മലബാറിലെ രണ്ട് നാട്ടുരാജവംശങ്ങളായ സാമൂതിരിമാരും വള്ളുവനാട് രാജാക്കന്മാരും തമ്മിലുള്ള മൂന്നര നൂറ്റാണ്ട് നീണ്ട കുടിപ്പക പരാമർശിക്കുന്നിടത്താണ് മാമാങ്കം, മണിത്തറ, ചാവേറുകൾ, മണിക്കിണർ പോലുള്ള സംജ്ഞകൾ ചരിത്രത്തിൽ കടന്നുവരുന്നത്.

ആളും കോപ്പും ആയുധസന്നാഹങ്ങളും എല്ലാം കണക്കിലേറെയുള്ള സാമൂതിരി മാമാങ്കവേദിയിലെ മണിത്തറയിൽ ഇരിക്കുമ്പോൾ ഉശിരുമാത്രം കൈമുതലാക്കി മരണമുറപ്പായിട്ടും എതിരിടാൻ ചെല്ലുന്ന ചാവേറുകളുടെ വീരചരിതം എത്ര നൂറ്റാണ്ട് കഴിഞ്ഞാലും കേൾക്കുന്നവരിൽ രോമാഞ്ചമുണ്ടാക്കുന്ന ‘ഹെവി ഐറ്റമാണ്’. കാവ്യാ ഫിലിം ഫാക്ടറിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച മാമാങ്കമെന്ന വൻ ബജറ്റ് സിനിമയുടെ ഉള്ളടക്കവും അതുതന്നെ.

ചരിത്രത്തെ കുറിച്ച് അവഗാഹം കുറവുള്ളവർക്ക് ഇത്തരം കാര്യങ്ങളെല്ലാം ലളിതമായി വിശദീകരിക്കുന്ന രഞ്ജിത്തിന്റെ വോയ്സ് ഓവറോടെ സിനിമ തുടങ്ങുന്നു. വിശദീകരിക്കുന്നത് സിംപിളായിട്ടാണെങ്കിലും ചരിത്രം പലപ്പോഴും പവർഫുള്ളും ഒപ്പം കൺഫ്യൂസിങ്ങും ആണെന്ന് പിന്നീടുള്ള സംഭവങ്ങൾ നമ്മളെ ബോധ്യപ്പെടുത്തും. വോയ്സ് ഓവർ പശ്ചാത്തലത്തിൽ നടക്കുമ്പോൾ 1695 -ലെ മാമാങ്ക മഹോത്സവത്തിന്റെ കാഴ്ചകളോടെ സിനിമ മുന്നോട്ട് പോവും. കൃത്യം എട്ടാമത്തെ മിനിറ്റിൽ കൊലമാസ്സായി ഇക്ക അവതരിക്കുകയും ചെയ്യും.

സാമൂതിരിയെ വെട്ടാൻ പറന്നുയരുന്ന ചന്ദ്രോത്ത് വലിയ പണിക്കറാണ് ഇക്ക. അതായത് ചാവേറുകളുടെ തലവൻ. തുടർന്നങ്ങോട്ട് ഏഴുമിനിറ്റോളം ഇക്കയുടെ വിളയാട്ടവും തേരോട്ടവും പടയോട്ടവുമാണ് കാണാൻ കഴിയുക. ഫാൻസുകാരുടെ മനസ്സിൽ അപ്പോൾ ഇക്കയ്ക്ക് ബാഹുബലിയുടെ പ്രഭാസിന്റെയും കെജിഎഫിലെ യാഷിന്റെയും കൂടി ചേർന്ന ഇമേജും ആഹ്ളാദാതിരേകവുമായിരിക്കും. അതു കഴിഞ്ഞ് വലിയ പണിക്കർ നിഷ്ക്രമിക്കും. സ്‌ക്രീനിൽ വൻ ഡെക്കറേഷനോടെ തെളിയും. മാമാങ്കം. സംവിധാനം എം പദ്മകുമാർ.

1695 -ലെ മാമാങ്കവും മേല്പറഞ്ഞ വലിയ പണിക്കരും ചരിത്രത്തിലെ മറ്റ് മാമാങ്കങ്ങളിൽ നിന്നും ചാവേറുകളിൽ നിന്നും വ്യത്യസ്തമാണെന്ന് രഞ്ജിത്തിന്റെ ആത്മഭാഷണം സൂചിപ്പിക്കുന്നുണ്ട്. മാമാങ്കം എന്ന ഹിസ്റ്റോറിക്കൽ ഇവന്റിൽ നിന്നും ഒരു സിനിമാറ്റിക് എലമെന്റ് കണ്ടെത്തുന്നതും ആ വേർതിരിയലിന്റെ പിറകെ സഞ്ചരിച്ചുകൊണ്ടാണ്. 15 മിനിറ്റ് കൊണ്ട് ഇക്ക നിഷ്ക്രമിച്ച ശേഷം പിന്നെ 24 വർഷങ്ങൾക്ക് ശേഷമുള്ള ചന്ദ്രോത്ത് തറവാട്ടിലെ ചില സംഭവങ്ങൾ കാണിച്ചുകൊണ്ടാണ് തുടരുന്നത്. അപ്പോഴത്തെ ചന്ദ്രോത്തെ പണിക്കർ ഉണ്ണിമുകുന്ദനാണ്.

