മലയാളി കമ്യൂണിറ്റി ഓഫ് ഹോര്‍ഷത്തിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച നടന്നു. പൂക്കളമിട്ട്, വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഏവരെയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മാവേലി മന്നനും മുതിര്‍ന്ന കാരണവന്‍മാരും ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു കൂട്ടുങ്കല്‍ ഓണസന്ദേശം നല്‍കി.

കള്‍ച്ചറല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആന്റണി തെക്കേപ്പറമ്പിലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികള്‍ നിറഞ്ഞ സദസ് സഹര്‍ഷം ഏറ്റുവാങ്ങി. അസോസിയേഷനിലെ അയല്‍ക്കൂട്ടം സ്ത്രീകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച എന്റമ്മേടെ ജിമിക്കി കമ്മല്‍ ഫ്‌ളാഷ് മോബ് ഡാന്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടക്കം മുതല്‍ അവസാനം വരെ നാല് ഫോണുകളില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. യുകെയില്‍ ഇത് തികച്ചും പുതുമയാര്‍ന്നതാണ്.

കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. സെക്രട്ടറി ബന്‍സ് കളത്തിക്കോട്ടില്‍ നന്ദി പറഞ്ഞുകൊണ്ട് ആഘോഷ പരിപാടികള്‍ സമാപിച്ചു.