ന്യൂസ് ഡെസ്ക്, മലയാളം യുകെ

വോർസെസ്റ്റർഷെയറിലെ അപകടത്തിൽ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചതിന് തുടർന്ന് ഒരാൾക്കെതിരെ നരഹത്യാ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ശനിയാഴ്ച A451-ൽ ആണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന് അപകടകരമായ ഡ്രൈവിംഗ് നടത്തി മരണത്തിന് കാരണമായതിന് 39 കാരനായ ക്രെയ്ഗ് നണ്ണിനെതിരെ കുറ്റം ചുമത്തിയതായി വെസ്റ്റ് മെർസിയ പോലീസ് പറഞ്ഞു.


വോർസെസ്റ്റർഷെയറിലെ കിഡർമിൻസ്റ്ററിനും സ്റ്റോർപോർട്ടിനും ഇടയിൽ ആണ് അപകടം നടന്നത്. ഫോർഡ് ഫോക്കസും സുസുക്കി വിറ്റാരയും ആണ് കൂട്ടിയിടിച്ചത്. കുഞ്ഞ് സുസുക്കിയിലായിരുന്നു ഉണ്ടായിരുന്നത്. കൂട്ടിയിടിയെ തുടർന്ന് കുഞ്ഞ് അപകട സ്ഥലത്ത് തന്നെ മരിച്ചു. സ്റ്റോർപോർട്ടിലെ സാൻഡി ലെയ്‌നിലെ മിസ്റ്റർ നണ്ണിനെതിരെ അപകടകരമായ ഡ്രൈവിംഗ് വഴി ഗുരുതരമായ പരിക്കേൽപ്പിച്ചതിന് കുറ്റം ചുമത്തി. ഇയാളെ ഇന്ന് കിഡ്‌ഡർമിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സുസുക്കിയിൽ ഉണ്ടായിരുന്ന 20 വയസ്സുള്ള ഒരു പുരുഷനെയും സ്ത്രീയെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.