പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് നടി മല്ലിക സുകുമാരന്‍. മോഹന്‍ലാലിനെ പോലെ സഹകരിക്കുന്ന നടനെ താന്‍ കണ്ടിട്ടില്ല എന്നാണ് മല്ലിക പറയുന്നത്. സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150 ശതമാനം നടന്‍ നല്‍കുമെന്നും മല്ലിക പറയുന്നു.
”ലാലിനെ പോലെ സഹകരിക്കുന്ന നടനെ ഞാന്‍ കണ്ടിട്ടില്ല. പത്തുതവണ റിഹേഴ്‌സല്‍ എടുക്കണമെങ്കിലും മടിയില്ല. എല്ലാം റെഡിയാകുമ്പോള്‍ എന്നെ വിളിച്ചാല്‍ മതിയെന്നു പറഞ്ഞു മാറി ഇരിക്കുന്ന താരങ്ങള്‍ ഉണ്ട്. എന്നാല്‍ മോഹന്‍ലാല്‍ മുഴുവന്‍ സമയവും കൂടെത്തന്നെ നില്‍ക്കും. ക്യാമറ ഓണ്‍ ചെയ്താല്‍ സ്വിച്ചിട്ടതു പോലെ കഥാപാത്രമാകും.”
”സംവിധായകന്‍ പ്രതീക്ഷിക്കുന്നതിന്റെ 150% ആണ് ലാല്‍ നല്‍കുന്നത്. ‘എന്തൊരു നടനാണ് ഭഗവാനേ’ എന്നു ഞാന്‍ കരുതിയിട്ടുണ്ട്. കിലുക്കത്തിലെയും ചിത്രത്തിലെയും ലാലിനെ ബ്രോ ഡാഡിയില്‍ വീണ്ടും കാണാം. മോഹന്‍ലാലിന്റെ ക്ഷമ എന്തെന്നു പുതിയ തലമുറ കണ്ടുപഠിക്കണം. സെറ്റില്‍ ഒപ്പംനിന്നു പടം എടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുക.”
”അഭിനയിച്ചു ക്ഷീണിച്ചു തിരികെ വന്ന് എവിടെയെങ്കിലും ഇരിക്കാന്‍ തുടങ്ങുമ്പോഴായിരിക്കും ഇത്. ഒരു മടിയും കാട്ടാതെ എല്ലാവരുടെയും കൂടെനിന്നു പടം എടുക്കും. എല്ലാം കഴിഞ്ഞേ ലാല്‍ ഇരിക്കൂ. ഇത്രയും ക്ഷമ മറ്റാരിലും കണ്ടിട്ടില്ല” എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറയുന്നത്.
Leave a Reply