പണിക്കരുടെ അനന്തിരവൻ ചന്തുണ്ണിയായി അച്യുതൻ എന്ന സിങ്കക്കുട്ടിയുമുണ്ട്. ഇന്റർവെൽ വരെ രണ്ടുപേരുമായി ബന്ധപ്പെട്ട സംഭങ്ങളുമായി സിനിമ മുന്നോട്ട് പോവും. ഇന്റർവെൽ ആവുമ്പോൾ മാരകമായൊരു ട്വിസ്റ്റുമായി ഇക്ക വീണ്ടും വരും. തുടർന്ന് ഇന്റർവെല്ലിനു ശേഷം മൂന്നുപേരും ചേർന്നുള്ള ‘മാസോട് മാസ് ക്ലാസ്’ പരിപാടികളാണ്. മാമാങ്കം എന്ന സിനിമയിൽ സജീവ് പിള്ള എത്ര ശതമാനമാണ്, ശങ്കർ രാമകൃഷ്ണൻ എത്ര ശതമാനമാണ് എന്നൊന്നും എനിക്കറിയില്ല.

പക്ഷെ, പ്രേക്ഷകരെ രണ്ടര മണിക്കൂർ നേരം തിയേറ്ററിൽ പൂർണമായും എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു മികച്ച സിനിമാനുഭവമാണ് അത്. അതുകൊണ്ടുതന്നെ മാമാങ്കം ജോസഫിന് ശേഷം വന്ന ഒരു പദ്മകുമാർ സിനിമയായി കാണാനാണ് എനിക്കിഷ്ടം. പദ്മകുമാറിന്റെ ക്‌ളാസിൽ നിന്നും ഒരിക്കലും അത് താഴെ പോവുന്നുമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചരിത്രത്തോട് നീതി പുലർത്തിയോ എന്നൊക്കെ ആ മേഖലയിലെ പണ്ഡിതർ വിലയിരുത്തേണ്ട കാര്യമാണ്. സിനിമയ്ക്ക് കേറുന്ന ഞാനുൾപ്പടെ 99.99 ശതമാനത്തിനും പാണ്ഡിത്യബാധ്യത ഇല്ലാത്തതിനാൽ അത്തരം കാര്യങ്ങൾക്ക് പ്രസക്തിയുമില്ല.

പക്ഷെ ഒരു കാര്യം ഉറപ്പാണ്. മാമാങ്കത്തെ ഒരു സൂപ്പർസ്റ്റാർ ചിത്രമെന്ന നിലയിൽ സംവിധായകരോ എഴുത്തുകാരോ വഴിപിഴപ്പിച്ചിട്ടില്ല. മമ്മുട്ടി എന്ന മെഗാസ്റ്റാറിന് വേണ്ടി ആദ്യഭാഗത്തെ ഒരു ഏഴ് മിനിറ്റും അവസാനത്തെ ഒരു ആറു മിനിറ്റും ഒന്ന് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട് എന്ന് മാത്രമേയുള്ളൂ — ആരാധകർക്കും വേണ്ടേഡേയ് എന്തെങ്കിലുമൊക്കെ.

ഇക്കയുടെ എല്ലാ പരാധീനതകളും അറിഞ്ഞുകൊണ്ടുള്ള പാത്രസൃഷ്ടിയാണ് പണിക്കരുടേത്. വടക്കൻ വീരഗാഥ പോലെ വെല്ലുവിളിയുയർത്തുന്ന വൈകാരിക മുഹൂർത്തങ്ങളൊന്നുമില്ല. ഇക്ക അത് പൂ പറിക്കും പോലെ അനായാസമാക്കി.

ഒപ്പം ഉണ്ണി മുകുന്ദനും അച്യുതനും പൂണ്ടു വിളയാടാനുള്ള അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്തു. ഉണ്ണി മുകുന്ദന് അഖിലേന്ത്യ അടിസ്ഥാനത്തിൽ തന്നെ മാർക്കറ്റു വർധിപ്പിക്കുന്ന പടമായിരിക്കും മാമാങ്കം. അജ്‌ജാതി മാരക പ്രെസൻസും പെർഫോമൻസുമാണ് ചാത്തോത്ത് പണിക്കർ.

മമ്മൂട്ടിയും ഉണ്ണിമുകുന്ദനും സ്‌ക്രീനിൽ ഉള്ളപ്പോൾ അച്യുതനെന്ന കുട്ടി ഫാൻസ്‌ ഷോയിൽ നേടുന്ന കയ്യടി ആനന്ദകരമായ കാഴ്ചയാണ്. മമ്മുട്ടിയുടെ അനന്തരവനായ ഉണ്ണി മുകുന്ദൻ. ഉണ്ണിമുകുന്ദന്റെ അനന്തിരവനായ അച്യുതൻ. മൂന്നുപേരുടെയും കൂട്ടുകെട്ട് പടത്തിന്റെ നട്ടെല്ലാണെന്ന് നിസംശയം പറയാം.

‘കുലംകുത്തി’യാണോ കഥയിലെ നായകന്‍ എന്നത് സിനിമ കണ്ടിറങ്ങുന്നവന് ചിന്തയ്ക്ക് വിട്ടുകൊടുക്കുന്നു മാമാങ്കം. മാമാങ്കം ഒരു ചരിത്രപുസ്തകമാണ്. മമ്മൂട്ടി ‘മാസ്സായി’ നിറയുന്ന സിനിമയല്ല. വടക്ക് നിന്നുള്ള മറ്റൊരു വീരഗാഥയായി തിയറ്ററില്‍ അത് നിറയുന്നു. മലയാളത്തിന്റെ കാഴ്ചപ്പുറങ്ങളില്‍ നിറയേണ്ട ഒരു ചരിത്രക്കാഴ്ച.