അരമതിലില്‍ കൂളിംഗ് ഗ്ലാസിട്ട് നില്‍ക്കുന്ന ആള്‍ക്ക് എതിര്‍വശത്തായി എന്തോ ചര്‍ച്ചയിലാണ്ട മമ്മൂട്ടി. ഒറ്റനോട്ടത്തില്‍ മമ്മൂട്ടിയാണോ എന്ന് പിടികിട്ടാത്ത ഫോട്ടോ. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സിനിമാ പ്രോമോഷണല്‍ പേജുകളിലും ചര്‍ച്ചയായ ഈ ചിത്രം ഇതിന് മുമ്പ് പലരും കണ്ടിരിക്കാനും വഴിയില്ല. അടുത്ത് ഇരിക്കുന്ന ആളുടെ വാക്കുകള്‍ സദയം ശ്രദ്ധയോടും ഗൗരവത്തോടുകൂടിയും കേട്ടിരിക്കുന്ന ചെറുപ്പക്കാരനായ മമ്മൂട്ടി. 20 വയസിനപ്പുറം ആ ചിത്രത്തില്‍ മമ്മൂട്ടിക്ക് പ്രായമില്ല. സിനിമയില്‍ എത്തുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ഒരു ചിത്രമാണിത്. സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ആ ചിത്രത്തിന് പിന്നാലെ പോയപ്പോള്‍ തെളിഞ്ഞത് മമ്മൂട്ടി എന്ന നടന്റെ കൗമാരകാലത്തെ ചങ്ങാത്തത്തിന്റെ കഥ.

മുഹമ്മദ് റഫീഖും സഹോദരങ്ങളും തങ്ങളുടെ മുഖപുസ്തക ചുവരില്‍ പതിച്ച ആ ചിത്രം ഇത്ര ഫേമസ് ആയിത്തീരുമെന്ന് അവര്‍ പോലും കരുതിയില്ല. ആരാണ് അന്നത്തെ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിക്കൊപ്പം ആ അരമതില്‍പുറത്തിരിക്കുന്നത്? മമ്മൂക്ക ഗൗരവത്തോടുകൂടി കേട്ടിരിക്കുന്ന വാക്കുകള്‍ ആരുടേതാണ്?

മുഹമ്മദ് റഫീക്ക് റഹീം പറയുന്നത്

ഞാന്‍ മുഹമ്മദ് റഫീഖ് റഹീം. മമ്മൂട്ടിയുടെ ഉമ്മയുടെ വീടിനടുത്താണ് ഞങ്ങളുടെ വീട്. ചന്തിരൂരില്‍. എന്റെ വാപ്പ ആണ് ആ ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം കാണുന്ന വ്യക്തി. മമ്മൂക്ക ചന്തിരൂരിലെ ഉമ്മയുടെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണിത്. എന്റെ സഹോദരന്‍ അബ്ദുള്‍ റാസിഖിന് മമ്മൂട്ടിയുടെ ഉമ്മയുടെ ബന്ധുക്കളില്‍ നിന്ന് ഈയടുത്ത കാലത്ത് കിട്ടിയതാണ് ഈ ഫോട്ടോ. ഞങ്ങളത് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഷെയര്‍ ചെയ്തു. പക്ഷേ അത് ഇത്ര വലിയ ചര്‍ച്ച ആകുമെന്ന് കരുതിയില്ല. ഫോട്ടോയുടെ കാപ്ഷന്‍ വാപ്പച്ചി എന്ന് എഴുതിയതോടെ അത് ഗുലുമാലുമായി. പല പ്രമുഖരടക്കം ആ ഫോട്ടോ ഞങ്ങളുടെ കാപ്ഷനോടുകൂടി തന്നെയാണ് ഷെയര്‍ ചെയ്തത്.

മമ്മൂട്ടിക്ക് ഇത്രയും മക്കളുണ്ടോ, മമ്മൂട്ടിയുടെ മകന്‍ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പിന്നാലെ വരാന്‍ തുടങ്ങി. എന്തുകണ്ടാലും പൊങ്കാല ഇടാന്‍ ഇരിക്കുന്ന കുറെ പേരുണ്ടല്ലോ. പലതരത്തിലുള്ള കമന്റുകള്‍ ഞങ്ങള്‍ക്കും നേരിടേണ്ടിവന്നു. മമ്മൂക്കയോടൊപ്പം കൂളിംഗ് ഗ്ലാസിലുള്ളതാണ് എന്റെ വാപ്പ. പലര്‍ക്കും ഇപ്പോഴും കിട്ടാത്ത ഭാഗ്യം ഞങ്ങളുടെ വാപ്പയ്ക്കും കിട്ടി, അതാണ് ആ ചങ്ങാത്തം.

മമ്മൂക്ക അദ്ദേഹത്തിന്റെ ഉമ്മവീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വരുമ്പോഴൊക്കെ ഞങ്ങളുടെ വാപ്പച്ചിയുടെ അടുത്തു വരും. വാപ്പയെ വലിയ കാര്യമായിരുന്നു മമ്മൂക്കയ്ക്ക്, തിരിച്ചും അങ്ങനെ തന്നെ. അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തെടുത്ത ഫോട്ടോയാണിത്, ഏറിപ്പോയാല്‍ ഒരു 20 വയസ്സ്. ഞങ്ങളുടെ വാപ്പ നാട്ടില്‍ അത്യാവശ്യം അറിയപ്പെടുന്ന ആളായിരുന്നു. മമ്മൂക്കയുടെ അമ്മാവന്‍മാരില്‍ ആരോ ഒരാള്‍ എടുത്ത ഫോട്ടോയാണ് അത്. അവരില്‍ പലരും ഗള്‍ഫിലൊക്കെയായിരുന്നു അന്ന്. ഞാനൊന്നും അന്ന് ജനിച്ചിട്ടുപോലുമില്ല. ഒരു 40 വര്‍ഷത്തില്‍ കൂടുതല്‍ ആ ഫോട്ടോയ്ക്ക് പഴക്കമുണ്ട്. മമ്മൂക്കയുടെ അത്രയും പഴയ ഫോട്ടോ ചിലപ്പോള്‍ ഇന്ന് കാണാന്‍ കൂടി കിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടേത് അല്ല

