ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാം ഷെയറിലെ വെതർ സ്പൂൺസ് പമ്പിൽ നിന്ന് ക്യാൻസർ ചാരിറ്റിക്ക് വേണ്ടി ശേഖരിച്ച പണം മോഷ്ടിച്ചയാൾ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. പമ്പ് തകർത്ത് മാനേജരെ ഭീഷണിപ്പെടുത്തി മൂന്ന് കുട്ടികളുടെ ക്യാൻസർ ചാരിറ്റി കളക്ഷനുകൾ ആണ് ജോനാഥൻ ബ്ലണ്ടൽ എന്നയാൾ മോഷ്ടിച്ചത് . വെതർസ്പൂൺ പമ്പിൻ്റെ മാനേജർ ചാരിറ്റി ബോക്സുകൾ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ എൻറെ കൈയ്യിൽ കത്തിയുണ്ടെന്ന് ഭീഷണിപ്പെടുത്തുകയാണ് മോഷ്ടാവ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 2:30നാണ് സംഭവം നടന്നത്.
ചാരിറ്റി ബോക്സുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിയത് നിന്ദ്യമാണെന്ന് കോടതി പറഞ്ഞു. നോട്ടിംഗ്‌ഹാം മജിസ്‌ട്രേറ്റ് കോടതി ബ്ലണ്ടലിന് ഏഴു മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. ഒരിടത്തും സ്ഥിരതാമസമില്ലാത്ത മോഷ്ടാവ് ജനൽ തകർത്ത് പമ്പിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു ചെയിൻ ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്ന കളക്ഷൻ ബോക്സുകൾ 35 കാരനായ പ്രതി പൊട്ടിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് മണിക്കൂറുകൾക്കകം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ആണ് അതിക്രമിച്ചു കയറിയതെന്ന് ഇയാൾ സമ്മതിച്ചു. കസ്റ്റഡിയിൽ ഉള്ളപ്പോൾ ഒരു പോലീസുകാരനെതിരെ വംശീയാധിക്ഷേപം നടത്തുന്ന രീതിയിൽ സംസാരിച്ചതായും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.
Leave a Reply