സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വാട്സാപ് ഗ്രൂപ്പ് അഡ്മിൻ കൂടിയായ കോട്ടയ്ക്കൽ കുറ്റിപ്പാല സ്വദേശി അബ്ദുൽ നാസറിനെ (32) അറസ്റ്റ് ചെയ്തു. കേസിൽ ഒൻപതാം പ്രതിയാണ് നാസർ. കഴിഞ്ഞ 28ന് പുലർച്ചെയാണ് മോഷണം ആരോപിച്ച് കുറ്റിപ്പാല ക്ലാരി പണിക്കർപടിയിലെ പൂഴിത്തറ മുസ്‌തഫയുടെ മകൻ മുഹമ്മദ് സാജിദി(23)നെ കെട്ടിയിട്ടത്.
ഈ ചിത്രങ്ങൾ അബ്ദുൽ നാസർ അഡ്മിനായിട്ടുള്ള വാട്സാപ് ഗ്രൂപ്പിലൂടെയാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയെന്നും കേസിലെ ഒന്നാം പ്രതിയായ സഹീറാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇവ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിൽ മനംനൊന്ത് സാജിദ് ആത്മഹത്യ ചെയ്തെന്നാണ് കേസ്.
ഇന്നലെ കുറ്റിപ്പാലയിലെ വീട്ടിൽനിന്നാണ് അബ്ദുൽ നാസറിനെ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും രണ്ട്, മൂന്ന് പ്രതികളായ മൊയ്തീൻ, ഷഹീം എന്നിവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒൻപത് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ സഹീറിന്റെ സഹോദരനാണ് അബ്ദുൽ നാസർ. തിരൂർ ഡിവൈഎസ്പി ടി.ബിജു ഭാസ്കർ, സിഐ അബ്ദുൽ ബഷീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.