കുഴൽകിണറിൽ വീണ രണ്ട് വയസ്സുകാരിയെ 11 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തെടുത്തു. 15 അടി താഴ്ചയിലായിരുന്നു കുട്ടി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ വിനുഗോണ്ടക്കടുത്ത് ഉമ്മദിവാരം ഗ്രാമത്തിലായിരുന്നു അപകടം.

ഇന്നലെ വൈകീട്ട് മൂന്നോടെയാണ് കുട്ടി കിണറിൽ വീണത്. വീടിനടുത്തെ മൂടാത്ത നിലയിലായിരുന്ന കുഴൽക്കിണറിലേക്ക് കുട്ടി കളിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെയും പൊലിസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമഫലമായാണ് കുട്ടിയെ പുറത്തെടുത്തത്. കിണറിന് സമാന്തരമായി ജെ.സി.ബി ഉപയോഗിച്ച് മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷിച്ചത്. ഈ സമയമത്രയും കുട്ടിക്ക് ഓക്‌സിജൻ ട്യൂബും കിണറിനകത്തേക്ക് നൽകിയിരുന്നു. പുറത്ത് മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിരുന്നു. ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.