ഹരിഗോവിന്ദ് താമരശ്ശേരി

കാലാനുസൃതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നാഗരികതയുമെല്ലാം നമുക്ക് പുതിയൊരു പരിവേഷം നല്‍കിയെങ്കിലും എന്നും ഗൃഹാതുരത ഉണര്‍ത്തുന്ന മധുര സങ്കല്‍പ്പമാണ് മലയാളിക്ക് ഓണം. ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ തുമ്പയും, കണ്ണാന്തളിയും, നെല്ലിയും, മുക്കൂറ്റിയും, തുളസിയും, കരവീരകവും, ചിലന്നിയും, കോളാമ്പിയും, കൃഷ്ണക്രാന്തിയും, കൃഷ്ണകിരീടവും, അരളിയുമെല്ലാം പ്രകൃതിയുടെ ഓര്‍മ്മകളായി നമ്മിലേക്ക് കുടിയേറുന്നത് ഒരു പക്ഷെ നമ്മുടെ പൂര്‍വികര്‍ നമുക്ക് വിശുദ്ധി കൈവിടാത്ത നല്‍കിയ ഐതിഹ്യങ്ങളുടെ ഗുണഫലങ്ങളാകാം. ഇത്തരം ഐതിഹ്യങ്ങളുടെ സത്ത ചരിത്രവസ്തുതകളെ മാനിച്ചുകൊണ്ടുതന്നെ പുതു തലമുറകളിലേക്ക് കൈമാറേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.

ഓണം മലയാളികളുടേത് മാത്രമാണെന്ന വാദം ചരിത്രപരമായി ശരിയല്ല എന്ന് രേഖപ്പെടുത്തിയിട്ടുള്ള വിശ്രുതങ്ങളായ ഒട്ടനവധി പുരാവൃത്തങ്ങളും നിരീക്ഷണങ്ങളൂം പ്രചാരത്തിലുണ്ട്. വേദങ്ങളിലെവിടെയും മഹാബലിയെ കുറിച്ചോ വാമനനെ കുറിച്ചോ പരാമര്ശിക്കപ്പെടുന്നില്ലെങ്കിലും മഹാഭാരതം മുതലിങ്ങോട്ട് രാമായണത്തിലും, ഭാഗവതത്തിലും മഹാബലിവാമന കഥ പരാമര്ശിക്കപ്പെടുന്നുണ്ട്. മഹാബലി ആരെന്നുള്ളതിന് ഐതിഹ്യങ്ങളും ചരിത്ര രേഖകളും പലതുണ്ട്. ഹിരണ്യ കശിപുവിന്റെ പുത്രനായ പ്രഹ്‌ളാദന്റെ പൗത്രനാണ് മഹാബലിയെന്ന് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. തൃക്കാക്കര വാണിരുന്ന മഹാബലിപെരുമാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും ചരിത്രകാരന്മാര്‍ അനുമാനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളില്‍ ബി സി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളില്‍ വര്‍ത്തിച്ചിരുന്ന അസീറിയയിലാണ് മഹാബലിയുടെയും ഓണത്തിന്റെയും തുടക്കമെന്ന് എന്‍ വി കൃഷ്ണ വാര്യരെപ്പോലുള്ള ചരിത്ര ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അസീറിയയുടെ തലസ്ഥാനമായിരുന്ന നിനവെ പട്ടണത്തില്‍ നടത്തിയ ഉദ്ഘനനങ്ങളില്‍ നിന്ന് അസീറിയ ഭരിച്ചിരുന്ന രാജവംശ പരമ്പരയിലെ ഒരു രാജാവായിരുന്നിരിക്കാം മഹാബലി എന്ന് കണക്കാക്കപ്പെടുന്നു. ‘അസൂര്‍ ബാനിപ്പാല്‍’ എന്ന് അറിയപ്പെട്ടിരുന്ന ചക്രവര്‍ത്തിയാണ് പിന്നീട് മഹാബലിയായി അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു. പുരാണങ്ങളില്‍ പറയപ്പെടുന്ന ശോണിതപുരം ബലിയുടെ പുത്രനായ ബാണന്റെ രാജധാനിയാണ്. ഈ ശോണിതപുരവും അസ്സീറിയയുടെ തലസ്ഥാനമായ നിനേവയും ഒന്നുതന്നെയാണെന്നും ദ്രാവിഡരുടെ മൂലവംശങ്ങളില്‍ ഒന്ന് അസ്സീറിയയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നും എന്‍ വി സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ സിറിയയുടെയും, ഈജിപ്റ്റിന്റെയുമെല്ലാം മാതൃദേശമായിരുന്ന അസീറിയയില്‍നിന്ന് ഏതോ ചരിത്രാതീത കാലത്തു ലോകത്തിന്റെ നാനാഭാഗത്തേക്ക് കുടിയേറിയ ജനവര്ഗങ്ങളില്‍ മലയാളികളടങ്ങുന്ന സമൂഹം മാത്രം ആ ചക്രവര്‍ത്തിയുടെയും, ഓണമായി പിന്നീട് പരിണമിച്ച ആഘോഷത്തിന്റെയും ചരിത്രത്തെ ഐതിഹ്യമാക്കി കൂടെ കൊണ്ടുനടന്നതാകാം എന്ന് കരുതിപ്പോരുന്നു.

