അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കാസർകോട് സ്വദേശിനിയായ കന്യാസ്ത്രീ സിസ്റ്റർ തെരേസ ക്രാസ്തയെ (48) വൈകാതെ ഡൽഹിയിലെത്തിക്കും എന്ന് റിപ്പോർട്ട്. സിസ്റ്റർ തെരേസ നാട്ടിലേക്ക് പുറപ്പെടുന്നതിനായി കാബൂൾ വിമാനത്താവളത്തിന് പുറത്തെത്തി. വിമാനത്താവളത്തിൽ വലിയ തിരക്കാണെന്നാണ് തെരേസ മെസേജ് അയച്ചപ്പോൾ പറഞ്ഞതെന്ന് സഹോദരൻ അറിയിച്ചു. ഇതേതുടർന്ന്, ഇവർക്ക് ഇതുവരെ വിമാനത്താവളത്തിന് അകത്ത് കയറാനായിട്ടില്ല.
പോപ്പിൻെ ക്ഷണം സ്വീകരിച്ചാണ് യുദ്ധഭൂമിയിലും മറ്റും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താൻ 2017ൽ സിസ്റ്റർ ഇറ്റലിയിലേക്ക് പോയത്. അതുവരെ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നാണ് കാബൂളിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടത്. ഇവിടെ മുപ്പത് വിദ്യാർഥികളെ പരിശീലിപ്പിച്ചുവരുകയായിരുന്നു.
ഇവർ താലിബാൻ അധികാരം പിടിച്ച സമയത്തടക്കം കാബൂളിലെ വിമാനത്താവളത്തിൽ നിന്നും റോഡുമാർഗം കേവലം പതിനഞ്ച് മിനിറ്റ് യാത്രാദൂരെയുള്ള സ്‌കൂളിലാണ് കഴിഞ്ഞിരുന്നത്. ആഗസ്റ്റ് 17ന് സ്‌കൂളടച്ച് ഇറ്റലി വഴി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു വിമാനത്താവളം അടച്ചത്.
ഇതോടെ സിസ്റ്റർ തെരേസ ക്രാസ്തയും പാകിസ്താനിൽ നിന്നുള്ള സിസ്റ്ററും ഇവിടെ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇറ്റാലിയൻ സ്വദേശിനിയായ മറ്റൊരു സിസ്റ്റർ നേരത്തെ മടങ്ങിയിരുന്നു. ഇറ്റലി എംബസിയും ഇന്ത്യൻ എംബസിയും ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്‌തെന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Leave a Reply