വീണുകിട്ടിയ വൻ തുക ഉടമയെ തേടിപ്പിടിച്ച് തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് പ്രവാസി മലയാളി expat relocation services. മലപ്പുറം വണ്ടൂർ ശാന്തപുരം സ്വദേശി നിഷാദ് കണ്ണിയാൻ ആണ് തനിക്ക് വീണ് കിട്ടിയ 10.22 ലക്ഷം രൂപ ഉടമയ്ക്ക് തിരികെ നൽകിയത്. നിഷാദിന്‍റെ സൽപ്രവൃത്തി ശ്രദ്ധയിൽപെട്ട ദുബൈ പൊലീസ്, അദ്ദേഹത്തെ വിളിച്ചുവരുത്തി ആദരിക്കുകയും ചെയ്തു.

നിഷാദിനെ ദുബൈ പൊലീസ് നേരിട്ട് വിളിച്ചുവരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്. ദുബൈ ഡി.ഐ.എഫ്.സിയിലെ യൂനിക് ടവർ സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ് ഇദ്ദേഹം. ഗ്രോസറിയിലെ സാധനങ്ങൾ ഉപഭോക്താവിന് എത്തിക്കാൻ സൈക്കിളിൽ പോകുമ്പോഴായിരുന്നു പണം വീണുകിട്ടിയത്. ശൈഖ് സായിദ് റോഡിന് സമീപത്തുനിന്നാണ് നിഷാദിന് ചെറിയൊരു കവർ കിട്ടിയത്. തുറന്നുനോക്കിയപ്പോൾ 46,000 ദിർഹം (ഏകദേശം 10,22,179 രൂപ). ഉടൻ തന്നെ ഈ വിവരം ഗ്രോസറി മാനേജർ മുഹമ്മദ് ഫാസിലിനെയും സുഹൃത്ത് ഇയാദിനെയും അറിയിക്കുകയും തുക അന്ന് തന്നെ ബർദുബൈ പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു.

അവരുടെ നിർദേശപ്രകാരം പണം ദുബൈ റാശിദ് പോർട്ട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നിഷാദ് കവർ കിട്ടിയ സ്ഥലത്തിനു സമീപത്തെ ഫ്ലാറ്റിലെത്തി തന്റേതായ രീതിയിൽ അന്വേഷണം നടത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന് തിരക്കി. അവർ അറിയിച്ചതനുസരിച്ചാണ് യഥാർഥ ഉടമയെ കണ്ടെത്തിയത്. വിദേശിയായ താമസക്കാരന്‍റേതായിരുന്നു പണം എന്ന് കണ്ടെത്തുകയും പണം പൊലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം നേരിട്ടെത്തി പണം കൈപ്പറ്റി.