275 ദിവസത്തിന് ശേഷം ആദ്യമായി നടന്‍ മമ്മൂട്ടി വീടിന്റെ ഗേറ്റ് കടന്ന് പുറത്തെത്തി. തന്റെ പോളോ ജിടി കാര്‍ ഡ്രൈവ് ചെയ്ത് മറൈന്‍ ഡ്രൈവില്‍ എത്തി. എംജി റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി ഒരു ചായയും കുടിച്ച ശേഷമാണ് മമ്മൂട്ടി വീട്ടിലേക്ക് മടങ്ങിയത്. ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ വീട്ടില്‍ തന്നെയായിരുന്നു താരം. വീട്ടില്‍ നിന്നും അദ്ദേഹം പുറത്ത് ഇറങ്ങിയതേ ഇല്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്നലെ പുറത്തിറങ്ങിയത്.
കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ കടയില്‍ നിന്ന് മധുരമില്ലാത്തൊരു ചൂട് കട്ടന്‍ചായ ആയിരുന്നു മമ്മൂട്ടി കുടിച്ചത്. രമേഷ് പിഷാരടി, ആന്റോജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണ് മൂന്നു പേരും കാറില്‍ക്കയറിയത്. വാക്‌സീന്‍ വന്നാലെ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോള്‍ കോവിഡ് കഴിഞ്ഞതായി കരുതാം എന്നാണ് സിനിമാലോകം പറഞ്ഞിരുന്ന തമാശയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും മറുപടി ചിരിയായിരുന്നു.
മാര്‍ച്ച് അഞ്ചിന് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയതാണ് മമ്മൂട്ടി. കോവിഡ് 19 വ്യാപനം അന്ന് അത്ര വ്യാപകമായിരുന്നില്ല. മാര്‍ച്ച് 26ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും വീടിനുള്ളില്‍ തന്നെ താരം ഒതുങ്ങി. അതിനിടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്ക് താമസംമാറി. ഇതിനിടെ പല ചടങ്ങുകള്‍ക്ക് പലരും വിളിച്ചു. എങ്ങും പോയില്ല. ഒഴിവാക്കാനാവാത്ത ചില പുസ്തക പ്രകാശനച്ചടങ്ങുകള്‍ വീട്ടില്‍ നടത്തി. 10 നു തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ അദ്ദേഹം പോകും. ജനുവരി ആദ്യവാരം ഷൂട്ടിങ് സെറ്റിലേക്കും തിരിക്കും.
Leave a Reply