കാനഡയിൽ മലയാളി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. മൂന്നാർ മനയത്ത് എം.എ. വർഗീസിന്റെയും ഷീനയുടെയും മകൻ ഡാനി ജോസഫ് (20) നെയാണ് കാണാതായത്. വെള്ളിയാഴ്ച കാനഡയിലെ കാസിനോയിൽ കാണാതായതായാണ് ഇവിടെ വിവരം ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഇന്ത്യൻ എംബസിവഴി വിവരങ്ങൾ അന്വേഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
2016 സെപ്റ്റംബറിലാണ് ഡാനി മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി വിദേശത്തേക്കു പോയത്. നയാഗ്ര കോളജിലായിരുന്നു പഠനം. നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു താമസം. എന്നും വീട്ടിലേക്കു വിളിക്കുമായിരുന്ന ഡാനി കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചിരുന്നില്ല. വീട്ടുകാർ തിരിച്ചുവിളിച്ചെങ്കിലും ഫോണ് സ്വിച്ച് ഓഫായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഫോണ് കിട്ടാതായതോടെ സംശയംതോന്നിയ വീട്ടുകാർ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. കാനഡയിലുള്ള മലയാളി അസോസിയേഷനുകളെ വിവരം അറിയിച്ചതിനെതുടർന്നാണ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനായത്.
Leave a Reply