ഷിബു മാത്യൂ

നേട്ടങ്ങൾ കൊയ്ത് മലയാളികൾ ബ്രിട്ടണിൽ മുന്നേറുകയാണ്. ഗ്രേറ്റ് ബ്രട്ടീഷ് കെയർ അവാർഡ്‌ നൈറ്റ് ഒക്ടോബർ 26 ന് മാഞ്ചസ്റ്ററിൽ നടക്കാനിരിക്കെ ബെസ്റ്റ് കെയർഹോം രജിസ്ട്രേഡ് മാനേജർ വിഭാഗത്തിൽ ഏറ്റവും മികച്ച മാനേജർക്കായുള്ള അവാർഡിന് പരിഗണിക്കപ്പെട്ടവരുടെ ലിസ്റ്റിൽ മാഞ്ചെസ്റ്ററിൽ നിന്നുള്ള സിന്ധു സാജുവും ഇടം നേടി. നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ അഞ്ച് പേരാണ് ലിസ്റ്റിൽ പരിഗണിച്ചിരിക്കുന്നത്. ഭാഗ്യം സിന്ധുവിനെ തുണച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാദിയും സിന്ധുവിൽ വന്നു ചേരും.

2004 ലാണ് സിന്ധു സാജു യുകെയിലെത്തിയത്. 2008 ൽ യൂണിറ്റി ഹോംസ് ലിമിറ്റഡിന്റെ കീഴിലുള്ള നെഴ്സിംഗ് ഹോമിൽ നെഴ്സായി ജോലിയാരംഭിച്ചു. 2016ൽ ഇതേ കമ്പനിയുടെ കീഴിലുള്ള മാഞ്ചെസ്റ്ററിലെ ബ്ളൂബെൽ കോർട്ട്, വില്ലോസ് എന്നീ നെഴ്സിംഗ് ഹോമുകളുടെ മാനേജരായി നിയമിതയായി. പിന്നീടങ്ങോട്ടുള്ള സിന്ധുവിന്റെ പ്രവർത്തന മികവാണ് ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന അവാർഡിനരികിൽ എത്തിച്ചിരിക്കുന്നത്. ആധുനിക കാലഘട്ടങ്ങളിലെ മത്സരങ്ങളെ നേരിട്ട്, മാനേജ്മെന്റിലെ വൈവിധ്യമാർന്ന കഴിവുകൾ പ്രദർശിപ്പിച്ചവർക്കും സ്വായത്തമായവർക്കും നല്കുന്ന അവാർഡാണിത്. രോഗീപരിപാലനത്തിനും വാർദ്ധക്യ പരിചരണത്തിനും വ്യക്താനിഷ്ട്യമായ രീതികൾ പിൻതുടരുകയും തനതായ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതോടൊപ്പം സഹപ്രവർത്തകർക്ക് രോഗീപരിപാലനത്തിൽ മാനേജരെന്ന നിലയിൽ നല്കിയ പിൻന്തുണയും പ്രധാന ഘടകമാണ്.

കേരളത്തിൽ അങ്കമാലി തുറവൂര് പുന്നശ്ശേരി വീട്ടിൽ ജോസ് പുന്നശ്ശേരിയുടെയും മേരി ജോസ് പുന്നശ്ശേരിയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് സിന്ധു. ഇളയ സഹോദരൻ സിനോ ജോസ് കുടുംബസമേതം യുകെയിലാണ് താമസം. അങ്കമാലിയിൽ മഞ്ഞപ്ര പുതിയിടത്ത് വീട്ടിൽ സാജു പാപ്പച്ചനാണ് സിന്ധുവിന്റെ ഭർത്താവ്. ഇവർക്ക് രണ്ട് മക്കളാന്നുള്ളത്. സോണിയാ സാജുവും സാമുവേൽ സാജുവും. കുടുംബസമേതം മാഞ്ചെസ്റ്ററിലാണ് ഇവർ താമസിക്കുന്നത്.

ഈ മാസം 26 ന് മാഞ്ചെസ്റ്ററിലെ പ്രൻസിപ്പാൾ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ അവാർഡ് പ്രഖ്യാപനം നടക്കും. തുടന്ന് അവാർഡ് ദാന ചടങ്ങുകളും നടക്കും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങളും ആശംസകളും.