സംവിധായകന് ജൂഡ് ആന്റണിയുടെ ‘തലയില്‍ മുടി കുറവാണ്, ബുദ്ധിയുണ്ട്’ എന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് മമ്മൂട്ടി രംഗത്ത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിച്ച് പറഞ്ഞ വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് മമ്മൂട്ടി പറഞ്ഞു. അത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു നല്‍കുന്നെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
”പ്രിയരെ കഴിഞ്ഞ ദിവസം ‘2018’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന് ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്ക്കും നന്ദി.”
കഴിഞ്ഞ ദിവസം 2018 എന്ന സിനിമയുടെ ട്രെയ്ലര് ലോഞ്ച് വേളയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം നടത്തിയത്. ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നാലെ നടന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
മമ്മൂട്ടി നടത്തിയത് ബോഡി ഷെയിമിംഗ് ആണെന്ന വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. മമ്മൂട്ടി തന്റെ മുടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ബോഡി ഷെയിമിംഗ് ആയി അനുഭവപ്പെട്ടിട്ടില്ലെന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തി ഏറെ സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നും ജൂഡ് ആവശ്യപ്പെട്ടിരുന്നു.
”മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം ആശങ്ക ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന് വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന് ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത് എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്” എന്നാണ് ജൂഡ് പറഞ്ഞത്.
	
		

      
      



              
              
              




            
Leave a Reply