കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം കോടതി നിർദേശപ്രകാരം പൊലീസ് സാന്നിധ്യത്തിൽ സംസ്കരിച്ചു. ചെങ്ങന്നൂർ സ്വദേശി ശരത്ചന്ദ്രൻ ഉണ്ണിത്താൻ (73) ആണ് കലാപത്തിൽ കൊല്ലപ്പെട്ടത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
ഏഴുപതിറ്റാണ്ടിലേറെ പ്രായമുള്ള ശരത്ചന്ദ്രൻ നാലു പതിറ്റാണ്ടായി ചെന്നൈയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കഞ്ചാവ് കൈവശം വച്ചെന്ന കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് നെഗോമ്പോ ജയിലിൽ കഴിയുന്നതിനിടെയാണ് കലാപമുണ്ടായത്.
ജയിലിലുണ്ടായ സംഘർഷത്തിൽ 22 തടവുകാരും 10 ഉദ്യോഗസ്ഥരുമടക്കം 32 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കോടതി നിർദേശത്തെ തുടർന്നാണ് ശരത്ചന്ദ്രന്റെ മൃതദേഹം പൊലീസ് സുരക്ഷയിൽ സംസ്കരിച്ചതെന്നും ചടങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധികൾ പങ്കെടുത്തതായും ശ്രീലങ്കൻ അധികൃതർ അറിയിച്ചു.











Leave a Reply