കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ മമ്മൂട്ടി ഫാൻസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി. ഒരു നടന്റെ ആരാധകർ ആദ്യമായാണ് കോവിഡ് കാലത്ത് ഇങ്ങനെയൊരു ഉദ്യമം നിറവേറ്റുന്നത്.
വിദേശത്തു കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ളവർക്കാണ് മെഗാതാരത്തിന്റെ ആരാധകർ തുണയായത്. വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്ന 22 പേരെ വഹിച്ചുകൊണ്ടാണ് മമ്മൂട്ടി ഫാൻസ് ഒരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തിയത്.
ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്ലൈ വേൾഡ് മൈഗ്രേഷനും സിൽക് എയർവെയ്‌സും മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്‌ട്രേലിയ ഘടകവുമായി ചേർന്നാണ് വിമാനം ചാർട്ട് ചെയ്‌തത്. പെർത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറി ബിനോയ് പോൾ ഫ്ലാഗ് ഓഫ് ചെയ്‌തു.
വിസ കാലാവധി കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവർക്ക് സൗജന്യ യാത്ര ഒരുക്കിയതായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് അറിയിച്ചിരുന്നു. ചാർട്ടേഡ് വിമാനം ഒരുക്കിയ ആരാധകർക്ക് മമ്മൂട്ടി നന്ദി അറിയിക്കുന്ന ശബ്‌ദസന്ദേശം റോബർട്ട് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചു. ആരാധകരെ മമ്മൂട്ടി അഭിനന്ദിച്ചു. ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിയ യാത്രക്കാർ മമ്മൂട്ടി ഫാൻസിനു നന്ദി അറിയിച്ചു.
വിസ പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്ക് ഫ്ലൈ വേൾഡ് മൈഗ്രെഷനുമായി ചേർന്ന് മമ്മൂട്ടി ഫാൻസ് സൗജന്യ കൗൺസിലിങ് ഏർപ്പെടുത്തിയിട്ടുണ്ട്.
Leave a Reply