തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി പീഡന കേസ് സിബിഐക്ക് കൈമാറി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംഭവത്തില്‍ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ ഇന്നും പ്രതിഷേധങ്ങള്‍ നടന്നു.

പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. ചെന്നൈയിലും ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലടക്കം പ്രതിഷേധമുയര്‍ന്നു. ഗുണ്ടാ നിയമം മാത്രം ചുമത്തി പ്രതികളെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നെന്നാണ് പ്രധാന ആരോപണം. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പ്രതിഷേധങ്ങള്‍ക്ക് അയവില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ അന്വേഷണം വേണമെന്നാണ് ആവശ്യം.

സിബിസിഐഡിയാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്നത്. പ്രതികളെ നാട്ടുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. നൂറോളം യുവതികളെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.