അക്വേറിയത്തില്‍ സൂക്ഷിച്ചിരുന്ന ആകര്‍ഷകമായ കോറല്‍ ഇങ്ങനെയൊരു പണി തരുമെന്ന് ക്രിസ് മാത്യൂസ് ഒരിക്കലും വിചാരിച്ചിരുന്നില്ല. അക്വേറിയം വൃത്തിയാക്കാനായി പുറത്തെടുത്ത കോറല്‍ പുറപ്പെടുവിച്ച വിഷവാതകം ശ്വസിച്ച് ഇയാളുടെ കുടുംബാംഗങ്ങളെല്ലാവരും ആശുപത്രിയിലായി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫൈറ്റര്‍മാര്‍ക്കും മെഡിക്കല്‍ സഹായം തേടേണ്ടിവന്നു. പിന്നീട് വീട്ടിലേക്കുള്ള വഴിയടച്ചിട്ടാണ് പോലീസ് രക്ഷാപ്രവര്‍ത്തനത്തിനുള്ള സാഹചര്യമൊരുക്കിയത്. വീട്ടില്‍ മീനുകളെ വളര്‍ത്തുന്നത് ഏറെ ഇഷ്ടപ്പെടുന്നയാളാണ് ക്രിസ്. കഴിഞ്ഞ കൂറേ വര്‍ഷങ്ങളായി ക്രിസിന്റെ വീട്ടില്‍ പലവിധങ്ങളായ അക്വേറിയം മീനുകളുടെ ശേഖരമുണ്ട്. പതിവ് പോലെ അന്നൊരു ദിവസം അക്വേറിയം വൃത്തിയാക്കിയ ക്രിസിനെയും വീട്ടുകാരെയും കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു. അക്വേറിയം വൃത്തിയാക്കി കഴിഞ്ഞ് പിറ്റേ ദിവസം രാവിലെ മുതല്‍ ക്രിസിന്റെ വീട്ടിലുണ്ടായിരുന്ന 6 പേര്‍ക്കും പതിവില്ലാത്ത തരത്തില്‍ ശരീര താപനില ഉയരുകയും ഒരി തരം ഫ്‌ളൂ പിടിപിട്ട അവസ്ഥയുണ്ടാവുകയും ചെയ്തു.
വീട്ടുകാര്‍ക്ക് മാത്രമായിരുന്നില്ല ആരോഗ്യ പ്രശ്‌നങ്ങള്‍. വളര്‍ത്തു നായകള്‍ക്ക് വരെ സമാന അനുഭവമുണ്ടായി. പ്രശ്‌നങ്ങളുടെ കാരണം ആദ്യഘട്ടത്തില്‍ ഇവര്‍ക്കാര്‍ക്കും തന്നെ മനസിലായിട്ടുണ്ടായിരുന്നില്ല. അക്വേറിയം വൃത്തിയാക്കുന്ന സമയത്ത് പുറത്തെടുത്ത പവിഴപ്പുറ്റില്‍ നടന്ന രാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിഷ വാതകം പുറത്ത് വന്നതാണ് ക്രിസിനെയും കുടുബത്തെയും അപായപ്പെടുത്തിയത്. ചുമയും ശ്വാസ തടസവും ശക്തമായതോടെ എമര്‍ജന്‍സി സേവനത്തിനായി വീട്ടുകാര്‍ 999ല്‍ വിളിച്ചു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുടുംബത്തിനാകെ വിഷബാധയേറ്റതാകാമെന്നായിരുന്നു ക്രിസ് ഉള്‍പ്പെടെയുള്ളവര്‍ കരുതിയിരുന്നത്. സ്ഥലത്ത് ആദ്യമെത്തിയ നാല് ഫയര്‍ഫൈറ്റേഴ്‌സും വിഷവാതകം ശ്വസിച്ചിരിക്കാമെന്നതിന്റെ അടിസ്ഥാനത്തില്‍ അവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കുടുംബത്തിലെ മൂന്ന് പേരെയും ഫയര്‍ഫൈറ്റേഴ്‌സിനെയും ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ മറ്റുള്ളവരുടെ രക്തപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയാക്കി ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വിട്ടയച്ചത്.
വീട്ടില്‍ ഒരു ദിവസം കൂടുതല്‍ കഴിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകുമായിരുന്നെന്ന് ക്രിസ് പറയുന്നു. വീട്ടിലെ നായകളുടെ ആരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടെന്ന് മൃഗഡോക്ടര്‍ അറിയിച്ചതായി ക്രിസ് പറയുന്നു. സംഭവ സമയത്ത് വീട്ടില്‍ ചെറിയ കുട്ടികളോ വയോധികരോ ഉണ്ടായിരുന്നെങ്കില്‍ വലിയ അപകടമുണ്ടാകുമായിരുന്നു. കടലില്‍ നിന്ന് ലഭിക്കുന്ന ചില പവിഴപ്പുറ്റുകള്‍ വിഷ വാതകങ്ങള്‍ പുറത്ത് വിടുന്ന ഗണത്തില്‍ പെടുന്നവയാണ്. ചിലപ്പോള്‍ ജീവഹാനിവരെ സംഭവിക്കാന്‍ ഇവ കാരണമായേക്കും. ഓണ്‍ലൈനില്‍ ഇത്തരം പവിഴപ്പുറ്റുകളെപ്പറ്റി വിവരങ്ങള്‍ കൂടുതല്‍ ലഭ്യമല്ലെന്നും ഇവ വാങ്ങിക്കുന്ന സമയത്ത് കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ കെമിക്കല്‍ ടീമിന്റെയും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതരുടെയും ശ്രമഫലമായിട്ടാണ് വീട്ടില്‍ ശേഷിച്ചിരുന്ന അപകടകാരിയായ പവിഴപ്പുറ്റ് മാറ്റിയത്.
Leave a Reply