യുകെ മലയാളികളെ തേടി രണ്ടു ആകസ്മിക മരണങ്ങള്‍. ഇന്നലെ രാവിലെ ക്രോയിഡോണില്‍ ആദ്യകാല കുടിയേറ്റ കുടുംബത്തിലെ പുതുതലമുറ അംഗമായ ജയകുമാര്‍ ഭാനുവിനെയാണ് സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ വാര്‍ത്ത യുകെ മലയാളി സമൂഹം അറിഞ്ഞു തുടങ്ങുമ്പോഴേക്കും രണ്ടാമത്തെ ദുരന്ത വാര്‍ത്തയും എത്തി.
ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി കുതിച്ചെത്തിയ കല്ലാറിലെ മലവെള്ളപ്പാച്ചിലില്‍ യുകെയില്‍ നിന്നെത്തിയ സൗഹൃദ സംഘം അകപെടുക ആയിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. ഈസ്റ്റ്ഹാം പ്രദേശത്തു നിന്നും പുറപ്പെട്ട സൗഹൃദ സംഘത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കല്ലാറിലെ കയത്തില്‍ അകപ്പെട്ടത്.
ക്രോയിഡോണില്‍ ഏവര്‍ക്കും പരിചയമുള്ള ചെറുപ്പക്കാരനാണ് ജയകുമാര്‍. സമൂഹത്തില്‍ ഏവരുമായും അടുത്തിടപഴകിയിരുന്ന ജയകുമാറിന്റെ അപ്രതീക്ഷിതമായി ഉണ്ടായ മരണം ക്രോയ്ഡോണ്‍ മലയാളികള്‍ക്ക് ഞെട്ടല്‍ സമ്മാനിച്ചിരിക്കുകയാണ്. ഏക മകനും അമ്മയും ജയകുമാറിന് ഒപ്പമാണ് കഴിഞ്ഞിരുന്നത്. ക്രോയ്ഡോണിലെ ലന്‍സിങ് റോഡിലാണ് ഈ കുടുംബം താമസിച്ചിരുന്നത്.
ആദ്യകാല കുടിയേറ്റ സംഘത്തില്‍ പെട്ട വര്‍ക്കലയില്‍ നിന്നുള്ളവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടതാണ് ജയകുമാര്‍ ഭാനുവിന്റെ കുടുംബവും എന്ന് കരുതപ്പെടുന്നു. മരണം അറിഞ്ഞെത്തിയ പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം ക്രോയ്ഡോണ്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
അതിനിടെ ഇന്നലെ ഉണ്ടായ രണ്ടാം ദുരന്തത്തില്‍ തലനാരിഴക്കാണ് മൂന്നു യുകെ മലയാളികള്‍ കല്ലാറിലെ കയത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ദിവസം മുന്‍പാണ് യുകെയില്‍ നിന്നും എട്ടംഗ സംഘം കേരളത്തില്‍ എത്തിയത്. ഇവരില്‍ നാലുപേര്‍ അടക്കമുള്ള എട്ടുപേരാണ് ഇന്നലെ ഉച്ചകഴിഞ്ഞു കല്ലാറില്‍ എത്തിയത്.
ഇവര്‍ കല്ലാറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുക ആയിരുന്നു. കല്ലാറില്‍ അപകട സാധ്യത ഉണ്ടെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സംഘം നിര്‍ദ്ദേശത്തെ ഗൗരവത്തിലെടുത്തില്ലെന്നു സൂചനയുണ്ട്. മാത്രമല്ല കല്ലാറില്‍ എപ്പോള്‍ വേണമെങ്കിലും അപകടം ഉണ്ടാകാം എന്ന മുന്നറിയിപ്പ് സൂചന നല്‍കുന്ന ബോര്‍ഡില്‍ നിന്നും ഏറെ അകലെയല്ല അപകടം നടന്ന സ്ഥലം.
അപകടം നടന്നപ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയവരാണ് സംഘത്തിലെ മറ്റുള്ളവരെ രക്ഷിച്ചത്. എന്നാല്‍ 53 കാരനായ പ്രശോഭ് കുമാറിനെ രക്ഷിക്കാനായില്ല. ഇദ്ദേഹം വെള്ളത്തിലെ കുത്തൊഴുക്കില്‍ പെടുക ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും യുകെയിലാണ്. ഒരു മകനും മകളുമാണ് പ്രശോഭ് കുമാറിന്. ഒരേ ദിവസം വിധിയുടെ ക്രൂരത കണ്ട് ആദ്യ ഞെട്ടലില്‍ നിന്നും വിടുതല്‍ ലഭിക്കാതെ നിസ്സഹായരായി കഴിയുകയാണ് യുകെ മലയാളി സമൂഹം. അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കുമായിരുന്ന ദുരന്തം എന്ന ചിന്തയാണ് ഏവരും പങ്കിടുന്നത്.
ഇതോടെ ക്രിസ്മസും പുതുവര്‍ഷവും ഗംഭീരമായി വരവേല്‍ക്കുവാന്‍ തയ്യാറായ യുകെ മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കി മരണത്തിലേക്ക് യാത്രയായവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ലണ്ടനില്‍ മരണത്തിനു കീഴടങ്ങിയ തിരുവനന്തപുരം സ്വദേശി ഹരി ശ്രീധരന്‍ നായര്‍, അപ്പാര്‍ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അയര്‍ലന്റിലെ മലയാളി നഴ്‌സായ മേരി കുര്യാക്കോസ്, കാന്റര്‍ ബറിയില്‍ നിര്യാതനായ ലാല്‍ജിത്ത്, അസുഖങ്ങള്‍ മൂലം മരണത്തിനു കീഴടങ്ങിയ ലിവര്‍പൂളിലെ മലയാളി നഴ്‌സായ കൊച്ചുറാണി ജോസ്, പുത്തുദിവസത്തെ ഇടവേളയിട്ട് മരണത്തിനു യാത്രയായ ചെല്‍റ്റ്‌നാമിലെ ആന്റണി റാഫേല്‍ – സാറാമ്മ ദമ്പതികള്‍, റെഡ്ഡിംഗിലെ മലയാളി വീട്ടമ്മ ലീലാമ്മ ചെറിയാന്‍ എന്നിവരുടെ തുടര്‍ച്ചയായ മരണ വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇന്നലെ രണ്ടു വിടവാങ്ങലുകള്‍ യുകെ മലയാളികളെ തേടിയെത്തിയത്.
Leave a Reply