ഫോട്ടോ വൈറലായപ്പോള്‍ കമന്റ് ഇട്ടവരില്‍ പലരും ചോദിച്ചു. വാപ്പച്ചിയിട്ടിരിക്കുന്ന ആ കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടെ ആണോ എന്നൊക്കെ. അല്ല, അത് വാപ്പയുടെ തന്നെയാണ്. കാരണം റഹീം മാഷ് എന്ന വാപ്പയുടെ ഐഡന്റിറ്റി ആയിരുന്നു കൂളിംഗ് ഗ്ലാസും വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും പിന്നെ സിഗരറ്റും. വാപ്പയെ അങ്ങനെയല്ലാതെ ആരും കണ്ടിട്ടുണ്ടാകില്ല. മമ്മൂക്ക സിനിമയിലെത്തിയിട്ടില്ലാത്ത സമയത്തെ ആണ് ഊ ഫോട്ടോ. പിന്നീട് അദ്ദേഹം ഉമ്മവീട്ടില്‍ വരുമ്പോഴൊക്കെയും അദ്ദേഹം വാപ്പയെ കാണാന്‍ വരുമായിരുന്നു. വലിയ സിനിമാനടന്‍ ആയതിനുശേഷവും ഞങ്ങളെക്കുറിച്ച് വിളിച്ചന്വേഷിക്കുമായിരുന്നു അദ്ദേഹം.

മമ്മൂട്ടി അദ്ദേഹത്തിന്റെ കല്യാണം നേരിട്ട് വന്നാണ് ഞങ്ങളുടെ വീട്ടില്‍ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ഞാനും വാപ്പയും പോയിട്ടുണ്ട്. ശരിക്കും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഞങ്ങള്‍. വാപ്പ ഒന്‍പത് വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയം റ അമ്മാവന്‍ വഴി മമ്മൂക്ക എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും സഹായം വേണമെങ്കില്‍ പറയണം എന്ന് ഞങ്ങളോട് പറയുകയും ചെയ്തിരുന്നു. ബാപ്പ മരിച്ച വിവരം ഞാന്‍ മെസ്സേജ് ചെയ്തപ്പോള്‍ ഷൂട്ടിങ്ങിനായി ഒരു ദ്വീപിലാണെന്നും വരാന്‍ ശ്രമിക്കാം എന്നും അദ്ദേഹം മറുപടി തന്നു പക്ഷേ അന്ന് വരാന്‍ പറ്റിയില്ല.

മമ്മൂക്കയുടെ അമ്മാവന്മാര്‍ എപ്പോഴും പറയുമായിരുന്നു അദ്ദേഹത്തിന് ബാപ്പയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും അദ്ദേഹം ഒരിക്കലും വാപ്പച്ചിയെ മറക്കില്ലെന്നും. എന്താണ് അതിന്റെ കാരണം എന്ന് ഞങ്ങള്‍ ആരും ഇന്നേവരെ തിരക്കിയിട്ടില്ല. അത് അവര്‍ തമ്മില്‍ മാത്രമുള്ള ബന്ധമാണ്. ഒരു യഥാര്‍ത്ഥ ആത്മബന്ധം. ഉമ്മവീട് സ്ഥിതിചെയ്യുന്ന ചന്തീരൂരിലെ സ്‌കൂളില്‍ വച്ചാണ് മമ്മൂട്ടി ആദ്യമായി സ്ത്രീവേഷത്തില്‍ നാടകത്തില്‍ അഭിനയിക്കുന്നത്.

ആ പടം മമ്മൂക്കയുടെ അടുക്കലുമെത്തി

മമ്മൂട്ടി പഠിച്ച അതേ സ്‌കൂളില്‍ തന്നെയാണ് മുഹമ്മദ് റഫീഖ് പഠിച്ചത്. സ്‌കൂളിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനുമാണ് റഫീഖ്. ഒരു ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അത് കാണുകയും അദ്ദേഹം മമ്മൂട്ടിയെ കാണിച്ചു കൊടുക്കുകയും ചെയ്‌തെന്ന് റഫീക്ക്.. ഫോട്ടോ കണ്ട മമ്മൂക്ക ഇത് എവിടുന്ന് കിട്ടി എന്നാണ് ആദ്യം ചോദിച്ചിരുന്നുവെന്നും റഫീക്ക് പറയുന്നു. തമാശരൂപേണ അതിന്റെ കോപ്പി എനിക്കും കിട്ടുമോ എന്ന് ചോദിച്ചു എന്നും മുഹമ്മദ് റഫീഖ് പറയുന്നു. റഫീഖ് വാപ്പയുടെ ചങ്ങാതിയായ മമ്മൂട്ടിയോടൊപ്പം ഒരു സിനിമയിലും അഭിനയിച്ചു. ഹരികൃഷ്ണന്‍സില്‍. റഹീം മാഷിന് റഫീഖ് അടക്കം നാല് മക്കളാണ്. അബ്ദുള്‍ റാസിഖ്, റസിയ, റസീല.