കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്കേറ്റിങ് ബോര്‍ഡില്‍ യാത്ര നടത്തി ചരിത്രം തിരുത്തുകയെന്ന അനസിന്റെ മോഹം മരണത്തില്‍തട്ടി അവസാനിച്ചത് ലക്ഷ്യസ്ഥാനത്തിനത്തെത്തുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ.എല്ലാവരുടേയും സുഖവിവരമന്വേഷിച്ച്, രണ്ടുമാസത്തെ യാത്രയുടെ സന്തോഷം പങ്കുവെച്ച് വീഡിയോ പങ്കുവെച്ചതിനു തൊട്ടുപിന്നാലെ ഹരിയാനയിലെ റോഡില്‍ അനസിനെ മരണം തട്ടിയെടുത്തു.
കുഞ്ഞുന്നാള് മുതല്‍ കൂടെക്കൂട്ടിയ സ്കേറ്റിങ് ബോര്‍ഡുമായി പുറപ്പെട്ട തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അനസ് ഹജസ് തന്റെ യാത്രയുടെ 64-ാം ദിവസമാണ് ഹരിയാനയിലെ പിങ്ചോറില്‍ വെച്ച് അപകടത്തില്‍ മരിച്ചത്. രണ്ടാഴ്ച കൂടി യാത്ര നടത്തിയാല്‍ തന്റെ ചിരകാല സ്വപനത്തിലേക്ക് മുത്തമിടാമെന്ന ആത്മവിശ്വാസത്തിന് ഫുള്‍സ്റ്റോപ്പിട്ട് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപ്രതീക്ഷിതമായെത്തിയ ടാങ്കര്‍ലോറി അപകടം. ഹരിയാനയിലെ അമ്പലയില്‍ നിന്നുള്ള അനസിന്റെ ഒടുവിലത്തെ വീഡിയോയില്‍ സ്വപ്നസാക്ഷാത്കാരത്തിന് തൊട്ടടുത്തെത്തിയതിന്റെ സന്തോഷം മാത്രമായിരുന്നു നിറഞ്ഞുനിന്നത്. അനസിന്റെ അവസാന വീഡിയോയില്‍ അനസ് ഇങ്ങനെ പറയുന്നു:
ഹലോ ഗയ്സ് ഞാന്‍ അനസ് ഹജാസ്, എല്ലാവര്ക്കും സുഖം തന്നെയെന്ന് കരുതുന്നു. ഞാന്‍ സ്കേറ്റിംഗ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് പോവുകയാണ്. ഞാന്‍ ഇപ്പോഴുള്ളത് ഹരിയാനയിലെ അമ്പല എന്ന സ്ഥലത്താണ്. ഇതുവരെ എല്ലാം സേഫ് ആയി പോയിക്കൊണ്ടിരിക്കുന്നു. ഇനിയൊരു പത്ത് പതിനഞ്ച് ദിവസം കൂടിയെടുക്കും കശ്മീരിലേത്താന്‍. ഇവിടെ രാവിലെയെല്ലാം മഴയാണ്. നല്ല ഭക്ഷണം കഴിച്ച് വിവിധ ആളുകളെ കണ്ട് യാത്ര തുടരുന്നു.
സാമൂഹ്യമാധ്യമത്തില്‍ അനസ് ഹജാസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇങ്ങനെ പറയുമ്പോള്‍ അത് തന്റെ അവസാന വീഡിയോ ആയിരിക്കുമെന്ന് ഈ 31-കാരന് ഒരിക്കലും കരുതിയിരുന്നില്ല. ചരിത്രം തിരുത്തിയ വാര്‍ത്ത കേള്‍ക്കാമെന്ന് പ്രതീക്ഷിച്ച കുടുംബത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ കേള്‍ക്കാനായത് അനസിന്റെ മരണവാർത്തയാണ്. ഇതിന്റെ നടുക്കത്തിലാണ് തിരുവനന്തപുരം വെഞ്ഞാറമൂടിലെ ബന്ധുക്കളും നാട്ടുകാരുമടക്കമുള്ളവര്‍.
മരണത്തിന് തൊട്ടുമുമ്പ് അനസ് പങ്കുവെച്ച വീഡിയോ
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ താന്‍ കുഞ്ഞുന്നാളിലേ കൂടെ കൂട്ടിയ സ്കേറ്റിങ് ബോര്‍ഡുമായി ഒരു യാത്ര പോവണമെന്നുള്ളത് അനസിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമൊക്കെയായി കശ്മീരിലേക്ക് ആളുകള്‍ പോവാറുണെങ്കിലും സ്കേറ്റിങ് ബോര്‍ഡില്‍ പോയി ചരിത്രമെഴുതുകയെന്നതായിരുന്നു അനസിന്റെ ലക്ഷ്യം. സ്കേറ്റിങ് താരമായി അറിയപ്പെട്ടത് മുതല്‍ മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹത്തിന് തുടക്കമായത് കഴിഞ്ഞ മെയ് 29-ന്.
ഒരു ദിവസം 40 കി.മി ദൂരമായിരുന്നു അനസിന്റെ യാത്ര. പിന്നെ വിശ്രമം. 64 ദിവസത്തെ യാത്രയ്ക്ക് ശേഷം ലക്ഷ്യത്തിലെത്താന്‍ അനസിന് 600 കി.മീ താഴെ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അമ്പലയിലെത്തി വിശ്രമത്തിനിടെയാണ് അവസാന വീഡിയോ എടുത്തത്. അതു കഴിഞ്ഞ് പിങ്ചോര്‍ പോലീസ് സ്റ്റേഷന് പരിസരത്തുവെച്ച് പാഞ്ഞടുത്ത ടാങ്കര്‍ ലോറി അനസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. ഇടിച്ച ടാങ്കര്‍ ലോറി നിര്‍ത്താതെ പോയതിനാല്‍ വാഹനത്തെ കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. യാത്രയ്ക്കിടെ ഹരിയാനയില്‍ നിന്ന് പരിചയപ്പെട്ട ഒരു മലയാളിയാണ് അനസിന്റെ മരണ വാര്‍ത്ത സഹോദരനെ അറിയിച്ചത്. ബന്ധുക്കള്‍ ഹരിയാനയിലേക്ക് തിരിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് കൂനന്‍ വേങ്ങയില്‍ അലിയാര് കുഞ്ഞിന്റെ മകനാണ് അനസ് ഹജാസ്.
Leave a Reply