ഏറ്റുമാനൂരിലെ കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേൽ വീട്ടിൽ 49 കാരിയായ ജെസി സാം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . കൊലപാതകം നടത്തിയതിന് ഭർത്താവ് സാം കെ. ജോർജ് (59) മൈസൂരിൽ നിന്ന് അറസ്റ്റിലായി. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഇറാനിയൻ യുവതിയും പൊലീസ് കസ്റ്റഡിയിൽ ആണ്. സാമിന് മറ്റു സ്ത്രീകളുമായി ഉള്ള ബന്ധം ജെസി ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കവും കൊലപാതകവും ഉണ്ടായതെന്ന് പോലീസ് പറഞ്ഞു .
ഒരു ഐ.ടി പ്രൊഫഷണലായ സാം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിയുമാണ്. ഈ കോഴ്സിലെ സഹപാഠിയാണ് ഇറാനിയൻ യുവതിയെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റംബർ 26-ന് രാത്രി, കാണക്കാരിയിലെ വീട്ടിലെ സിറ്റൗട്ടിൽ സാം-ജെസി ദമ്പതികളിൽ വാക്കുതർക്കം ഉണ്ടായപ്പോൾ, സാം കൈയിൽ കരുതിയ മുളക് സ്പ്രേ ജെസിക്കു നേരെ ഉപയോഗിച്ചു. തുടർന്ന് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി തോർത്ത് ഉപയോഗിച്ച് വായും മൂക്കും മൂടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു .
കൊലപാതകത്തിന് ശേഷം സാം മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി 1 മണിയോടെ ചെപ്പുകുളം വ്യൂ പോയിന്റിലെ കൊക്കയിൽ തള്ളിയ ശേഷം മൈസൂരിലേക്കു രക്ഷപ്പെട്ടു. കൊലപാതകത്തിന് 10 ദിവസം മുമ്പ് ഇയാൾ സ്ഥലത്തെ സ്ഥിതിഗതികൾ മുൻകൂട്ടി പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു . ദമ്പതികൾക്ക് 25, 23 വയസ്സുള്ള രണ്ട് മക്കളും 28 വയസ്സുള്ള ഒരു മകളും ആണ് ഉള്ളത് . എല്ലാവരും വിദേശത്താണ് . അമ്മയെ ഫോൺ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്ന് മക്കൾ നൽകിയ പരാതിയിൽ നിന്നാണ് കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചതും ഞെട്ടിക്കുന്ന വിവരണങ്ങൾ പുറത്തു വന്നതും .
Leave a Reply