ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓക്സ്ഫോർഡ്ഷെയറിലെ കിഡ്ലിംഗ്ടണിന് സമീപം അനധികൃത മാലിന്യകൂമ്പാരവുമായി ബന്ധപ്പെട്ട് ഗിൽഡ്ഫോർഡ് സ്വദേശിയായ 39-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പല മാസങ്ങളായി ടൺ കണക്കിന് മാലിന്യം ഇവിടെ അനധികൃതമായി നിക്ഷേപിച്ചെന്ന ആരോപണമാണ് അന്വേഷണം ശക്തമാക്കാൻ കാരണമായത്. 40 അടി ഉയരമുള്ള ഈ മാലിന്യ കുന്ന് ഗ്രാമപ്രദേശത്തിനടുത്ത് തന്നെ രൂപപ്പെട്ടതോടെ ആരോഗ്യ പ്രശ്നങ്ങൾക്കും ഭൂഗർഭജല മലിനീകരണത്തിനുമുള്ള ഭീതി ഉയർന്നിരുന്നു.

പരിസ്ഥിതി ഏജൻസിയും സൗത്ത് ഈസ്റ്റ് റീജണൽ ഓർഗനൈസ്ഡ് ക്രൈം യൂണിറ്റും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികാരികൾ അറിയിച്ചു. ഇത് സമൂഹത്തിന് ഒരു വലിയ അപകടമാണെന്ന് പ്രദേശിക ഡയറക്ടർ ആന്ന ബേൺസ്, പറഞ്ഞു. മാലിന്യം കത്തുക, ജലത്തിൽ കലരുക തുടങ്ങിയ സാഹചര്യം ഉണ്ടായാൽ പ്രദേശവാസികൾക്ക് വലിയ നാശവും ആരോഗ്യ പ്രശ്നവും ഉണ്ടാകുമെന്ന ആശങ്കയും അവർ ഉന്നയിച്ചു. വേസ്റ്റ് ക്രൈം വിഭാഗം തലവൻ ഫിൽ ഡേവീസ്, സംഭവവുമായി ബന്ധപ്പെട്ട് ചില പ്രത്യേക സംഘങ്ങൾ ക്രമാതീതമായി മാലിന്യം കയറ്റി ഇറക്കിയതാകാമെന്ന സംശയവും പങ്കുവെച്ചു.

ജൂലൈ 2-ന് ആദ്യമായി അടിയന്തര റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉടൻ തന്നെ നോട്ടീസ് നൽകി. എന്നാൽ ഇത് അവഗണിക്കപ്പെട്ടതോടെ ഒക്ടോബർ 23-ന് കോടതി ഇടപെടുകയായിരുന്നു. കോടതി ഇടപെടലിനു ശേഷം മാലിന്യ നിക്ഷേപം നിർത്തിയെങ്കിലും ഇതിനകം രൂപപ്പെട്ട മാലിന്യ കൂമ്പാരം നീക്കം ചെയ്യാനും സ്ഥലത്തിന്റെ പരിസ്ഥിതി സുരക്ഷ പുനഃസ്ഥാപിക്കാനും വലിയ ചെലവും സമയവും ആവശ്യമുണ്ടാകുമെന്നാണ് ഏജൻസി വിലയിരുത്തുന്നത്.











Leave a Reply