ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിനാല് വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിയൽ അൻജോറിൻ (14)നെ കൊലപ്പെടുത്തിയ കേസിൽ 36 കാരനായ മാർക്കസ് ഔറേലിയോ അർഡുനി മോൺസോയ്‌ക്കെതിരെയാണ് കുറ്റം ചുമത്തിയത് .
സ്പാനിഷ്-ബ്രസീലിയൻ ഇരട്ട പൗരനായ മോൺസോയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, മോഷണം, മാരകമായ ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട് . ചൊവ്വാഴ്‌ച ഹൈനോൾട്ടിൽ വെച്ചാണ് തുടർച്ചയായ കുത്തേറ്റ് കൗമാരക്കാരൻ കൊല്ലപ്പെട്ടത് . 2023 -ൽ നോട്ടിംഗ്ഹാം ആക്രമണത്തിൽ ഇരയായവരിൽ പെട്ട വിദ്യാർത്ഥി പഠിച്ച അതേ സ്കൂളിലാണ് ഡാനിയൽ അൻജോറിൻ പഠിച്ചത്. പ്രതിയെ വ്യാഴാഴ്ച ബാർക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രതിക്കെതിരെ നിയമ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ അവസരത്തിൽ മുൻവിധിയോടുകൂടിയുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടരുതെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .
കിഴക്കൻ ലണ്ടനിലെ ഹൈനോൾട്ടിലെ തർലോ ഗാർഡൻസിലെ ഒരു വീട്ടിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടർന്നാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു . അക്രമിയായ 36 വയസ്സുകാരനെ കീഴടക്കുന്നതിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു. പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകൾ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .
Leave a Reply