ഷിബു മാത്യു

ഫാ. ജോസഫ് പൊന്നേത്തിൻ്റെ സ്വപ്നം ഇന്ന് സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമാകുന്നതിന് മുമ്പ് തന്നെ ആറ് സ്ഥലങ്ങളിലായി ചിതറിക്കിടന്ന വിശ്വാസികളെ ഒരു ദേവാലയത്തിനുള്ളിലാക്കി “നന്ദിയല്ലാതെ മറ്റൊന്നുമില്ലെൻ്റെ ദൈവമേ” എന്ന് പ്രാർത്ഥിച്ച് വിശുദ്ധ കുർബാനയർപ്പിച്ച ദേവാലയം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന പേരിൽ ഇടവകയായി പ്രഖ്യാപിച്ച് ലീഡ്സ്സിലെ സീറോ മലബാർ വിശ്വാസികൾക്ക് നൽകുകയാണ്. ഈ ധന്യ മുഹൂർത്തത്തിൽ ഇടവകയെന്ന ലക്ഷ്യത്തിന് വേണ്ടി അക്ഷീണം പരിശ്രമിച്ച ഫാ. ജോസഫ് പൊന്നേത്ത് മനസ്സുതുറക്കുന്നു.

സീറോ മലബാർ സഭയുടെ തലവൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നിർദ്ദേശപ്രകാരം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ യുകെയിലേയ്ക്കായ്ക്കാൻ തൻ്റെ രൂപതയിൽ നിന്നും തെരഞ്ഞെടുത്തത് ഫാ. ജോസഫ് പൊന്നേത്തിനെയായിരുന്നു. കോതമംഗലം രൂപതയിലെ മാറിക സെൻ്റ് ജോസഫ് ഫൊറോനാ ചർച്ച് ഇടവകയിലെ പൊന്നേത്ത് കുടുംബത്തിൽ ചാക്കോ ത്രേസ്യാമ്മ ദമ്പദികളുടെ രണ്ട് മക്കളിൽ ഇളയവനാണ് ഫാ. ജോസഫ് പൊന്നേത്ത്. മൂത്ത സഹോദരിയുണ്ട് ഷാനി ജോയൽ. 2008 ജനുവരി 8 ന് മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിൽ നിന്ന് പട്ടം സ്വീകരിച്ച് രൂപതയുടെ ഇടവകളിൽ ആദ്ധ്യാത്മിക ശുശ്രൂഷകൾ ചെയ്തുവരുന്ന കാലത്താണ്  യുകെയിലേയ്ക്കുള്ള അവസരം ഫാ. പൊന്നേത്തിനെ തേടിയെത്തുന്നത്. ലീഡ്സ്സ് രൂപതയുടെ സ്പോൺസർഷിപ്പിൽ 2012 ഓഗസ്റ്റ് 26ന് ഫാ. പൊന്നേത്ത് യുകെയിലെത്തി. ലീഡ്സ്സ് രൂപതയിലെ കീത്തിലിയിൽ ഔവർ ലേഡി ഓഫ് വിക്‌ടറീസ് ഇടവകയുടെ ചുമതലയോടൊപ്പം സീറോ മലബാർ ചാപ്ലിൻ ആയി ചുമതലയേറ്റു. ലീഡ്സ് രൂപതയിലെ കീത്തിലി, ബ്രാഡ്ഫോർഡ്, ലീഡ്സ്സ്, ഹാരോ ഗേറ്റ്, വെയ്ക്ഫീൽഡ്, ഹഡേഴ്സ് ഫീൽഡ് എന്നീ ആറ് ടൗണും ചിതറിക്കിടക്കുന്ന കുറെ മലയാളി കുടുംബങ്ങളും. അതായിരുന്നു ഫാ. പോന്നേത്തിൻ്റെ പ്രവർത്തന മേഘല. പ്രായത്തിൽ വളരെ ചെറുപ്പമെങ്കിലും വ്യക്തമായ തീരുമാനത്തോടെയായിരുന്നു ഫാ. പൊന്നേത്തിൻ്റെ യുകെയിലേയ്ക്കുള്ള വരവ്.  കൂട്ടായ്മയുടെ വഴിയിലൂടെയാണ് സഭ വളരേണ്ടത് എന്ന കാഴ്ച്ചപ്പാടിലാണ് അദ്ദേഹം തൻ്റെ പ്രവർത്തനം ആരംഭിച്ചത്. ആറ് സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഒരു ദേവാലത്തിലാക്കി സഭയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ദൗത്യം. ധാരാളം പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ തൻ്റെ ലക്ഷ്യം പൂർത്തിയാക്കി 2016 ഓഗസ്റ്റ് 15ന് അദ്ദേഹം ലീഡ്സ്സിനോട് യാത്ര പറഞ്ഞു.

