കാനഡയിലെ മഞ്ഞുവീഴ്ചയുള്ള വഴിയിലൂടെ 60 ടണ്‍ ലോഡുമായി ട്രക്ക് ഓടിച്ച് ഞെട്ടിക്കുകയാണ് മലയാളികളുടെ സിങ്കപ്പെണ്ണായ 24കാരി സൗമ്യ സജി. ട്രക്ക് ഡ്രൈവര്‍മാരെ പോലും അമ്പരപ്പിക്കുകയാണ് സൗമ്യയുടെ ചങ്കുറപ്പും ആത്മവിശ്വാസവും. ട്രക്ക് ട്രെയിലറിന്റെ നീളം 52 അടിയും ട്രാക്ടറിന്റെ നീളം 15 അടിയും. 22 ടയറുകളുള്ള ഈ ഭീമന്‍ വാഹനത്തിന്റെ വളയം പിടിക്കുന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇതെല്ലാം നിസാരമെന്ന് പ്രഖ്യാപിച്ചാണ് സൗമ്യയുടെ ഡ്രൈവിങ്.

2019 ഓഗസ്റ്റിലാണ് ന്യൂട്രിഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ് പഠിക്കാന്‍ സൗമ്യ കാനഡയിലെത്തുന്നത്. പഠനകാലത്ത് താമസിച്ചിരുന്ന കേംബ്രിജില്‍ നിന്നുള്ള ബസില്‍ ഡ്രൈവര്‍ സീറ്റിനടുത്തിരുന്ന് ഡ്രൈവര്‍മാരോട് സംസാരിക്കുന്നതിനിടെയാണ് കാനഡയില്‍ സ്ത്രീകള്‍ വലിയ വാഹനങ്ങളോടിക്കുന്നതിനെ കുറിച്ച് അറിഞ്ഞത്. ശേഷം, കാനഡയിലെ മലയാളിക്കൂട്ടായ്മയില്‍ നിന്ന് ട്രക്ക് ഡ്രൈവിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. പിന്നീട്, ട്രക്ക് ഓടിക്കാനും സൗമ്യ ഇറങ്ങിതിരിക്കുകയായിരുന്നു.

കാനഡയില്‍ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് സൗമ്യ. കിഴക്കമ്പലം മണ്ണാലില്‍ എം.പി. സജിമോന്റെയും മിനിയുടെയും ഏകമകളാണ് സൗമ്യ. ബി.പി.സി.എല്‍. കാന്റീന്‍ ജീവനക്കാരനായ സജിമോന്‍ ബുദ്ധിമുട്ടിയാണ് മകളെ കാനഡയ്ക്ക് പഠിക്കാന്‍ അയച്ചത്. പഠനച്ചെലവിനൊപ്പം ട്രക്ക് ഡ്രൈവിങ് പഠിക്കാനുള്ള ചെലവും സൗമ്യയ്ക്ക് താങ്ങാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, കാനഡ മലയാളിക്കൂട്ടായ്മയും സുഹൃത്തുകളും സഹായവും പിന്തുണയും നല്‍കി കൂടെ നിന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ട്രക്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴും പലരും പിന്തിരിപ്പിച്ചു. ‘ഈ പെണ്‍കുട്ടി ഓവര്‍സ്മാര്‍ട്ടാണ്’ എന്നുവരെ പലരും പറഞ്ഞു. എന്നാല്‍, അതൊന്നും താന്‍ മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു പഠിത്തം.

രണ്ടുമാസത്തെ ട്രക്ക് ഡ്രൈവിങ് കോഴ്സിന് മാത്രം അഞ്ചു ലക്ഷത്തോളം രൂപ ചെലവുവരും. സ്വന്തമായി കാറുപോലുമില്ലാതിരുന്ന സൗമ്യ, പഠനത്തിന്റേയും പാര്‍ട്ട് ടൈം ജോലിയുടെയും ഇടയിലാണ് ട്രക്ക് ഡ്രൈവിങ് പഠിച്ചത്. പുരുഷന്മാര്‍ക്കുമാത്രം നല്‍കുന്ന ലോങ് ട്രിപ്പുകളും ഇപ്പോള്‍ സൗമ്യക്ക് കമ്പനി നല്‍കുന്നുണ്ട്.