യൂറോപ്പ്യൻ യൂണിയനിൽ പെടുന്ന മാള്‍ട്ടയില്‍ മലയാളി നേഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളുടെ പരാതി. സിനിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പരാതി നല്‍കി. മാള്‍ട്ടയില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന സിനിയുടെ മരണത്തിലാണ് ദുരൂഹത. സിനി ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വിദേശത്ത് വച്ചും നാട്ടില്‍ വച്ചും സിനിയെ ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.

ഫെബ്രുവരി 17നാണ് സിനി മരിച്ചത്. സിനിയുടെ ഭര്‍ത്താവ് മോനിഷ് തന്നെയാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. ആദ്യം അപകടത്തില്‍ മരിച്ചുവെന്നാണ് നാട്ടില്‍ അറിയിച്ചിരുന്നത്. പിന്നീട് ആത്മഹത്യയെന്ന് മാറ്റിപ്പറഞ്ഞു.

  മലയാളി യുവത്വത്തിന് മാതൃകയായി ബ്രിട്ടനിലെ 4 ചെറുപ്പക്കാർ. സാഹസിക യാത്രയിലൂടെ സമ്പാദിച്ച പണം ചാരിറ്റിക്ക് കൈമാറി

കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ഭര്‍ത്താവ് മോനിഷോ ബന്ധുക്കളോ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തില്ല. ഇതും സംശയമുളവാക്കുന്നുവെന്ന് സിനിയുടെ ബന്ധുക്കള്‍ പറയുന്നു. സിനിയെ കുറച്ചുകാലമായി മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി അമ്മ പറഞ്ഞു. എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി കുറ്റം പറയുമായിരുന്നു.

ചെരിപ്പ് കൊണ്ട് ഇരുകവിളിലും അടിച്ചു. അതിന്റെ ഫോട്ടോകളും സിനി വീട്ടിലേക്ക് അയച്ചിരുന്നു. മേശപ്പുറത്തിരുന്ന സാധനങ്ങള്‍ എടുത്ത് തലയ്‌ക്കെറിഞ്ഞു. മൂക്കിനും വേദനിക്കുന്നു എന്ന് സിനി പറഞ്ഞിരുന്നതായി അമ്മ വെളിപ്പെടുത്തി. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നതായും മാതാപിതാക്കള്‍ പരാതിയിൽ പറയുന്നു.