ഗള്‍ഫില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ മലയാളി യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.തൃത്താല കുമരനെല്ലൂര്‍ തൊഴാമ്ബുറത്ത് സനൂപിനെ(30) ആണ് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്. മൂന്ന് വര്‍ഷം മുൻപ്  സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ സനൂപ് ഗള്‍ഫിലെത്തിയത്. അവിടെ സ്വന്തം ബിസിനസ് ആരംഭിക്കുകയും ചെയ്തു. ഖത്തറിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ കയറ്റി അയക്കുന്ന കൂട്ടുകച്ചവടമാണ് ഇയാള്‍ തുടങ്ങിയത്. ഇതിനായി പലരില്‍ നിന്നും 20 കോടിയോളം രൂപ വാങ്ങി.എന്നാല്‍ ഈ പണവുമായി ഇടനിലക്കാരനായ ഇറാഖ് സ്വദേശി മുങ്ങിയെന്നാണ് പ്രതി പറയുന്നതെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഇയാള്‍ മറ്റുള്ളവരെ അറിയിക്കാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ആഗസ്ത് 23ന് നാട്ടിലെത്തിയ ഇയാള്‍ മൂകാംബികയിലേക്കെന്നും പറഞ്ഞ് ഭാര്യയും മക്കളുമായ് വീടു വിട്ടിറങ്ങി. എന്നാല്‍ പിന്നീട് ഇവരെ പറ്റി യാതൊരു വിവരവുമില്ലായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഒഫായിരുന്നു. . തുടര്‍ന്ന് ഇയാളുടെ ആധാറുമായി ബന്ധപ്പെടുത്തി നടന്ന അന്വേഷണത്തില്‍ സനൂപി​ന്റെ  പേരില്‍ പുതിയ സിം കാര്‍ഡ് എടുത്തതായി കണ്ടെത്തി. ഇതില്‍ നിന്നും വിളിച്ച ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ്​   തമിഴ്നാട്  ട്രിച്ചിയില്‍ ഇയാള്‍ താമസിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പട്ടാമ്പി പോലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.എടപ്പാള്‍, ചങ്ങരംകുളം, വടകര, കോഴിക്കോട് തുടങ്ങി കേരളത്തിന്റെ വിവിധയിടങ്ങളിലെ ആളുകളില്‍ നിന്നും സനൂപ് പണം വാങ്ങിയിട്ടുണ്ട്. ഇതില്‍ രണ്ടരക്കോടി നല്‍കി കബളിപ്പിക്കപ്പെട്ട ചങ്ങരംകുളം സ്വദേശിയുടെ പരാതിയിലാണ് സനൂപിന്റെ അറസ്റ്റ്. അറസ്റ്റ് വിവരം അറിഞ്ഞു ഏഴോളം പേര്‍ സമാന പരാതിയുമായി ബുധനാഴ്ച പട്ടാമ്പി പോലീസ് സ്റ്റേഷനിലെത്തി.