ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്നയാളാണ് മല്ലിക സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ ഇതിന് പല ഉദ്ദാഹരണങ്ങളുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയുമായി ബന്ധപ്പെടുത്തി മല്ലികയെ ഒന്നു ട്രോളാമെന്നു കരുതി വന്നയാള്‍ക്കും കിട്ടി കണക്കിന്. ഒരു ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതായിരുന്നു മല്ലിക.
ലോക് ഡൗണ്‍ കാലവും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവച്ച് പോകുമ്പോഴായിരുന്നു പരിഹാസ ചോദ്യവുമായി ഒരാള്‍ എത്തുന്നത്. അയാള്‍ക്ക് അറിയേണ്ടത് പൃഥ്വിയുടെ ലംബോര്‍ഗിനിയെ കുറിച്ചായിരുന്നു. ലംബോര്‍ഗിനി ഇപ്പോള്‍ എവിടെയാണമ്മേ എന്നായിരുന്നു കക്ഷിക്ക് അറിയേണ്ടിയിരുന്നത്. ഒട്ടും വൈകിയില്ല മറുപടിക്ക്. ‘ അതിവിടെ അലമാരയില്‍ വച്ചു പൂട്ടിയേക്കുകയാ മോനേ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ’ എന്നായിരുന്നു ചിരിയോടെയുള്ള ആ തിരിച്ചടി!
മുന്‍പ് ഒരഭിമുഖത്തില്‍ പൃഥ്വിരാജ് വാങ്ങിയ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തില്‍ ഇല്ലെന്നുള്ള മല്ലികയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരേയുള്ള വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു ഈ ചോദ്യവും. എന്തായാലും ഈ ചോദ്യവും അതിനുള്ള ഉത്തരവും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിട്ടുണ്ട്.
Leave a Reply