കാനൻ മൈക്കിൾ മക്രീഡി

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ മൂന്നാമത്തെ ഇടവകയായി ലീഡ്സ്സ് മാറുമ്പോളുണ്ടാകുന്ന മാനസീകമായ വികാരം എന്താന്നെന്നുള്ള മലയാളം യുകെ ന്യൂസിൻ്റ ചോദ്യത്തിനോട് ഫാ. പൊന്നേത്ത് പ്രതികരിച്ചതിങ്ങനെ…
“സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടിപ്പോഴും.”
വീട്ടുമുറ്റത്തുണ്ടായിരുന്ന സൗകര്യത്തെ പൊതു സ്ഥലത്തേയ്ക്ക് മാറ്റാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ലീഡ്സ്സ്കാർ. അവരുടെ ത്യാഗത്തിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് ലീഡ്സ്സ്. 2012 ഓഗസ്റ്റ് 26ന് ഞാൻ ലീഡ്സ്സ് രൂപതയിലെ കീത്തിലിയിൽ എത്തുമ്പോൾ ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമായിരുന്നില്ല. ഞാൻ ശുശ്രൂഷ ചെയ്യാനെത്തിയ ഔവർ ലേഡി ഓഫ് വിക്‌ടറീസ് ചർച്ചിൻ്റെ പരിസരത്തായി താമസിക്കുന്ന ചുരുക്കം ചില മലയാളികളെയാണ് ആദ്യം പരിചയപ്പെടാൻ സാധിച്ചത്. അവരിൽ നിന്നാണ് എൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഈ കാലയളവിൽ ലീഡ്സ്സിൻ്റെ പരിധിയിലുള്ള ആറ് സ്ഥലങ്ങളിലും ദൂരദേശത്തു നിന്ന് വൈദീകരെത്തി മാസത്തിലൊരിക്കൽ മലയാളം കുർബാന നടക്കുന്നുണ്ടായിരുന്നു. കാലക്രമേണ ആ സ്ഥലങ്ങളെല്ലാം കണ്ട് പിടിച്ച് അവിടുത്തെ മലയാളികളുമായി സഹകരിച്ച് മറ്റുള്ള വൈദീകരോടും കൂടിയാലോജിച്ച് മാസത്തിൽ ഒരു കുർബാന എന്ന ക്രമത്തിൽ പ്രവർത്തനമാരംഭിച്ചു. നല്ല സഹകരണമായിരുന്നു എല്ലാ സ്ഥലത്തു നിന്നും ലഭിച്ചത്. അവരുടെ ആദ്ധാത്മിക ആവശ്യങ്ങൾക്കായി ഒരു വൈദീകൻ അടുത്തുണ്ട് എന്ന തോന്നൽ അവരുടെ ആത്മവിശ്വാസത്തെ വളർത്താൻ തുടങ്ങി. വീടുകളിൽ വെച്ചാണെങ്കിൽപ്പോലും സൺഡേ സ്ക്കൂൾ എന്ന ചിന്ത, ചർച്ച് ക്വയർ, വിശുദ്ധരുടെ തിരുന്നാളുകൾ അങ്ങനെ നീളുന്ന കാര്യങ്ങളുമായി ഓരോ കുർബാന സെൻ്ററും വളർന്നുതുടങ്ങി.

ബിഷപ്പ് മാർക്കസ്സ് സ്റ്റോക്

ഒരു ഏകീകരണത്തെക്കുറിച്ച് ചിന്തിച്ചതെപ്പോൾ?

