാഗമായാണ് മത്സരം നടത്തുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതലാണ് മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ഡേ ആഘോഷവും ലെസ്റ്ററിൽ വച്ച് നടക്കുന്നത്. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ലഭിക്കും. നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി അന്ന് വിവിധ പരിപാടികൾ നടക്കും.

മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായാണ് അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും കലാസന്ധ്യയുമൊരുക്കുന്നത്. ഓൺലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തി൯െറയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതി൯െറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മലയാളം യുകെ “എക്സല്‍” അവാര്‍ഡ് നൈറ്റിൻെറ ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. യുകെയില്‍ നവതരംഗമായി മാറിക്കഴിഞ്ഞ ‘മാഗ്നാ വിഷൻ ടിവി’ മലയാളം യുകെ “എക്സല്‍” അവാര്‍ഡ് നൈറ്റ് പൂര്‍ണ്ണമായും സംപ്രേഷണം ചെയ്യുന്നതായിരിക്കും. യുകെയിലെ ആദ്യ മലയാളം റേഡിയോ ആയ ‘ലണ്ടന്‍ മലയാളം  റേഡിയോ’യും ആഘോഷത്തി൯െറ വിജയത്തിനായി എല്ലാ പിന്തുണയുമായി രംഗത്തുണ്ട്. ലെസ്റ്റര്‍ കേരള കമ്യൂണിറ്റി അംഗങ്ങളെ കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അസോസിയേഷനുകളില്‍ നിന്നും ക്ലബുകളില്‍ നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നതാണ്.

യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിൽ A4 സൈസ്  പേപ്പറിൽ സ്വന്തം കൈപ്പടയിൽ എഴുതിയോ ടൈപ്പ് ചെയ്തോ 2000 വാക്കുകളിൽ കവിയാത്ത ലേഖനം ഏപ്രിൽ 10നകം സ്കാൻ ചെയ്തോ അറ്റാച്ച് ചെയ്തോ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയയ്ക്കാവുന്നതാണ്. പേജ് നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാർ, കെയറർമാർ, നഴ്സിംഗ് സ്റ്റുഡന്റ്സ് എന്നിവർക്ക് ഇതിൽ പങ്കെടുക്കാം. ലേഖന കർത്താവിന്റെ പേര്, ജോബ് ടൈറ്റിൽ, പൂർണമായ മേൽവിലാസം, ഇ മെയിൽ അഡ്രസ്, ഫോൺ നമ്പർ എന്നിവ ലേഖനത്തോടൊപ്പം അയയ്ക്കണം. ഇവ ലേഖനമെഴുതിയ പേപ്പറിൽ രേഖപ്പെടുത്താൻ പാടില്ല. ഡീറ്റെയിൽസ് ഇ മെയിലിൽ അയയ്ക്കണം. മലയാളം യുകെയുടെ ജഡ്ജിംഗ് പാനൽ ലേഖനങ്ങൾ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കുകയും പുരസ്കാരങ്ങൾ മെയ് 13ന് ലെസ്റ്ററിൽ നടക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച് സമ്മാനിക്കുന്നതുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് മലയാളം യുകെ എക്സൽ ട്രോഫികൾ സമ്മാനിക്കപ്പെടും. ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും. എൻട്രി ചെയ്യപ്പെടുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം മലയാളം യുകെയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.

സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും  ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ “എക്സൽ” അവാർഡുകൾ സമ്മാനിക്കും.  സാമൂഹിക ഇടപെടലുകൾ വഴി കലാ – സാംസ്കാരിക – ചാരിറ്റി രംഗത്ത്   ആരോഗ്യകരമായ നവീന വിപ്ളവത്തിന് നാന്ദി കുറിക്കുകയെന്ന മലയാളം യുകെയുടെ പ്രഖ്യാപിത നയത്തിൻെറ ഭാഗമാണ് ലെസ്റ്റർ കേരള കമ്യൂണിറ്റിയുമായി ചേർന്നുള്ള ഈ നൂതന സംരംഭം. ആതുര ശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കും കെയറർമാർക്കും പുരസ്കാരങ്ങൾ നല്കും. അവാര്‍ഡ് നൈറ്റിൻെറ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരും അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ താല്പ്പര്യമുള്ളവരും സ്പോണ്‍സേഴ്സ് ആകാന്‍ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ 07951903705 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

RELATED NEWS

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.