ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആരോഗ്യരംഗം നേരിടുന്ന ഗുരുതര വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നത്തിനായുള്ള സംരംഭം വികസിപ്പിച്ചതിന് മലയാളി സംരംഭകരായ ഹെർമർച്ചീസ് ബാലനും സിറിൽ റോയിയും ‘ഇന്നൊവേറ്റർ ഓഫ് ദി ഇയർ’ ബഹുമതിക്ക് അർഹരായി. യുകെ സർക്കാരിന്റെ ഇന്നൊവേറ്റർ ഫൗണ്ടർ വിസ പദ്ധതിയുടെ ഭാഗമായി ഔദ്യോഗിക എൻഡോഴ്സ്മെന്റ് ബോഡിയായ എൻവെസ്റ്റേഴ്സ് ലിമിറ്റഡ് ആണ് പുരസ്‌കാരം നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750-ലധികം സ്റ്റാർട്ടപ്പുകളിൽ നിന്നാണ് പത്ത് വിഭാഗങ്ങളിലായി അവരെ തിരഞ്ഞെടുത്തത്. 2019-ൽ സ്റ്റാർട്ടപ്പ് വിസയും ഇന്നൊവേറ്റർ ഫൗണ്ടർ വിസയും നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു അവാർഡ് നൽകുന്നത് എന്നതും ഈ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ വ്യക്തമായ മാറ്റം സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെ ഹെർമർച്ചീസും സിറിലുമാണ് മെന്റർ മെർലിൻ യുകെ ലിമിറ്റഡ് എന്ന ആരോഗ്യപരിശീലന–സാങ്കേതിക കമ്പനി സ്ഥാപിച്ചത്. നേഴ്സ് ക്ഷാമം നേരിടുന്നതിനുള്ള സമഗ്ര പരിഹാരമായി വികസിപ്പിച്ച ‘ഒപോർട്ടൽ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി നേഴ്‌സ് റിക്രൂട്ട്മെന്റിലെ കാലതാമസം കുറയ്ക്കുക, ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കുക, എൻഎച്ച്എസ് തൊഴിലവസരങ്ങളുമായി നേഴ്സുമാരെ ബന്ധിപ്പിക്കുക, യുകെയിൽ നേഴ്സായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർബന്ധിത പരീക്ഷകൾക്കായുള്ള പരിശീലന–പ്ലേസ്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. എഐ അധിഷ്ഠിത ട്രാക്കിംഗ്, പരിശീലന പുരോഗതി വിലയിരുത്തൽ, സംയോജിത പ്രകടന വിശകലനം, കംപ്ലയൻസ് മോണിറ്ററിംഗ്, ഓൺബോർഡിംഗ് പിന്തുണ എന്നിവയും പ്ലാറ്റ്ഫോമിന്റെ സവിശേഷതകളാണ്.

വെറും നാല് വർഷങ്ങൾക്കുള്ളിൽ ദേശീയതലത്തിൽ അംഗീകാരം നേടിയ സ്ഥാപനമായി മെന്റർ മെർലിൻ വളർന്നു. ദീർഘവീക്ഷണമുള്ള സ്റ്റാർട്ടപ്പ് ആശയം, ധീരമായ കാഴ്ചപ്പാട്, ഫലപ്രദമായ നിർവഹണം, ശക്തമായ സാമൂഹിക സ്വാധീനം എന്നിവയാണ് അവാർഡിന് ഇവരെ അർഹരാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത്. 2023-ലും 2024-ലും യുകെ എൻഎച്ച്എസിന്റെയും കോമൺവെൽത്തിന്റെയും 75-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള വാർത്തകളിൽ മെന്റർ മെർലിൻ ഇടം നേടിയിരുന്നു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഹെർമർച്ചീസും കോട്ടയം കൈപ്പുഴ സ്വദേശിയായ സിറിലും ഈ നേട്ടം കേരളത്തിനും ഇന്ത്യയുടെ വളർന്നു വരുന്ന ആഗോള സ്റ്റാർട്ടപ്പ് രംഗത്തിനും അഭിമാനകരമാണെന്നും, കൂടുതൽ യുവ സംരംഭകർക്ക് ആഗോള അവസരങ്ങൾ തേടാൻ ഇത് പ്രചോദനമാകുമെന്നും അഭിപ്രായപ്പെട്ടു.