അതിന് നന്ദി പറയേണ്ടത് കീത്തിലി സെൻ്റ് ആൻസ് ചർച്ചിലെ കാനൻ മൈക്കിൾ മക്ക്രീഡി അച്ചനോടാണ്. ഞാനിരുന്ന ഔവർ ലേഡി ഓഫ് വിക്‌ടറീസ് ചർച്ച് സെൻ്റ് ആൻസ് ചർച്ച് കീത്തിലിയുടെ കീഴിലായിരുന്നു. എനിക്ക് എല്ലാ സപ്പോർട്ടും ചെയ്ത് തന്നിരുന്നത് മക്ക്രീഡി അച്ചനായിരുന്നു. കാലാകാലങ്ങളിലുള്ള പ്രവർത്തനങ്ങൾ അച്ചൻ ചോദിച്ചറിയുമായിരുന്നു. ഒരിക്കൽ അച്ചൻ ചോദിച്ചു.  മാസത്തിലുള്ള ഒരു കുർബാന കൊണ്ട് യാതൊരു പ്രയോജനവുമില്ല. അത് ആത്മീയമായി മെച്ചമുണ്ടാക്കില്ല. അതു കൊണ്ട് ഓടി നടക്കാതെ ഒരു പൊതു സ്ഥലത്തെക്കുറിച്ച് ചിന്തിക്കാൻ പാടില്ലേ?? ആഗ്രഹം അതാണ്‌. പക്ഷേ അത് അത്ര എളുപ്പമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ എളുപ്പമല്ല എന്ന് പറഞ്ഞ് മാറി നിൽക്കേണ്ട അവസ്ഥയില്ല. അതിന് വേണ്ട എല്ലാ സഹായവും ഞാൻ ചെയ്തു തരാം എന്ന് പറഞ്ഞ് അച്ചൻ ലീഡ്സ്സ് രൂപതയുടെ ബിഷപ്പ്, ബിഷപ്പ് മാർക്കസ് സ്റ്റോക്കിൻ്റെയടുത്ത് എന്നെ കൊണ്ടു പോവുകയും ആവശ്യം അറിയ്ക്കുകയും ചെയ്തു. വളരെ നല്ല പ്രതികരണമായിരുന്നു പിതാവിൽ നിന്ന് കിട്ടിയത്. ബിഷപ്പാകുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ ബിഷപ്പ് കോൺഫ്രൺസിൻ്റെ സെക്രട്ടറിയായിരുന്നു ബിഷപ്പ് മാർക്കസ്. ബഹു. തോമസ്സ് പാറയടിയച്ചൻ്റെ നേതൃത്വത്തിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ അക്കാലത്ത് ബിഷപ്പ് കോൺഫ്രൺസിൻ്റെ സെക്രട്ടറി എന്ന നിലയിൽ അദേഹം നന്നായി പഠിച്ചിരുന്നു. അതു കൊണ്ട് പിതാവിന് സീറോ മലബാർ സഭയേക്കുറിച്ച് നന്നായി അറിവുണ്ടായിരുന്നു. ആഗ്രഹം പറഞ്ഞപ്പോൾ പിതാവിന് ഇഷ്ടമായി. 8പള്ളികൾ നമുക്ക് ഓഫർ ചെയ്തു. ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാം. എല്ലാ സൗകര്യങ്ങളും കണക്കിലെടുത്ത് എല്ലാം കൊണ്ടും അനുയോജ്യമായ സെൻ്റ് വിൽഫ്രിഡ് ചർച്ച് തെരെഞ്ഞെടുത്തു.

പള്ളിയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും ഒരുമിച്ച് കൂടുന്ന കാര്യത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ പല കുർബാന സെൻ്ററിൽ നിന്നും ഉണ്ടായി. പല ന്യായങ്ങൾ എല്ലായിടത്തു നിന്നും ഉയിർന്നു. ദൂരക്കൂടുതൽ, ഒരു ദിവസം മുഴുവനും നഷ്ടമാകും, ജോലി അഡ്ജിസ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ശരിയായ ന്യായങ്ങൾ. ഞങ്ങളുടെ സമയത്തിന് നടന്നുകൊണ്ടിരുന്ന കുർബാനയാണിത്. ഇനി കുർബാനയുടെ സമയത്തിന് ഞങ്ങൾ എത്തിച്ചേരണം എന്ന ചോദ്യങ്ങളുമായി പലരും മുന്നോട്ട് വന്നിരുന്നു.

