ന്യൂസ് ഡെസ്ക്. മലയാളം യുകെ.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട ഏയർ ഇന്ത്യ (AI) 149 വിമാനത്തിലെ യാത്രക്കാരിക്ക് പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വിമാനം അടിയന്തിരമായി ദുബായ് ഏയർപോർട്ടിലിറക്കി. യുകെയിലെ സൗത്ത് ഡെവണിലെ ടോർക്കെ പെയിൻ്റണിൽ താമസിക്കുന്ന കോട്ടയം സ്വദേശിനിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

ഇക്കഴിഞ്ഞ മെയ് 14നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി ഏയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം ഏകദേശം ഒരു മണിക്കൂർ യാത്ര പിന്നിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. കഠിനമായ ചെസ്റ്റ് പെയിൻ ആരംഭിച്ചപ്പോൾ ഏയർഹോസ്റ്റസിനെ വിവരമറിയ്ച്ചു. വിമാനത്തിലുണ്ടായിരുന്ന സൗകര്യങ്ങൾ പരിമിതമായതുകൊണ്ട്, മെഡിക്കൽ എമ്രജൻസിയുണ്ട്, ഡോക്ടേഴ്സ് ആരെങ്കിലുമുണ്ടെങ്കിൽ ക്യാബിൻ ക്രൂവുമായി ബന്ധപ്പെടാൻ പെട്ടന്നു തന്നെ അനൗൺസ്മെൻ്റ് ഉണ്ടായി. തുടർന്ന് ഒരു മലയാളി ഡോക്ടറും മൂന്ന് നെഴ്സുമാരും ക്യാബിൻ ക്രൂവുമായി ബന്ധപ്പെട്ടു. നാല് സീരിസ് CPR ഉം മറ്റ് പ്രാഥമിക ചികിത്സകളും കൊടുത്തെങ്കിലും സാഹചര്യം കൂടുതൽ വഷളാകുകയായിരുന്നു.

അടിയന്തിര ചികിത്സ ആവശ്യമാണ്, മുന്നോട്ട് യാത്ര ചെയ്യാൻ സാധിക്കില്ല എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണമെന്ന മലയാളി ഡോക്ടറുടെ അഭ്യർത്ഥന മാനിച്ചാണ് വിമാനം അടിയന്തിരമായി ദുബായ് ഏയർപോർട്ടിലിറക്കിയത്. ആമ്പുലൻസും മറ്റ് സൗകര്യങ്ങളുമായി ഏയർപോർട്ടിലെ എമർജൻസി വിഭാഗം കാത്തു നിൽപ്പുണ്ടായിരുന്നു. ഏയർപോർട്ടിലിറങ്ങിയ ഉടനെ തന്നെ കനേഡിയൻ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിലേയ്ക്ക് രോഗിയെ മാറ്റി. തുടർന്ന് വിമാനം ലണ്ടനിലേയ്ക്ക് യാത്ര തുടർന്നു.

ക്യാബിൻ ക്രൂ മെമ്പേഴ്സിൻ്റെ സമയോന്നിതമായ ഇടപെടീലും വിമാനത്തിലുണ്ടായിരുന്ന മലയാളി ഡോക്ടറിൻ്റെയും നെഴ്സുമാരുടെയും നിസ്വാർത്ഥമായ സേവനങ്ങളുമാണ് ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് സഹയാത്രികർ പറഞ്ഞു. എമ്രജൻസി സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള യാതൊരു ആധുനിയ സംവിധാനങ്ങളും വിമാനത്തിലുണ്ടായിരുന്നില്ല. അടിയന്തിരമായി വിമാനം ദുബായിലിറക്കി രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ചതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. യുകെയിൽ നിന്നും കേരളത്തിലേയ്ക്കുള്ള മിക്കവാറും എല്ലാ വിമാനത്തിലും ഡോക്ടേഴ്സും നെഴ്സുമാരും മറ്റ് ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്നവരുമുണ്ടായികൊണ്ടിരിക്കുന്നത് സർവ്വസാധാരണമായികൊണ്ടിരിക്കുകയാണ്. ഇവരുടെ സേവനം പലപ്പോഴും വിമാന കമ്പനിയ്ക്കും യാത്രക്കാർക്കും തുണയായി എത്താറുണ്ട്. ഇതിന് കാരണം യുകെയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം മലയാളികളും ആരോഗ്യ മേഘലയിൽ പ്രവർത്തിക്കുന്നവരാണ്.

ദുബായിലുള്ള ചില സുഹൃത്തുക്കളുടെ സഹായത്തോടെ പ്രാഥമിക ചികിത്സ കഴിഞ്ഞ് ഇന്നലെ ഏയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ മലയാളി നെഴ്സ് തുടർ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി.

ഒരു യാത്രക്കാരി എന്ന നിലയിൽ ഏയർ ഇന്ത്യയുടെ ദുബായിലെ ഓഫീസിൽ നിന്നും കാര്യമായ ഒരു സഹായവും ഉണ്ടായില്ല. തനിച്ചുള്ള യാത്രയിൽ ആരോഗ്യപരമായ കാരണങ്ങളാൽ യാതൊരു പരിചയവുമില്ലാത്ത രാജ്യത്ത് പെട്ടുപോകുമ്പോൾ സഹായത്തിനായി എത്തേണ്ടത് വിമാന കമ്പനികളാണ്. അമിതമായ പൈസ കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനത്തെത്തുന്നത് വരെ അവർക്ക് സുരക്ഷയൊരുക്കേണ്ടത് വിമാന കമ്പനികളുടെ ചുമതലയാണ്. ആ വിധത്തിലുള്ള ഒരു സഹകരണവും ഏയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് ദുരവസ്ഥയുണ്ടായ നെഴ്സ് പറഞ്ഞു.

വളരെ പ്രകോപനപരമായിട്ടാണ് ജീവനക്കാർ സംസാരിച്ചത്. യാത്രക്കാരിയുടെ ലഗേജി നെക്കുറിച്ചോ, ദുബായിൽ നിൽക്കുന്ന വിസയുടെ സ്റ്റാറ്റസിനേക്കുറിച്ചോ തുടർ നടപടികളെക്കുറിച്ചോ ഒന്നും ജീവനക്കാർക്ക് അറിവില്ല. ഒന്നിനും ഒരു മറുപടിയില്ല. ഏയർ ഇന്ത്യയ്ക്കെതിരെ കേസു കൊടുക്കാൻ പോലും മറ്റു യാത്രക്കാർ പറഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഏയർ ഇന്ത്യയുടെ സൗകര്യങ്ങളിൽ തൃപ്തരല്ലെന്നാണ് വിമാനത്തിൽ യാത്ര ചെയ്യുന്ന സ്വദേശിയരും വിദേശീയരുമായ യാത്രക്കാരുടെ പൊതുവെയുള്ള അഭിപ്രായം.