ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻകാമുകിയുടെ സഹോദരിയെയും മൂന്ന് മക്കളെയും വീടിന് തീ ഇട്ട് കൊലപ്പെടുത്തിയ കേസിൽ ശരാസ് അലി (40)കുറ്റക്കാരനാണെന്ന് ഡോങ്കാസ്റ്റർ ക്രൗൺ കോടതി കണ്ടെത്തി. 2024 ആഗസ്റ്റ് 21-നാണ് ബ്രയോണി ഗാവിത് (29)യും കുട്ടികളായ ഡെനിസ്റ്റി (9), ഓസ്‌കർ (5), 22 മാസം പ്രായമുള്ള ഔബ്രി ബർട്ടിൽ എന്നിവരും തീപിടിത്തത്തിൽ മരിച്ചത്. മുൻ കാമുകിയായ ആന്റോണിയ ബന്ധം അവസാനിപ്പിച്ചതിൽ നിന്നുണ്ടായ വൈരാഗ്യമാണ് ഇതിന് കാരണമെന്ന് കോടതിയിൽ തെളിഞ്ഞു.

ഫയർബോംബ് ആക്രമണം ആസൂത്രണം ചെയ്ത അലി തന്റെ കൂട്ടാളിയായ ക്യാലം സണ്ടർലാൻഡിനെ (26) വീട്ടിലെത്തി വാതിൽ തകർക്കാൻ നിർദ്ദേശിച്ചുവെന്ന് റിങ് ഡോർബെൽ ദൃശ്യങ്ങളിൽ തെളിഞ്ഞു. വീടിനുള്ളിൽ പെട്രോൾ ഒഴിച്ചു തീപിടിപ്പിക്കുന്നതിനിടയിൽ അലിയുടെ ശരീരത്തിലും 80 ശതമാനം ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ ഇയാൾ മാസങ്ങളോളം ചികിത്സയിൽ ആയിരുന്നു. സംഭവസമയത്ത് വീട്ടിൽ ആളുകൾ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും “മറ്റുള്ളവർക്ക് ദാരുണ വേദന നൽകുക” എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ആന്റോണിയയെ കൊല്ലാൻ ശ്രമിച്ചതിന് അലിയെ കുറ്റക്കാരനായി കണ്ടെത്തി. തീപിടിത്തത്തിൻെറ സമയം ആന്റോണിയ അലിയുടെ കൈയിൽ നിന്ന് പെട്രോൾ കുപ്പിയും ലൈറ്ററും പിടിച്ചുമാറ്റാൻ ശ്രമിച്ചുവെന്നും, എന്നാൽ സഹോദരിയെയും കുട്ടികളെയും രക്ഷിക്കാൻ സാധിച്ചില്ലെന്നും അവൾ കോടതിയിൽ പറഞ്ഞു.











Leave a Reply