ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സ്കോട് ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിൽ നടന്ന ആക്രമണ പരമ്പരയിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ 36 വയസ്സുള്ള ഒരാൾക്കെതിരെ കേസ് ചുമത്തി. ജൂൺ 19-ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ട് 22-കാരും 24, 27, 39 വയസുള്ള മറ്റ് മൂന്നുപേരും ഉൾപ്പെടുന്നു. ഇവരിൽ മൂന്നുപേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി. ബ്രൂംഹൗസ് മസ്ജിദിൽ നിന്ന് പ്രാർഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് വിശ്വാസികൾ ആദ്യം ആക്രമിക്കപ്പെട്ടതായും തുടർന്ന് ടെൽഫോർഡ് റോഡ്, ലീത്ത് വാക്ക് മേഖലകളിൽ മറ്റ് ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭവം മുസ്ലിം വിരുദ്ധ വിദ്വേഷം മൂലമുണ്ടായതാകാമെന്ന സംശയത്തെ തുടർന്ന് ഭീകരവിരുദ്ധ വിഭാഗവും അന്വേഷണത്തിൽ പങ്കാളിയായിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും സ്കോട് ലൻഡ് പ്രഥമ മന്ത്രിയായ ജോൺ സ്വിന്നിയും ആക്രമണത്തെ ശക്തമായി അപലപിച്ചു. രാജ്യത്ത് വർഗീയതയ്ക്കും മതവിദ്വേഷത്തിനും സ്ഥാനമില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.











Leave a Reply