എങ്ങനെ ഇതിനെ മറികടന്നു?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാസത്തിൽ ഒരു കുർബാന നടന്നാൽ പോലും മാസത്തിലൊരിക്കലെ ആളുകളെ നേരിൽ കാണാൻ സാധിക്കത്തുള്ളൂ. ഒരു കുർബാനയ്ക്ക് വരാൻ സാധിക്കാതെ വന്നാൽ പിന്നെ കാണാൻ പറ്റുന്നത് രണ്ട് മാസം കഴിഞ്ഞ്. ആത്മീയ ഫോർമ്മേഷന് അത് ഒരിക്കലും ഉപകാരപ്പെടില്ല. അങ്ങനെയാണ് ഇതിനെ എങ്ങനെ മറികടക്കാൻ പറ്റും എന്ന ചിന്ത എന്നിലുണ്ടാക്കുന്നത്. ആദ്യം വേണ്ടത് ദൂരത്തുള്ള ആളുകൾ തമ്മിലുള്ള ബന്ധം വളർത്തുക എന്നതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിന് പല മാർഗ്ഗങ്ങൾ സ്വീകരിച്ചു. ബ്രാഡ് ഫോർഡ് കൺവെൻഷൻ, ചാപ്ലിൻസ് ഡേ, കലാ കായീക മത്സരങ്ങൾ. എട്ട്നോമ്പ് തിരുന്നാൾ, വിശുദ്ധരുടെ തിരുന്നാൾ. അതുപോലെ ഓശാന ഞായർ, ഉയിർപ്പ് തിരുന്നാൾ, ക്രിസ്തുമസ്സ് എല്ലാം പൊതുവായി നടത്തി തുടങ്ങി. അതെല്ലാം ആൾക്കാർക്ക് ഒന്നിച്ചു കൂടാനുള്ള അവസരമായി മാറി. ഈ കാലയളവിൽ സീറോ മലബാർ സഭയുടെ കോർഡിനേറ്ററായി ബഹു. തോമസ്സ് പാറയടിയച്ചൻ വരുന്നു. ആ കാലയളവിൽ കോർഡിനേഷൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. എൻ്റെ പ്രവർത്തനത്തിൽ പറയടിയച്ചൻ്റെ സപ്പോർട്ട് എടുത്ത് പറയേണ്ടതാണ്.

ആറ് സ്ഥലങ്ങളിലായി ചിതറിക്കിടന്ന ആൾക്കാർ തമ്മിൽ നല്ല ബന്ധമായിക്കഴിഞ്ഞപ്പോഴാണ് ഏകീകരണത്തെക്കുറിച്ച് സംസാരിച്ചത്. ന്യായമായ ചില എതിർപ്പുകളുണ്ടായിരുന്നു എങ്കിലും ഭൂരിപക്ഷവും ഏകീകരണത്തോട് സഹകരിക്കുകയാണുണ്ടായത്. എങ്കിലും അവർ ചോദിച്ചു? ഒരച്ചൻ വരും. കുറെ കാര്യങ്ങൾ ചെയ്ത് സ്ഥലം വിടും. പിന്നീട് ഞങ്ങൾക്ക് ഒന്നുമില്ലാതാകും. ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ?? കാരണം ഇവിടെ സ്വന്തമായി ഒരു രൂപതയുടെ സംവിധാനങ്ങൾ ഒന്നുമില്ല.!
അതൊരു വലിയ ചോദ്യമായിരുന്നു. വേറൊരച്ചൻ വരാതെ ഞാൻ പോവില്ല എന്നൊരു ഉറപ്പ് അവർക്ക് ഞാൻ കൊടുത്തു. പഠിക്കാനായിട്ട് യുകെയിലെത്തുന്ന അച്ചൻമാർ കുറെ മലയാളികളെ വിളിച്ചു കൂട്ടി കുർബാനയും അനുബന്ധ ശുശ്രൂകളും നടത്തിയിരുന്നു. പഠനം കഴിഞ്ഞ് അവർ തിരിച്ച് പോകുമ്പോൾ എല്ലാം താളം തെറ്റുന്നു. അതിൻ്റെ അനുഭവത്തിലാണ് അവർ ചോദിച്ചത്.

ലീഡ്സ് രൂപതയേയും അവിടുത്തെ ജനങ്ങളെയും ഒരു കാലത്തും മറക്കരുതേ..