സംഘകാല കൃതികളായ മധുരൈകാഞ്ചിയിലും, തിരുപല്ലാണ്ട് ഗാനത്തിലുമെല്ലാം ദ്രാവിഡത്തനിമ പുലര്‍ത്തുന്ന ആഘോഷമായി ഓണം പ്രതിപാദിക്കപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മാമാങ്കത്തിന്റെ തീരുമാനമനുസരിച് ബുദ്ധമത പ്രചരണം തടയുവാനും ജനങ്ങള്‍ക്കിടയില്‍ ഐക്യം ഉറപ്പിക്കുവാനും ഒരു ദേശീയോത്സവമായി വിളംബരം ചെയ്ത് ഓണം വിപുലമായി ആഘോഷിക്കുവാന്‍ ആരംഭിച്ചതായി മഹാകവി ഉള്ളൂര്‍ ഓണത്തെ മാമാങ്കവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മതം മാറി മക്കത്തുപോയത് ചിങ്ങമാസത്തിലെ തിരുവോണനാളിലാണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ ദിവസം പുതുവര്ഷപ്പിറവിയായി ആഘോഷിക്കുവാന്‍ തുടങ്ങിയെന്നും മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്‍ അഭിപ്രായപ്പെടുന്നു. തിരുവോണം ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നു. ഓണത്തിനു പരശുരാമാനുമായി ബന്ധപ്പെടുത്തി പറഞ്ഞുപോരുന്ന വേറൊരു ഐതിഹ്യവും നിലവിലുണ്ട്.
ഇത്തരത്തില്‍ ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രമതപണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും, പൊതുവെ ചരിത്രത്തെയും സ്മാരകങ്ങളെയും തനിമവിടാതെ നിലനിര്‍ത്തുവാന്‍ മലയാളികള്‍ക്ക് സാധിക്കുണ്ടോ എന്നത് തര്‍ക്കവിധേയമാണെങ്കിലും, മറ്റനേകം സംസ്‌കാരങ്ങള്‍ കൈയൊഴിഞ്ഞ ഓണം പോലൊരു ഉത്സവം ഇന്നും ചരിത്ര വസ്തുതകള്‍ മാറ്റിനിര്‍ത്തി ഒരു ഐതിഹ്യമായി നിലനിര്‍ത്തുവാന്‍ മലയാളിക്ക് സാധിക്കുന്നുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഏതിലും മതരാഷ്ട്രീയ ചിന്തകള്‍ തിരുകുന്ന ഇക്കാലത്തും ഓണം പോലൊരു മിത്ത് വൈവിധ്യമേറിയ ആഘോഷങ്ങള്‍ കൊണ്ട് നമ്മെ പരസ്പരം അടുപ്പിക്കുന്നു. കേരളത്തില്‍ എങ്ങും പ്രചുരപ്രചാരം സിദ്ധിച്ച തുമ്പിതുള്ളല്‍, തൃക്കാക്കര അത്തപൂവട, ആറന്മുള ഉത്രട്ടാതി വള്ളംകളി, തൃപ്പൂണിത്തുറ അത്തച്ചമയം, വടക്കേ മലബാറിലെ ഓണത്താര്, ഓണപ്പൊട്ടന്‍, അമ്പലപ്പുഴ വേലകളി, വള്ളുവനാട്ടിലെ ഓണവില്ല്, കുന്നംകുളത്തെ ഓണത്തല്ല്, തൃശൂരിലെ പുലിക്കളി, എന്നിങ്ങനെ ജാതിമതവര്‍ഗ്ഗവര്‍ണ്ണദേശ വ്യത്യാസമില്ലാതെ മലയാളികളെ ആഘോഷങ്ങള്‍ കൊണ്ട് ഒരുമിപ്പിക്കുന്നതില്‍ ഓണം വഹിക്കുന്ന പങ്ക് ചെറുതല്ല.

