ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
സ്കോട്ലൻഡ് :- സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത് കൊലപാതക കുറ്റങ്ങളിൽ സംശയിക്കപ്പെടുന്ന ഫ്രഞ്ച് അഭയാർഥി അല്ല എന്ന് പോലീസ് നിഗമനം. അഞ്ച് കൊലപാതക കുറ്റങ്ങളിൽ സംശയിക്കപ്പെടുന്ന അൻപത്തിയെട്ടുകാരനായ സേവ്യർ ഡ്യൂപോണ്ട് എന്നയാളാണെന്ന നിഗമനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലണ്ടനിലെ ഇന്റർപോൾ വക്താക്കളാണ് പാരിസിൽ നിന്നും ഗ്ലാസ്ഗോയിലേക്കുള്ള വിമാനത്തിൽ സേവ്യർ ഉണ്ടെന്നുള്ള വിവരം നൽകിയത് എന്ന് ഫ്രഞ്ച് ഉന്നത അധികാരികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെ തുടർന്നാണ് ഗ്ലാസ്ഗോ വിമാനത്താവളത്തിൽ വച്ച് സ്കോട്ടിഷ് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
2011 മുതൽ ഫ്രഞ്ച് പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയാണ് സേവ്യർ. ഭാര്യയുടെയും നാല് മക്കളുടെയും ജഡം വീടിന്റെ ടെറസിൽ കുഴിച്ചുമൂടിയ ശേഷം ഒളിവിൽ പോയ വ്യക്തിയാണ് സേവ്യർ. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടത് വടക്ക് കിഴക്കൻ പാരീസിൽ താമസിക്കുന്ന പോർച്ചുഗീസുകാരനായ ഗൈ ജോയാഒ ആണെന്ന് പിന്നീട് പോലീസ് കണ്ടെത്തി. രാത്രിമുഴുവൻ കസ്റ്റഡിയിലെടുത്ത ഇയാളെ ഡിഎൻഎ പരിശോധനയ്ക്കും ഫിംഗർ പ്രിന്റ് ടെസ്റ്റിനും ശേഷമാണ് വിട്ടയച്ചത്.
പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ സ്കോട്ട്‌ലൻഡ് പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ വിട്ടയക്കുന്നതായി അറിയിച്ചു. ഫ്രഞ്ച് പോലീസ് പുറത്തിറക്കിയ വാറണ്ടിനെ തുടർന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എന്നാൽ പോലീസിനെതിരെ ധാരാളം ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ലണ്ടനിൽനിന്നുള്ള വിവരത്തെ തുടർന്നാണ് ഫ്രഞ്ച് അധികാരികൾ ഉത്തരവിട്ടതെന്ന ആരോപണവുമുണ്ട്. എന്നാൽ ഈ ആരോപണങ്ങളോടെ പ്രതികരിക്കുവാൻ സ്കോട്ട്‌ലൻഡ് പോലീസ് ഉദ്യോഗസ്ഥർ വിസമ്മതിച്ചു.
Leave a Reply