ദമ്പതികളെ കുത്തി പരുക്കേല്‍പിച്ച ശേഷം തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസന്റെയും രമണിയുടെയും മകന്‍ നിഷില്‍ (31) ആണ് മരിച്ചത്. പാലിശേരി താന്നിച്ചിറ കനാല്‍ബണ്ടിനു സമീപം വാഴക്കാല ഡൈമിസ് (34), ഭാര്യ ഫിഫി (28) എന്നിവര്‍ക്കാണു കുത്തേറ്റത്.

ദമ്പതികളുടെ വീടിന്റെ ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകശ്രമത്തിലെത്തിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയ ഡൈമിസും ഫിഫിയും ഇന്നലെ രണ്ടിനു വീട്ടില്‍ തിരികെയെത്തിയപ്പോഴാണു സംഭവം.
ദമ്പതികളുടെ വീടിന്റെ ഗൃഹപ്രവേശം നടന്നതു 10 മാസം മുന്‍പായിരുന്നു. വീടിന്റെ ടൈല്‍ ജോലികള്‍ ചെയ്തതിലെ തര്‍ക്കവുമായി ബന്ധപ്പെട്ടു നിഷിലിന് എതിരെ ദമ്പതിമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ടൈല്‍ ജോലികള്‍ തീര്‍ന്നപ്പോള്‍ 30,000 രൂപ കൂടി ലഭിക്കാനുണ്ടെന്നായിരുന്നു നിഷിലിന്റെ വാദം. ടൈലിട്ട ഭാഗം അളന്നപ്പോള്‍ അത്രയും നല്‍കാനില്ലെന്നു ഡൈമിസ് പറഞ്ഞതാണു തര്‍ക്കത്തിന് ഇടയാക്കിയത്. ഒരു പ്രാവശ്യം ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം പരിഹരിച്ചു വിട്ടതാണെന്നു പൊലീസ് അറിയിച്ചു.

അടുത്തിടെ ഇവര്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഒരാഴ്ച മുന്‍പു ഡൈമിസ് നിഷിലിനെതിരെ വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിഷിലിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നും പൊലീസ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുത്തേറ്റവര്‍ പറയുന്നത് ഇങ്ങനെയാണ്: വീടിന്റെ താഴെ ഭാഗത്തു നിഷില്‍ നേരത്തെ തന്നെ എത്തി ഒളിച്ചിരിക്കുകയായിരുന്നു. നായയ്ക്കു ചോറു നല്‍കാനായി പോകവേ ഫിഫിയെ നിഷില്‍ ആക്രമിച്ചു. ഫിഫി ബഹളം വച്ചു വീടിന്റെ മുന്‍വശത്തേക്ക് ഓടി. പിന്നാലെ ഓടിയെത്തിയ നിഷിലിന്റെ ആക്രമണം തടയുന്നതിനിടെ ഡൈമിസിനും കുത്തേറ്റു. നിഷില്‍ കത്തിയും ഇന്ധനവും കരുതിയാണു വീട്ടിലെത്തി ഒളിച്ചിരുന്നതെന്നും കുത്തേറ്റവര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ബഹളം കേട്ടു നാട്ടുകാര്‍ എത്തുമ്പോള്‍ ദമ്പതിമാര്‍ കുത്തേറ്റ നിലയില്‍ വീടിന്റെ സിറ്റൗട്ടിലും ദേഹത്താകെ തീയുമായി നിഷില്‍ മുറ്റത്തും കിടക്കുന്നതാണു കണ്ടത്. വെള്ളമൊഴിച്ചു നിഷിലിന്റെ ദേഹത്തെ തീകെടുത്തി. നാട്ടുകാര്‍ ദമ്പതികളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലും നിഷിലിനെ അങ്കമാലിയിലെ ആശുപത്രിയിലും എത്തിച്ചു.

നിഷിലിനെ അങ്കമാലിയില്‍ നിന്നു തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്ന വഴിയാണു മരിച്ചത്. നിഷില്‍ അവിവാഹിതനാണ്. സഹോദരി: നിമ.