ലോകത്തെവിടെ മലയാളി ഉണ്ടെങ്കിലും അവിടെ ഓണമുണ്ട്. പ്രവാസിയായ മലയാളിയെയും മാവേലി സങ്കല്പത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം ഒരുപക്ഷെ സ്വന്തം നാട്ടില്‍ ജീവിച്ചു മതിവരാതെ നാടുകടക്കേണ്ടിവന്ന അവസ്ഥ തന്നെയായിരിക്കണം.
ഉത്തരാധുനികതയുടെ ജീവിതപ്പാച്ചിലില്‍ ഉത്രാടപ്പാച്ചിലിനും, തിരുവോണത്തിനും, ആചാരങ്ങളുടെ തനിമയ്ക്കുമെല്ലാം മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു. പ്രവാസികളുടെ ഓണമെന്ന സങ്കല്പം സദ്യയിലേക്കും, തിരുവാതിര കളിയിലേക്കും ചുരുങ്ങുമ്പോഴും, ആഘോഷങ്ങള്‍ ലഹരിയില്‍ ഒതുങ്ങുമ്പോഴും, ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ജനകീയനായി ജീവിച്ച ജനാധിപത്യ വാദിയായ ഒരു മാവേലിയെ മനസ്സിലെവിടെയോ സൂക്ഷിക്കുവാന്‍ കഴിയുന്നു എന്നത് വര്‍ത്തമാനകാലത്തും പ്രവാസി മലയാളിയുടെ സ്വപ്നങ്ങള്‍ക്ക് നിറവും പ്രതീക്ഷയും പകരുന്നുണ്ട്. പ്രവാസിയില്‍ പ്രവൃത്തിക്കുന്ന ആ നിഷ്‌കളങ്കമായ മാവേലി മനസ്സു തന്നെയാകാം ഓണം മലയാളക്കരയെക്കാള്‍ മനോഹരമായി ഞങ്ങളാണ് ആഘോഷിക്കുന്നതെന്ന അതിവാദം ഓരോ പ്രവാസിയെക്കൊണ്ടും അഭിമാനപൂര്‍വ്വം പറയിപ്പിക്കുന്നതും!

ഏതെങ്കിലും ഒരു മതത്തിന്റെയോ, ദേശത്തിന്റെയോ, ഭാഷയുടെയോ, മാത്രമായി നിലനില്‍ക്കാന്‍ കഴിയാതെ എല്ലാവര്‍ക്കും പങ്കുചേരുവാന്‍ ഇടമുള്ള പ്രകൃതിയുടേതായ ഉത്സവമായി ഏകദേശം രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി നമ്മോടൊപ്പം നിലല്‍ക്കുകയാണ് ഓണം എന്ന സങ്കല്പം. വൈലോപ്പിള്ളി ശ്രീധരമേനോന്‍ സൂചിപ്പിക്കുന്നതുപോലെ ഒരിക്കലും അവസാനിക്കുവാന്‍ പാടില്ലാത്തതായ ഒരു സ്വപ്നമായി ഓണം ഒട്ടനവധി പുരുഷായുസ്സിനുമപ്പുറം നിലനില്‍ക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ ഉത്ഭവം മുതല്‍ തന്നെ പ്രകൃതിയോടും പൂക്കളോടുമെല്ലാം പുലര്‍ത്തിവന്ന ആദിമമായ സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരു ചെറിയ ചെപ്പിനകത്താക്കി പുതു തലമുറയ്ക്ക് കൈമാറുവാന്‍ ഓണം എന്ന ഐതിഹ്യത്തെ മലയാളിക്ക് കൂടെ കൊണ്ടുനടന്നെ മതിയാകൂ.

‘നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ
മാളിയോരോണപ്പൊന്‍ കിരണങ്ങള്‍’ –

‘ഓണപാട്ടുകാര്‍’ (വൈലോപ്പിള്ളി)

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊള്ളുന്നു

 


ഹരിഗോവിന്ദ്
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് ഐരാപുരത്ത് ജനനം. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ബക്കിങ്ഹാംഷെയറില്‍ എയ്ല്‍സ്ബറിയില്‍ താമസം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (NHS) ബിസിനസ്സ് ഇന്റലിജിന്‍സ് മാനേജരായി ജോലി ചെയ്യുന്നു. UK correspondent ആയി ടീവീ ചാനലുകളിലും പത്രമാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സിനിമ, കവിത, സാഹിത്യം എന്നിവ ഇഷ്ട മേഖലകളാണ്.