ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ ടെസ്റ്റ് കിറ്റുകൾ പരിശോധിക്കണമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ. ആളുകൾ ഡേറ്റുകൾ കഴിഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ ഉപയോഗിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചത്. കാലഹരണപ്പെട്ട ഇത്തരം ടെസ്റ്റുകളുടെ ബഫർ ലിക്വിഡിൽ വരുന്ന മാറ്റം ഫലപ്രാപ്തിയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. യുകെയിലുടനീളം കോവിഡിൻെറ പുതിയ JN.1 സബ് വേരിയന്റിന്റെ കേസുകൾ കുതിച്ചുയരുകയാണ്.

2022 ഏപ്രിലിന് മുൻപായി സർക്കാർ നൽകുന്ന സൗജന്യ കിറ്റുകൾ അവയുടെ എസ്‌പിരി ഡേറ്റുകൾ അടുത്തവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദഗ്ധർ തങ്ങളുടെ ആശങ്ക പങ്കുവച്ചത്. ലോകം മുഴുവൻ കടുത്ത ആഘാതം ചെലുത്തിയ കോവിഡ് വേരിയന്റായ ഒമൈക്രോണിന്റെ പിൻഗാമിയാണ് JN.1. ഇവയുടെ കേസുകൾ രാജ്യത്ത് ഉയരുന്ന സാഹചര്യത്തിൽ കാലഹരണപ്പെട്ട ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നത് സാഹചര്യം ഗുരുതരമാക്കും.

പരിശോധനാ സാമഗ്രികൾ പഴക്കം ചെല്ലുന്തോറും പ്രകടനത്തെയും ഫലങ്ങളെയും ബാധിക്കുമെന്ന് വാർ‌വിക്ക് സർവകലാശാലയിലെ പ്രൊഫസർ ലോറൻസ് യംഗ് പറഞ്ഞു. അതുകൊണ്ട് തന്നെ ജനങ്ങൾ തങ്ങളുടെ ലാറ്ററൽ ഫ്ലോ കിറ്റുകളുടെ എസ്‌പിരി ഡേറ്റുകൾ നോക്കിയതിന് ശേഷം മാത്രം ഉപയോഗിക്കാനും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ടെസ്റ്റ് കിറ്റുകൾ ഉപയോഗിക്കുമ്പോൾ നെഗറ്റീവ് ടെസ്റ്റ് ഫലം കാണിച്ചാലും അത് യഥാർത്ഥത്തിൽ നെഗറ്റീവ് ആണെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.