പ്രവാസികളായുള്ള എല്ലാ മലയാളികളെയും ഒരുപോലെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ന്യൂസിലാൻഡിൽ കാട്ടുപന്നിയിറച്ചി കഴിച്ച് രോഗാതുരരായ മലയാളി കുടുംബത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ. എന്നാൽ എല്ലാവര്ക്കും ആശാവഹമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പന്നിയിറച്ചി കഴിച്ചതിനെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ മൂന്നുപേര്‍ക്കും മാരകമായ ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇവർ ആശുപത്രി വിട്ടെങ്കിലും ശരീരമാസകലം വിറയലുണ്ടാകുന്നതിനാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ മൂന്നുപേര്‍ക്കും കഴിഞ്ഞിട്ടില്ല. ന്യൂസിലന്റിലെ ഹാമില്‍ട്ടണില്‍ താമസിക്കുന്ന ഷിബു കൊച്ചുമ്മന്‍ (35 ), ഭാര്യ സുബി ബാബു (33), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (62) എന്നിവരെയാണ് നവംബര്‍ 10 ന് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് മാരകമായ ബോട്ടുലിസം എന്ന രോഗാവസ്ഥയായിരിക്കാം എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം നല്‍കിയ സൂചന. ഇവര്‍ കഴിച്ച കാട്ടുപന്നിയിറച്ചിയുടെ സാംപിളും മൂന്നുപേരുടെയും ശരീരദ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നത്. ബോട്ടുലിസത്തിനെതിരായ ആന്റിടോക്‌സിനുകളോട് ഇവരുടെ ശരീരം പ്രതികരിച്ച സാഹചര്യത്തിലായിരുന്നു ബോട്ടുലിസം എന്ന നിഗമനത്തിലെത്താൻ ഡോക്ടര്‍മാരെ പ്രേരിപ്പിച്ച ഘടകം.
അപകടനില തരണം ചെയ്ത ഷിബുവും കുടുംബവും ഡിസംബര്‍ പകുതിയോടെ ആശുപതി വിട്ടു. ഷിബുവിന് നല്‍കിയ ഡിസ്ചാര്‍ജ് നോട്ടിലും ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുലിസമല്ലെങ്കില്‍ പിന്നെന്താണ് ഇവരെ ബാധിച്ച രോഗാവസ്ഥ എന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരയെും കഴിഞ്ഞിട്ടില്ല. കൃഷിയിടകളിലും മറ്റും ഉപദ്രവകാരിയാകുന്ന ജീവികളെ കൊല്ലാനായി ഉപയോഗിക്കുന്ന വീര്യമേറിയ വിഷവസ്തുക്കൾ ആണോ കാരണം എന്നതിനെക്കുറിച്ച് ഷിബുവിന്റെ കുടുംബസുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചതായി ലോക്കൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് ഷിബുവിനെയും കുടുംബത്തെയും ആശുപത്രയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇവര്‍ വ്യക്തമായി സംസാരിക്കാനും സാവധാനം നടക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരീരമാസകലം പലപ്പോഴും വിറയല്‍ ബാധിക്കുന്നതിനാല്‍ ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഇനിയും സമയം എടുക്കുമെന്നാണ് നിഗമനം. ഇവർക്ക് ജോലി ചെയ്യാനും വാഹനം ഓടിക്കാനും ഉള്ള അനുവാദം നല്‍കിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും അപകടനില തരണം ചെയ്‌തതിൽ ന്യൂസിലാൻഡ് മലയാളികൾ സന്തോഷം പ്രകടിപ്പിച്ചു.
Leave a Reply