ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിൽ ചെലവുകൾ കുതിച്ചുയരുന്നതിനെ തുടർന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 750,000-ത്തിലധികം കുടുംബങ്ങൾ മോർട്ട്‌ഗേജുകളിൽ വീഴ്ച വരുത്താനുള്ള സാധ്യതയിലാണെന്ന മുന്നറിയിപ്പ് നൽകി അധികൃതർ രംഗത്ത്. 2022 ജൂൺ മാസം മുതൽ തന്നെ 200,000-ത്തിലധികം കുടുംബങ്ങൾ തവണകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റി പറയുന്നു.

117,000 വായ്പക്കാർ തങ്ങളുടെ മോർട്ട്ഗേജിന്റെ തിരിച്ചടവിൽ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും, പലരും തുകയുടെ പകുതി പോലെ അടച്ചിട്ടില്ലെന്നും ചിലർ ആയിരം പൗണ്ടിനുപോലും പിന്നിലാണെന്നും ഫിനാൻഷ്യൽ കണ്ടക്‌ട് അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നിഖിൽ രതി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 570,000 കുടുംബങ്ങൾക്ക് തുക അടയ്ക്കാൻ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു.

അതിനിടയിൽ വരും മാസങ്ങളിൽ വീടുകൾക്ക് വിലകുറയുമെന്ന് മുന്നറിയിപ്പുമായി ട്രഷറി സെലക്ട് കമ്മിറ്റി എം പി മാർക്ക് കത്തും അയച്ചിട്ടുണ്ട്. 41 വർഷത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ പണപെരുപ്പവും, പലിശനിരക്കും വർദ്ധിച്ചുവരുന്ന ജീവിത ചിലവുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ‘ഈ വർഷം എത്ര പേർക്ക് ജോലി നഷ്‌ടപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഡിഫോൾട്ടുകളുടെ എണ്ണം, 2023 അവസാനം വരെയെങ്കിലും സമ്പദ്‌വ്യവസ്ഥ ഇതേ രീതിയിൽ തുടരാനാണ് സാധ്യത’- നിഖിൽ രതി പറഞ്ഞു