കോഴിക്കോട്: അഡംബര കപ്പലായ എംഎസ് വെസ്റ്റര്‍ഡാമില്‍ ഹോങ്കോങ്ങില്‍നിന്ന് ജപ്പാനിലെ യോക്കോഹാമയിലേക്ക് യാത്ര തിരിക്കുമ്പോള്‍ പതിവുപോലെ ആര്‍ത്തുല്ലസിച്ചൊരു യാത്ര മാത്രമേ മലയാളിയായ ബിറ്റാ കുരുവിളയുടെ മനസിലുണ്ടായിരുന്നുള്ളു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത രണ്ടാഴ്ചക്കാലമാണ് ഇത്തവണ ബിറ്റായ്ക്ക് ലഭിച്ചത്. കൊറോണ വൈറസ് ബാധ സംശയിച്ച് അഞ്ച് രാജ്യങ്ങള്‍ കരയിലേക്ക് അടുക്കാന്‍ അനുമതി നല്‍കാതെ രണ്ടാഴ്ച നടുക്കടലില്‍ അലഞ്ഞ എംഎസ് വെസ്റ്റര്‍ഡാം കപ്പലിലെ എക്‌സിക്യൂട്ടീവ് ഷെഫായിരുന്നു കോട്ടയം സ്വദേശിയായ ബിറ്റാ കുരുവിള.

യാത്ര ആരംഭിച്ച രണ്ടാംദിനം മുതല്‍ കപ്പലില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായി ബിറ്റ പറയുന്നു. കൊറോണ രോഗ ഭീതിയില്‍ ഫിലിപ്പിന്‍സ്, ജപ്പാന്‍, തായ്‌ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ കപ്പലിന്‌ തീരത്തടുപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ദിവസങ്ങളോളം കരകാണാതെ കപ്പലിലെ 1500ഓളം യാത്രക്കാര്‍ക്ക് നടുക്കടലില്‍ കഴിയേണ്ടി വന്നു. ഒടുവില്‍ യാത്രതുടങ്ങി പതിമൂന്നാമത്തെ ദിവസം കംബോഡിയ കപ്പലിന് അഭയമേകി. കംബോഡിയന്‍ പ്രധാനമന്ത്രി നേരിട്ടെത്തി കപ്പലിലെ യാത്രക്കാരെ സ്വീകരിച്ചത് ഏറെ സന്തോഷത്തോടെ ഓര്‍ക്കുകയാണ് ബിറ്റാ കുരുവിള.

മുഴുവന്‍ യാത്രക്കാര്‍ക്കും കൊറോണ ബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കംബോഡിയന്‍ സര്‍ക്കാര്‍ കപ്പലില്‍നിന്ന് പുറത്തിറങ്ങാനുള്ള അനുമതി ഇവര്‍ക്ക് നല്‍കിയത്. ചെറിയ പനിയും മറ്റുമുള്ള പതിനെട്ട് പേരുടെ രക്ത, സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എല്ലാ ഫലവും  നെഗറ്റീവായിരുന്നെന്ന് ബിറ്റ ഏറെ ആശ്വാസത്തോടെ ഓര്‍ക്കുന്നു. കൊറോണയ്‌ക്കെതിരേ മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായി ഹോങ്കോങ്ങില്‍നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ചൈനക്കാരായ യാത്രക്കാരെ ഒഴിവാക്കിയിരുന്നെന്നും. കപ്പലിന്റെ പരമാവധി ശേഷിയെക്കാള്‍ 800ഓളം യാത്രക്കാരെ കുറച്ചായിരുന്നു യാത്രയെന്നും ബിറ്റാ പറഞ്ഞു.

15 വര്‍ഷമായി കപ്പലുകളില്‍ ജോലി ചെയ്യുന്ന തനിക്ക് ഇതുവരെ ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെ. ഇത്രയധികം ദിവസങ്ങള്‍ നടുക്കടലില്‍ കുടുങ്ങിയ യാത്രനുഭവം ഇതാദ്യമാണ്. ആവശ്യത്തിലധികം ഭക്ഷണ സാധനങ്ങള്‍ കപ്പലില്‍ സംഭരിച്ചത് കൊണ്ടാണ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ രണ്ടാഴ്ചക്കാലം ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചതെന്നും ബിറ്റ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ബിറ്റയ്ക്ക് പുറമേ ജോലിക്കാരായി കൊല്ലം സ്വദേശി മണിലാല്‍, തൊടുപുഴ സ്വദേശി സിജോ, വൈക്കം വെച്ചൂര്‍ സ്വദേശി അനൂപ് എന്നീ മലയാളികളും കപ്പലിലുണ്ടായിരുന്നു. ഇവരടക്കം ആകെ പത്ത് ഇന്ത്യക്കാരാണ് പതിനാല് ദിവസം കപ്പലില്‍ കഴിച്ചുകൂട്ടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവില്‍ കംബോഡിയന്‍ തീരത്ത് തുടരുന്ന കപ്പലില്‍നിന്ന് ഇനിയും 257 യാത്രക്കാരെ കൂടി പുറത്തിറക്കാനുണ്ട്. പരിശോധനയ്ക്ക് ശേഷം ഘട്ടംഘട്ടമായാണ് എല്ലാവരെയും കംബോഡിയ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. യുഎസ്, കാനഡ, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നള്ളവരാണ് യാത്രക്കാരില്‍ ഏറെയും. മുഴുവന്‍ യാത്രക്കാര്‍ക്കും അവരുടെ രാജ്യത്തേക്ക് വിമാന മാര്‍ഗം മടങ്ങാനുള്ള സൗകര്യങ്ങള്‍ കമ്പനി ഒരുക്കിയിട്ടുണ്ടെന്നും ബിറ്റാ കുരുവിള വ്യക്തമാക്കി.

എല്ലാവരെയും സുരക്ഷിതമായി കംബോഡിയയില്‍നിന്ന് അവരവരുടെ നാട്ടിലേക്ക് മടക്കി അയച്ച ശേഷം ബിറ്റ അടക്കം 802 ജീവനക്കാരുമായി എംഎസ് വെസ്റ്റര്‍ഡാം ഞായറാഴ്ച ജപ്പാനിലെ യോക്കോഹാമയിലേക്ക് മടങ്ങും. ഫെബ്രുവരി 29നാണ് കപ്പലിന്റെ അടുത്ത യാത്ര ആരംഭിക്കുന്നത്. കൊറോണ ഭീതിയില്‍ കഴിഞ്ഞ യാത്ര പാതി വഴിയില്‍ മുടങ്ങിയ എല്ലാ യാത്രക്കാര്‍ക്കും സൗജന്യമായ ഒരു യാത്ര കപ്പല്‍ കമ്പനി ഒരുക്കുമെന്നും ബിറ്റ ഓര്‍മപ്പെടുത്തി.