ആദ്യകാലത്ത് യുകെയിലെത്തിയ മലയാളികൾ ആത്മീയ കാര്യത്തിൽ വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് പൊക്കോണ്ടിരുന്നത്. ഇംഗ്ലീഷ് പള്ളികളിൽ പോകാനും സാധ്യമാകുന്ന എല്ലാ പ്രവർത്തനങ്ങളിലും ഭാഗമാകാനും അവർ ശ്രദ്ധിച്ചിരുന്നു. ആ പരിശ്രമം ഇംഗ്ലണ്ടിലെ ഇടവകകളിൽ ഒരു നല്ല ചിന്ത അവർക്കുണ്ടാക്കുവാൻ കാരണമായിട്ടുണ്ട്. അത് ആ പ്രദേശത്തുള്ളവർക്ക് അത്ഭുതമായിരുന്നു. എന്നാൽ അതിനെ ചൂഷണം ചെയ്യാൻ ലീഡ്സ് രൂപത ശ്രമിച്ചില്ല എന്നതാണ് സത്യം. വളരെ ആക്ടീവായി മലയാളികൾ ഇംഗ്ലീഷ് പള്ളികളിൽ പ്രവർത്തിക്കുമ്പോൾ ഇതിലും എത്ര ആക്ടീവായിട്ടായിരിക്കണം സ്വന്തം നാട്ടിൽ അവർ പ്രവർത്തിച്ചത് എന്ന് ലീഡ്സ് രൂപത ചിന്തിച്ചു. അതുപോലെ തന്നെ പ്രവർത്തിക്കാനുള്ള സാഹചര്യമാണ് ലീഡ്സ്സ് രൂപത ചെയ്തു തന്നത്.

നമ്മൾ മലയാളികൾ തിരിച്ചറിയേണ്ട ഒരു കാര്യമിതാണ്.

ഇംഗ്ലീഷ് പള്ളിയൊക്കെയില്ലേ.. കാര്യങ്ങൾ ഒക്കെ നടന്നു പോകുന്നുമുണ്ട്. പിന്നെ എന്തിനാണ് ഇടവക എന്നൊക്കെ ചോദിക്കുന്നവരോട് പറയുവാനുള്ളത് ഒന്ന് മാത്രം. എല്ലാം നടക്കുന്നുണ്ട്. പക്ഷേ, നടക്കേണ്ട രീതിയിൽ കാര്യങ്ങൾ നടക്കണമെങ്കിൽ ഇതാണ് നമുക്കുള്ള ഏക വഴി. നാളെ തൊട്ട് എല്ലാവരും മലയാളം കുർബാനയ്ക്ക് മാത്രമേ പോകാവൂ എന്നല്ല. നമ്മുടെ നന്മയും വളർച്ചയും ഇടവകയെ കേന്ദ്രീകരിച്ചാണ്. സഭയുടെ വളർച്ച ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല. വ്യക്തിയല്ല സഭയെ വളർത്തുന്നത്. കൂട്ടായ്മയുടെ വഴിയിലൂടെയാണ് സഭ വളരേണ്ടത്.  അത് എനിക്ക് തെളിയ്ച്ച് കൊടുക്കുണമായിരുന്നു. 2016 ഓഗസ്റ്റ് 15ന് ഞാൻ ലീഡ്സ്സിനോട് യാത്ര പറഞ്ഞതും അതിനായിരുന്നു. ബഹുമാനപ്പെട്ട മാത്യൂ മുളയൊലിൽ അച്ചൻ്റെ നേതൃത്വം ലീഡ്സ്സിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോയി. ഇന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ലീഡ്സ്സ് ഇടവകയുടെ സ്ഥാനം വളരെ വലുതാണ്.

വീണ്ടും പറയട്ടെ…
ലീഡ്സ്സ് മലയാളികളുടെ ത്യാഗമാണ് ഈ ഇടവക. വീട്ടുമുറ്റത്തുണ്ടായിരുന്ന സൗകര്യത്തെ പൊതു സ്ഥലത്തേയ്ക്ക് മാറ്റാൻ നിങ്ങൾ തയ്യാറായി! അതിൻ്റെ വിജയമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ കാത്തലിക് ചർച്ച്. ആഘോഷിക്കുക.
നന്മകൾ മാത്രം നേരുന്നു.