മരണത്തിൻ്റെ ആഴങ്ങളിലേയ്ക്ക് എടുത്തു ചാടിയ ആ യുവാവിനെ രക്ഷിച്ചത് ദൈവത്തിൻ്റെ കൈകൾ; അതും ഒരു മലയാളി യുവാവിലൂടെ. ജീവിതത്തിന് പൂർണവിരാമമിടാൻ വേണ്ടി കരാമയിലെ ബഹുനില കെട്ടിടത്തിൻ്റെ നാലാം നിലയിലെ തൻ്റെ താമസ സ്ഥലത്തെ ജനാല വഴി ചാടിയ നേപ്പാളി യുവാവിൻ്റെ ജീവൻ രക്ഷിച്ച കൊല്ലം പത്തനാപുരം സ്വദേശി ഷെബി ഖാസിമിന് എങ്ങുനിന്നും അഭിനന്ദനപ്രവാഹം.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസ് വിഭാഗത്തിലേയ്ക്ക് ഒരു ഫോൺ കോൾ വന്നു, കരാമയിൽ നേപ്പാളി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ എത്ര ശ്രമിച്ചിട്ടും തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കാതെ വന്നപ്പോള്‍ സഹ താമസക്കാർ ഫോൺ ചെയ്യുകയായിരുന്നു. പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഷെബി ഖാസിം അടക്കമുള്ള സംഘം ഉടൻ ബർ ദുബായിൽ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. അഞ്ച് മിനിറ്റ് കൊണ്ട് അവിടെ എത്തപ്പെട്ടു. നാലാം നിലയിലെ യുവാവിൻ്റെ ഫ്ലാറ്റിലേയ്ക്ക് ചെന്നപ്പോൾ ജനാലയ്ക്കടുത്ത് നിൽക്കുകയായിരുന്നു 28കാരൻ. ഷെബിയെയും സംഘത്തെയും കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ അയാൾ പുറത്തേയ്ക്ക് ചാടി. ഇതു കണ്ടതും എവിടെ നിന്നോ കിട്ടിയ ഉൗർജത്താൽ ഷെബി ജനാലയ്ക്ക് നേരെ കുതിച്ചു. നേപ്പാളി യുവാവിൻ്റെ അരയോളം താഴേയ്ക്ക് പതിക്കുകയും കാലുകൾ രണ്ടും മേൽപോട്ട് നിൽക്കുകയും ചെയ്തിരുന്നു. ഷെബിക്ക് പിടികിട്ടിയത് വലത്തേ കാൽ. സർവശക്തിയുമെടുത്ത് അതിൽ മുറുകെ പിടിച്ചു. ഉടൻ സഹപ്രവർത്തകൻ മാർക് ടോറിസും ചേർന്ന് വലിച്ച് മുകളിലേയ്ക്കിട്ടു. അല്ലായിരുന്നുവെങ്കിൽ ഒരൊറ്റ നിമിഷം കൊണ്ട് അയാളുടെ ജീവൻ പൊലിയുമായിരുന്നു.

  ചൈനയെ തകര്‍ത്ത് വന്‍ പ്രളയം; വെള്ളപ്പാച്ചിലിൽ കടലാസ് പോലെ ഒഴുകി കാറുകൾ, ഡാമുകൾ തകർന്നേക്കുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്

എവിടെ നിന്നാണെന്നറിയില്ല, ആ നിമിഷം മുന്നോട്ട് കുതിക്കാൻ എന്നെ ആരോ പ്രേരിപ്പിക്കുകയായിരുന്നു. അതിനെ ഞാൻ ദൈവത്തിൻ്റെ ഇടപെടലെന്ന് വിശേഷിപ്പിക്കുന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കാലിൽ പിടിത്തം കിട്ടുമെന്ന്. പക്ഷേ, അയാളുടെ ഭാഗ്യമെന്നേ പറയേണ്ടൂ, പിന്നെ ദൈവഹിതമെന്നും.കാസിം പറഞ്ഞു നിർത്തുന്നു

ജീവൻ തിരിച്ചുകിട്ടിയ നേപ്പാളി യുവാവിനെ പിന്നീട് റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.നാട്ടിൽ പാരാ മെഡിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 30കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് ആൻഡ് റെസ്ക്യു സർവീസസില്‍ പാരാമെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു:

മൂന്ന് വർഷത്തെ സേവനത്തിനിടയ്ക്ക് ഷെബിക്ക് ഒട്ടേറെ ജീവനുകൾ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയത് ഇതാദ്യം.

സ്വദേശികൾക്കും മലയാളികളടക്കമുള്ള വിദേശികൾക്കുമിടയിൽ ഹൃദയാഘാതമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. അതിപ്പോൾ പ്രായവ്യത്യാസമില്ലാതെ മനുഷ്യ ജീവനുകൾ കവരുന്നു. വളരെ ചെറുപ്പക്കാർ പോലും ഹൃദയാഘാം മൂലം പിടഞ്ഞുവീണ് മരിക്കുന്നു. ജീവിത ശൈലിയിലെ പ്രശ്നങ്ങളാണ് ഇതിന് മുഖ്യ കാരണം. ജോലി സ്ഥലത്തെയും കുടുംബത്തിലെ മാനസിക സമ്മർദ്ദങ്ങൾ, ഭക്ഷണക്രമത്തിലെ പാളിച്ചകൾ, വ്യായാമത്തിൻ്റെ അഭാവം തുടങ്ങിയവ തന്നെ ഇതിന് പ്രധാന കാരണങ്ങൾ. ജീവിതം മുന്നോട്ട് നയിക്കണമെങ്കിൽ തീർച്ചയായും ഇൗ കാര്യങ്ങളിൽ ശ്രദ്ധവേണമെന്ന് ഷെബി പറയുന്നു.