ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂകാസിൽ : ഡെലിവറൂവിലൂടെ പിസ്സ വാങ്ങി കഴിച്ചതിനെ തുടർന്നുണ്ടായ അലർജി മൂലം യുവാവ് മരിച്ച സംഭവത്തിൽ വിചാരണ നാളെ ആരംഭിക്കും. ലീഡ്‌സ് സ്വദേശിയായ ജെയിംസ് അറ്റ്കിൻസൺ (23) ആണ് മരിച്ചത്. 2020 ജൂലൈ 10നായിരുന്നു സംഭവം. ന്യൂകാസിലിലെ ഡാഡിയൽ റെസ്റ്റോറന്റിൽ നിന്ന് ഒരു ടേക്ക്അവേ പിസ്സ ഓർഡർ ചെയ്ത് കഴിച്ചതിന് ശേഷമാണ് അലർജി ഉണ്ടായത്. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ജെയിംസിന് നിലക്കടലയോട് അലർജി ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജെയിംസിന്റെ മരണത്തെപറ്റിയുള്ള പ്രീ ഇൻക്വസ്റ്റ് റിവ്യൂ നാളെ ന്യൂകാസിൽ കൊറോണേഴ്സ് കോടതിയിൽ ആരംഭിക്കും. മകന്റെ മരണത്തെ തുടർന്ന്, ടേക്ക്എവേകളിൽ അലർജി മുന്നറിയിപ്പ് വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മാതാപിതാക്കളായ സ്റ്റുവർട്ടും ജില്ലും ആവശ്യപ്പെട്ടു. ഡെലിവറൂ വഴിയാണ് ഓൺലൈനിൽ ഓർഡർ നൽകിയതെന്നും വെബ്സൈറ്റിൽ അലർജിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നെന്നും സംഭവസമയത്ത് റെസ്റ്റോറന്റ് ഉടമയായ ഗുൽഫം ഉൽഹബ് പറഞ്ഞു.

അറ്റ്കിൻസന്റെ മരണത്തെത്തുടർന്ന് 2020 ജൂലൈയിൽ ഡെലിവറൂവിൽ നിന്ന് റെസ്റ്റോറന്റിനെ താത്കാലികമായി ഒഴിവാക്കി. കേസിൽ ഡെലിവറൂവിനെയോ ഡെലിവറി റൈഡറെയോ സംശയിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ക്രൗഡ് ജസ്റ്റിസിലൂടെയാണ് കേസ് നടത്താനുള്ള പണം സ്വരൂപിക്കുന്നത്. അലർജിയ്ക്ക് സാധ്യതയുള്ള ചേരുവകൾ ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കണമെന്ന് ഫുഡ്‌ സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) നിർദേശിക്കുന്നു. ഭക്ഷണം വാങ്ങുന്നതിന് മുമ്പും ഡെലിവറി സമയത്തും ടേക്ക്‌എവേകൾ അലർജിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്ന് എഫ്എസ്എ പറഞ്ഞു.