ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനമായി നടന്‍ വിജയ രാഘവനും നടി ഉര്‍വ്വശിയും. പൂക്കാലത്തിലെ അഭിനയത്തിന് വിജയ രാഘവന്‍ മികച്ച സഹ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉര്‍വശി മികച്ച സഹ നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

കഥാപാത്രങ്ങളിലൂടെ സിനിമ ലക്ഷ്യം വയ്ക്കുന്ന ആഴങ്ങളിലേക്കും അര്‍ത്ഥ തലങ്ങളിലേക്കും വളരെ വേഗത്തില്‍ ഇറങ്ങിച്ചെന്ന് ആ കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കുന്ന അനിതര സാധാരണമായ അഭിനയ മികവിന്റെ പേരാണ് വിജയ രാഘവന്‍. അത് ഒരുപക്ഷേ പിതാവും നാടകാചാര്യനുമായിരുന്ന എന്‍.എന്‍ പിള്ളയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാകാം.

നാടക രംഗത്ത് നിന്നുതന്നെയാണ് വിജയ രാഘവന്റെ സിനിമയിലേക്കുള്ള വരവ്. എന്‍.എന്‍ പിള്ളയുടെ വിശ്വ കേരളാ കലാ സമിതിയിലൂടെ ബാല്യത്തില്‍ തന്നെ വിജയ രാഘവന്‍ നാടക രംഗത്ത് സജീവമായി.

എന്‍.എന്‍ പിള്ളയുടെ ‘കാപാലിക’ എന്ന നാടകം ക്രോസ്‌ബെല്‍റ്റ് മണി സിനിമയാക്കിയപ്പോള്‍ അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആറാം വയസില്‍ സിനിമയില്‍ വിജയ രാഘവന്‍ അരങ്ങേറ്റം കുറിച്ചു.

1982 ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെ ഇരുപത്തിയൊന്നാം വയസില്‍ നായകനായി. തുടര്‍ന്ന് പി. ചന്ദ്രകുമാര്‍, വിശ്വംഭരന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടര്‍ന്നു.

കാപാലികയുടെ സഹ സംവിധായകനായിരുന്ന ജോഷിയുമായുള്ള അടുപ്പം മൂലം അദേഹത്തിന്റെ ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. 1993 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി.

1995 ല്‍ പുറത്തിറങ്ങിയ ദി കിങ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. വിനയന്‍ സംവിധാനം ചെയ്ത ശിപായി ലഹള എന്ന ചിത്രത്തില്‍ വിജയരാഘവന്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000 ത്തിന് ശേഷം വിജയ രാഘവന്റെ നിരവധി കഥാപാത്രങ്ങളാണ് അഭ്രപാളികളിലെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്‍.എന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകനായ വിജയ രാഘവന്റെ ജനനം മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലാണ്. പിതാവ് അവിടെ എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്തിരുന്നു. സുലോചന, രേണുക എന്നീ രണ്ട് സഹോദരിമാരുണ്ട്.

അനിതയാണ് ഭാര്യ. രണ്ട് ആണ്‍ മക്കളുണ്ട്. മൂത്ത മകന്‍ ജിനദേവന്‍ ബിസിനസുകാരനാണ്. ഇളയ മകന്‍ ദേവദേവന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ ഒളശയിലാണ് വിജയ രാഘവന്റെ സ്ഥിര താമസം.

മികച്ച സഹ നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കവിത മനോരഞ്ജിനി എന്ന ഉര്‍വശി മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ അവതാരക, തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ നിര്‍മാതാവും ഉര്‍വ്വശിയായിരുന്നു. മികച്ച സഹ നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് രണ്ട് തവണ അവര്‍ നേടിയിട്ടുണ്ട്.

പ്രശസ്ത നാടക നടീനടന്മാരായ വിജയ ലക്ഷ്മിയുടെയും ചവറ വി.പി നായരുടെയും മകളായി കൊല്ലം ജില്ലയിലാണ് ഉര്‍വ്വശി ജനിച്ചത്. സിനിമ താരങ്ങളായ കലാരഞ്ജിനിയും കല്‍പ്പനയുമാണ് മൂത്ത സഹോദരിമാര്‍. സഹോദരന്മാരായ കമല്‍ റോയിയും പ്രിന്‍സും ഏതാനും മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു.

പത്ത് വയസുള്ളപ്പോള്‍ 1979 ല്‍ പുറത്തിറങ്ങിയ കതിര്‍മണ്ഡപം എന്ന മലയാള സിനിമയില്‍ ജയഭാരതിയുടെ മകളായി അഭിനയിച്ചാണ് ഉര്‍വ്വശി സിനിമ രംഗത്തെത്തിയത്. 1983 ല്‍ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണൈ മുടിച്ചു എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അവര്‍ അരങ്ങേറ്റം കുറിച്ചത്.

കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണമെന്നും വര്‍ഗീയത പടര്‍ത്താനുള്ള ആയുധമായി സിനിമയെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദി കേരള സ്റ്റോറി എന്ന ചിത്രത്തിന് മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള പുരസ്‌കാരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.