ന്യൂസ് ഡെസ്ക്, മലയാളം യുകെ
മകൻറെ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ഒരാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു . കാർമാർത്തൻഷെയറിലെ ബറി പോർട്ടിൽ നിന്നുള്ള 50 കാരനായ റിച്ചാർഡ് ജോൺസിനെ സ്വാൻസി ക്രൗൺ കോടതിയാണ് കൊലപാതകക്കുറ്റത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് . ജോൺസിന് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത് . ഇയാൾ കുറഞ്ഞത് 20 വർഷം തടവ് അനുഭവിക്കണം.
2024 ജൂലൈ 5 ന് കാർമാർത്തൻഷെയറിലെ ലാനെല്ലിയിലെ ഒരു വീടിന്റെ അടുക്കളയിലെ തറയിൽ നഗ്നയായി കിടക്കുന്ന നിലയിൽ ആണ് സോഫി ഇവാൻസിന്റെ മൃതദേഹം കണ്ടെത്തിയത് . തുടർ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ഇവാൻസ് തൻറെ കുട്ടികളെ സ്കൂളിൽ കൊണ്ടുപോയി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ പ്രതി അവളുടെ വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.
വിചാരണവേളയിൽ ജോൺസ് അവളെ ആക്രമിച്ചതായി സമ്മതിച്ചെങ്കിലും കൊലപാതക കുറ്റം നിഷേധിച്ചിരുന്നു. കൊല്ലപ്പെട്ട ഇവാൻസും മകനും തന്നെ സാമ്പത്തികമായി മുതലെടുക്കുകയായിരുന്നു എന്നും അയാൾ ആരോപിച്ചു. ജോൺസിന്റെ മാനസികാരോഗ്യത്തെ കുറിച്ച് പ്രതിഭാഗം ആശങ്ക ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് രണ്ട് മനോരോഗ വിദഗ്ധരിൽ നിന്നുള്ള തെളിവുകൾ ഉൾപ്പെടെ കേട്ട ശേഷം ജൂറി ആ അവകാശവാദം നിരസിക്കുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. ജൂറിയിൽ ഹാജരാക്കിയ തെളിവുകൾ റിച്ചാർഡ് ജോൺസ് തന്റെ ക്രൂരമായ പ്രവൃത്തികൾക്ക് പൂർണ്ണ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്ന് തെളിയിച്ചതായി ശിക്ഷ വിധിച്ചതിന് ശേഷം സീനിയർ ക്രൗൺ പ്രോസിക്യൂട്ടർ അബുൽ ഹുസൈൻ പറഞ്ഞു.
Leave a Reply